കടുവയുടെ ആക്രമണത്തിനിരയായി മരിച്ചവരുടെ വീടുകളിൽ മന്ത്രിയെത്തി
ഗൂഡല്ലൂർ : ഗൂഡല്ലൂരിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കടുവയെ ഏതുവിധേനയും പിടികൂടാൻ നിർദേശം നൽകിയതായി സംസ്ഥാന വനംവകുപ്പ് മന്ത്രി ആർ.വി. രഞ്ജിത്ത്കുമാർ പറഞ്ഞു. ഗൂഡല്ലൂരിലെത്തിയ മന്ത്രി ഇതുസംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്തതിനുശേഷം സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രദേശത്ത് ഭീതിവിതച്ച കടുവയെ പിടികൂടാൻ കഴിയാത്തത് വീഴ്ചയാണ്. ഉദ്യോഗസ്ഥർ ഏതുവിധേനയും നടപടികൾ ത്വരപ്പെടുത്തണമെന്ന് നാടുകാണി ജീൻപൂളിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി നിർദേശിച്ചു.
ഓവേലി ലാറൻസ്റ്റണിലെ പ്രദേശത്തെത്തിയ മന്ത്രി കടുവയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ബാലകൃഷ്ണന്റെയും രവിചന്ദ്രന്റെയും കുടുംബങ്ങളെ സന്ദർശിച്ച് സഹായധനം വിതരണംചെയ്തു. പ്രദേശത്ത് വീടിനുള്ളിൽ കഴിയേണ്ടിവരുന്ന കുടുംബങ്ങൾക്ക് അവശ്യവസ്തുക്കളും മന്ത്രി വിതരണംചെയ്തു.
കളക്ടർ ലക്ഷ്മി ഭവ്യതണീരു, ഗൂഡല്ലൂർ ഡി.എഫ്.ഒ. പി. ദേവരാജ്, ഗൂഡല്ലൂർ ആർ.ഡി.ഒ. ഗുണശേഖരൻ, മുൻ എം.എൽ.എ. പൊൻജയശീലൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അതിനിടെ, രണ്ടുപേരെ കൊന്നുതിന്ന കടുവ ഗൂഡല്ലൂർ നഗരത്തിനടുത്തുണ്ടെന്ന സൂചനയിൽ മേലെ ഗൂഡല്ലൂരിൽ തിരച്ചിൽ ഊർജിതമാക്കി. കടുവയെ മുതുമലക്കാടിനടുത്ത പ്രദേശങ്ങളിൽ തിരയുന്നതിനിടയിലാണ് വ്യാഴാഴ്ച കടുവയുടെ സാന്നിധ്യം ഗൂഡല്ലൂർ നഗരത്തിൽനിന്ന് രണ്ടരക്കിലോമീറ്റർ മാത്രം അകലെയായി മേൽഗൂഡല്ലൂരിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ വനപാലകർ കണ്ടെത്തിയത്.
ഇതോടെ ഏറുമാടം കെട്ടി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കടുവ ഇറങ്ങാൻസാധ്യതയുള്ള പ്രദേശത്ത് ക്യാമറകളും 13 കൂടുകളുമൊരുക്കിയിട്ടുണ്ട്.
Published: 12 Sept 2026, 02:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented