കർഷകരുടെ പ്രശ്നം ആരോടുപറയാൻ
വേലാശ്വരം : നാടിനുവേണ്ടി 'മധുരം' വിളയിച്ചെടുത്ത കർഷകർ വിളവെടുപ്പുകാലത്ത് കയ്പുനീര് കുടിക്കുന്നു. അജാനൂർ വേലാശ്വരം പ്രദേശത്തെ മധുരക്കിഴങ്ങ് കൃഷി നടത്തിയ കർഷകരാണ് ഉത്പന്നം വിറ്റഴിക്കാനാകാതെ പരക്കംപായുന്നത്. പൊതുവിപണയിൽ കിലോക്ക് 60-80 രൂപവരെയാണ് മധുരക്കിഴങ്ങിന്റെ വില. എന്നാൽ, മൊത്തവ്യാപാരികൾ കൃഷിക്കാർക്ക് പരമാവധി നൽകുന്നത് 40 രൂപവരെയാണ്.
വിറ്റ കിഴങ്ങിന്റെ വില മാസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് പലപ്പോഴും കർഷകർക്ക് ഘട്ടംഘട്ടമായി കിട്ടുന്നത്. വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ കർഷകർക്ക് ഈ ഇടവേള വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. പലപ്പോഴും മുൻകൂർ തീരുമാനിച്ച വില മുഴുവനായും കിട്ടാറില്ലെന്നും കർഷകർ പരാതിപ്പെടുന്നു. അതിനാൽ ഇത്തവണ ആവശ്യക്കാർക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് കിഴങ്ങ് വിറ്റഴിക്കാനുള്ള ശ്രമമാണ് കർഷകർ നടത്തുന്നത്.
എന്നാൽ, പ്രതീക്ഷിച്ച വില്പന നടക്കുന്നില്ലെന്ന പരിഭവത്തിലാണ് കർഷകർ. വാർഡ് ഗ്രൂപ്പുകളിലെ വീട്ടുകാർക്ക് അഞ്ചുകിലോ മുതലുള്ള തൂക്കം കണക്കാക്കിയാണ് കർഷകർ ഇപ്പോൾ വില്പന നടത്തുന്നത്. ഒന്നിച്ചുവിളവെടുക്കുന്നതിനു പകരം ആവശ്യാനുസരണം കിളച്ചെടുത്താണ് വില്പന നടത്തുന്നത്. ഇവിടെയുള്ള ഏക്കറുകണക്കിന് ചരൽപ്പാടങ്ങളിൽ കാലങ്ങളായി മധുരക്കിഴങ്ങ് കൃഷി നടത്തുന്നവരാണ് പരമ്പരാഗത കർഷകരെല്ലാം.
കക്കിരി, വെള്ളരി, പച്ചക്കറി കൃഷിക്കൊപ്പമാണ് വിപുലമായ തോതിൽ മധുരക്കിഴങ്ങും കൃഷിചെയ്യുന്നത്. തീർത്തും മഴയെ ആശ്രയിച്ചാണ് ഇവിടെ കൃഷിനടക്കുന്നത്. ഇത്തവണ കൃഷിയുടെ തുടക്കംമുതൽതന്നെ മഴയിൽ സംഭവിച്ച ഏറ്റക്കുറച്ചിൽ കടുത്ത പ്രതിസന്ധിയാണ് കൃഷിയിൽ ഉണ്ടാക്കിയത്. നടീൽമുതലുള്ള മുഴുവൻ കൃഷിപ്പണികളും തകിടം മറിഞ്ഞ നിലയിലായിരുന്നു. ഇടക്കാലത്ത് ആഴ്ചകളോളം മഴ മാറിനിന്നതും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
ഒടുവിൽ വിളവെടുപ്പ് വേളയിൽ ഉണ്ടായ വില്പനപ്രതിസന്ധിയുമായപ്പോൾ കർഷകർ തീർത്തും നിരാശയിലാണ്. കാലാവസ്ഥ വ്യതിയാനം, കൃഷിഭൂമിയുടെ തരംമാറ്റൽ എന്നിവയ്ക്കു പുറമെ, ഇടനിലക്കാരുടെ ചൂഷണംകൂടിയായപ്പോൾ ഓരോ വർഷവും കൃഷിചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. കൃഷിവകുപ്പിന്റെ കാര്യമായ ഒരു സഹായവും കർഷകർക്ക് ലഭിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നു.
Published: 06 Oct 2026, 04:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented