കോഡൂരിലെ ‘ആശ്വാസ് 2026’ പദ്ധതി

To advertise here,

ചട്ടിപ്പറമ്പ് : കോഡൂർ പഞ്ചായത്തിന്റെ ‘ആശ്വാസ് 2026’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സമഗ്ര ആരോഗ്യസ്ഥിതി വിവരശേഖരണത്തിന് തുടക്കമായി.

മാരകരോഗങ്ങൾ ബാധിച്ച് സ്ഥിരമായി ചികിത്സതേടിക്കൊണ്ടിരിക്കുന്നവർക്കും രോഗികളെ പരിചരിക്കുന്നവർക്കും അർഹമായ സാമ്പത്തികാനുകൂല്യം ഉറപ്പാകാനുദ്ദേശിച്ചാണ് ‘ആശ്വാസ് 2026’ പദ്ധതി നടപ്പാക്കുന്നത്.കാൻസർ രോഗികൾക്ക് പ്രതിമാസം നൽകിയിരുന്ന 1000 രൂപ, 2000 രൂപയായും കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള ആശ്വാസകിരണം പദ്ധതി സഹായം 600 രൂപ, 1000 രൂപയായും ഡയാലിസിസ് രോഗികൾക്കുള്ള സഹായം 1100 രൂപയും ഇപ്പോൾ വർധിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രോഗികൾക്കും കുടുംബാംഗങ്ങൾക്കും പദ്ധതികളെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തതിനാലും വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ആവശ്യമായ സാക്ഷ്യപത്രങ്ങളും രേഖകളും തയ്യാറാക്കാനുള്ള പ്രയാസവും കാരണം പലരും ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാറില്ല.ഇതിന് പരിഹാരമായി അർഹരായ എല്ലാവർക്കും സാമ്പത്തികസഹായം ലഭ്യമാക്കാനുള്ള ഒരു സാമൂഹിക ഇടപെടലാണ് പഞ്ചായത്ത് ഭരണസമിതി ‘ആശ്വാസ് 2026’ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഈ വിഭാഗത്തിലുള്ള കുടുംബങ്ങളിൽ വെള്ള, നീല റേഷൻ കാർഡുള്ളവരുണ്ടെങ്കിൽ അവരുടെ അർഹതയ്ക്ക് അനുസരിച്ച് ബി.പി.എൽ. റേഷൻ കാർഡ് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.അർഹരായവരെ കണ്ടത്തുന്നതിനായി ആശ വർക്കർമാരുടെയും കുടുംബശ്രീ അയൽകൂട്ടാംഗങ്ങളുടെയും സഹകരണത്തോടെ സമഗ്ര ആരോഗ്യസ്ഥിതി വിവരശേഖരണം നടത്തും.

തുടർന്ന് ഗുണഭോക്താക്കളുടെ പട്ടിക വാർഡുതലത്തിൽ തയ്യാറാക്കി അവർക്ക് ആവശ്യമായ സാക്ഷ്യപത്രങ്ങളും രേഖകളും ലഭ്യമാക്കുന്നതിനും അപേക്ഷ സമർപ്പണത്തിനും പ്രാദേശികാടിസ്ഥാത്തിൽ അദാലത്തുകൾ നടത്തും.റവന്യൂ, ആരോഗ്യം, സാമൂഹികനീതി, തദ്ദേശസ്വയംഭരണം, പൊതുവിതരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ അദാലത്തിൽ പങ്കെടുക്കും. പഞ്ചായത്തംഗങ്ങളുടെ മേൽനോട്ടത്തിൽ തുടർപ്രവർത്തനങ്ങൾ നടത്തി, അർഹരായ എല്ലാവർക്കും സാമ്പത്തികാനൂകൂല്യം ലഭ്യമാക്കും.മറ്റു ക്ഷേമപെൻഷനുകൾ ലഭിക്കുന്നവർക്കും ഈ പ്രത്യേക സാമ്പത്തികസഹായത്തിന് അർഹതയുണ്ടെന്നതിനാൽ പരമാവധിപേർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതി ‘ആശ്വാസ് 2026’ നടപ്പാക്കുന്നത്.സമഗ്ര വിവരശേഖരണത്തിനുള്ള ഫോറം കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.കെ. സുചിത്ര, പി. ശോഭന എന്നിവർക്ക് കൈമാറി പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി പദ്ധതിപ്രവർത്തനത്തിന് തുടക്കംകുറിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ മച്ചിങ്ങൽ മുഹമ്മദ്, ഡോ. സജ്‌നാമോൾ ആമ്യൻ, പഞ്ചായത്തംഗങ്ങളായ തറയിൽ യൂസുഫ് എന്ന മാനു, പി.കെ. ഫാസിൽകരീം, നജ്മ കിളിയണ്ണി, സി.എച്ച്. മാരിയത്ത്, റംസീന കളപ്പാടൻ, പി.പി. ഷഹാന ഷെറിൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി.എച്ച്. മുഹ്‌സിന തുടങ്ങിയവർ പങ്കെടുത്തു.