പനമരം : കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടെ നെൽപ്പാടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടവും. പനമരം പഞ്ചായത്തിലെ 17-ാം വാർഡായ കൈപ്പാട്ടുകുന്നിലെ പാലൂർക്കുന്ന് പാടശേഖരത്തിലെ നെൽപ്പാടങ്ങളിലാണ് കർഷകരെ ദുരിതത്തിലാക്കി കാട്ടുപന്നി ശല്യം രൂക്ഷമാകുന്നത്. രാത്രിയിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വയൽവരമ്പുകൾ വ്യാപകമായി കുത്തിമറിക്കുകയാണ്. ഇതോടെ കൃഷിയിടത്തിലെ വെള്ളം ഒഴുകിപ്പോയി വയലുകൾ വരണ്ടുണങ്ങുന്ന സ്ഥിതിയാണ്.

To advertise here,

കടുത്ത വേനലിന് ആശ്വാസമായി കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയിൽ പാടശേഖരങ്ങളിൽ കെട്ടിനിർത്തിയ വെള്ളമാണ് കാട്ടുപന്നികളുടെ ആക്രമണത്തെത്തുടർന്ന് നഷ്ടമാവുന്നത്. വയൽവരമ്പുകൾ തകർന്നതോടെ വെള്ളം പുറത്തേക്ക് ഒഴുകിപ്പോവുകയും പുഞ്ചക്കൃഷിക്ക് ആവശ്യമായ ജലലഭ്യത കുറയുകയുമാണ്. പാലൂർക്കുന്നിലെ പുളിക്കൽ സുരേഷ്, പി.ആർ. ശ്രീകുമാർ, ചെറുകുന്ന് എ.സി. ബാലഗോപാലൻ, എ.സി. രവീന്ദ്രൻ, പുന്നന്താനം ബിജു, കൈനിക്കര ജോൺ എന്നീ കർഷകരുടെ ആറ് ഏക്കറോളം വരുന്ന നെൽപ്പാടങ്ങളിലാണ് കാട്ടുപന്നി ശല്യം അധികരിച്ചിരിക്കുന്നത്. ജലസേചന പദ്ധതികളൊന്നുമില്ലാത്ത ഇവിലെ ഏറെ പണിപ്പെട്ടാണ് കർഷകർ ഇക്കുറി നാട്ടിപ്പണി നടത്തിയത്. ഇതിനിടെയാണ് കാട്ടുപന്നികൾ വില്ലന്മാരായെത്തുന്നത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം അടുത്ത കാലത്തായി വർദ്ധിച്ചെങ്കിലും ഇത്തരത്തിൽ പരാക്രമം നടത്തുന്നത് ആദ്യമാണെന്നാണ് കർഷകരായ ബാലഗോപാലനും രവീന്ദ്രനും പറയുന്നത്.

പാടശേഖരത്തിന് സമീപമുള്ള ജനവാസമില്ലാത്ത പറമ്പുകളിലെ കാടുകളിലാണ് കാട്ടുപന്നികൾ തമ്പടിച്ചിരിക്കുന്നതെന്ന് കർഷകർ പറയുന്നു. കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

കാട്ടുപന്നികളെ കൊന്നൊടുക്കുകയോ കൃഷിയിടങ്ങളിൽനിന്ന് തുരത്തുകയോ ചെയ്യുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണം. കൃഷിമന്ത്രി ടി. സിദ്ദിഖ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആശ്വാസകരമായ നടപടി ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.