കാഞ്ഞങ്ങാട് : ജില്ലാ ആസ്പത്രിയിൽ കിടത്തിച്ചികിത്സാസൗകര്യം കൂടിയെന്നല്ലാതെ അതിനനുസരിച്ച് ഡോക്ടർമാരോ മറ്റ് സ്റ്റാഫുകളോ ഇല്ലെന്ന് അധ്യക്ഷപ്രസംഗത്തിൽ എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ. കാത്ത്‌ലാബ് പ്രവർത്തിക്കത്തതുൾപ്പെടെയുള്ള പ്രശ്നങ്ങളെല്ലാം മന്ത്രി അറിയാൻ എന്നു പറഞ്ഞ് 'മാതൃഭൂമി'യിൽ വിശദമായി വന്നിട്ടുണ്ടെന്ന് സ്വാഗതം പറയവെ, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ. ഇരുവരും പറഞ്ഞ ഓരോ വിഷയങ്ങളുമെടുത്ത് പരിഹാരം പറഞ്ഞ് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ മറുപടി. ജില്ലാ വാക്സിൻ സ്റ്റോർ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. ഒരാഴ്ചയ്ക്കുള്ളിൽ കാത്ത് ലാബ് പ്രവർത്തനക്ഷമമാക്കും. ന്യൂറോളജിസ്റ്റിനെ നിയമിക്കും. സി.ടി. സ്കാൻ സംവിധാനമൊരുക്കും. വെറുതെ കിടക്കുന്ന മെഡിക്കൽ ഉപകരണങ്ങളെല്ലാം പ്രവർത്തിപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ജില്ലയിലെ എല്ലാ സർക്കാർ ആസ്പത്രികളിലും മികച്ച സേവനം ലഭ്യമാക്കും. കാസർകോടിന്റെ ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന നൽകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ മഹമൂദ് മുറിയനാവി, കൗൺസിലർ പി.വി. ചന്ദ്രൻ, സെവൻസ്റ്റാർ അബ്ദുള്ള, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യാ ദയാനന്ദൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എം. രാജേഷ്, ഡോ. കെ. മനീഷ്, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, സി.പി.ഐ. നേതാവ് എ. ദാമോദരൻ, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി കെ.എം. ചാക്കോ, ആർ.എസ്.പി. ജില്ലാ സെക്രട്ടറി ഹരീഷ് ബി. നമ്പ്യാർ, സി.എം.പി. ജില്ലാ സെക്രട്ടറി ടി.വി. ഉമേശൻ എന്നിവർ സംസാരിച്ചു.

To advertise here,

ഉദ്ഘാടനം പേരിനുമാത്രം

ജില്ലാ ആസ്പത്രികെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ വാക്സിൻ സ്റ്റോർ പുതിയകോട്ടയിലേക്കു മാറാൻ കാലതാമസമുണ്ടാകും. തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ. മുരളീധരൻ വാക്സിൻ സ്റ്റോർ ഉദ്ഘാടനം ചെയ്തെന്നുമാത്രമേയുള്ളൂ. ഒരു ഒരുക്കവും ഈ കെട്ടിടത്തിൽ നടത്തിയിട്ടില്ല. വൈദ്യുതികണക്ഷൻ പോലുമായില്ല. ഫർണിച്ചർ സംവിധാനമൊരുക്കണം. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ശീതികരണ ഉപകരണങ്ങളുണ്ട്. അതിനാൽ, ജനറേറ്റർ സംവിധാനമൊരുക്കണം. ഇതൊന്നും ഇവിടെയൊരുക്കിയിട്ടില്ല. എല്ലാതരം കുത്തിവെപ്പ് മരുന്നുകളുടെയും സൂക്ഷിപ്പുകേന്ദ്രമാണ് പുതിയകോട്ടയിലെ കെട്ടിടത്തിലേക്കുമാറുന്നത്. 225 ലിറ്റർ ശേഖരണശേഷിയുള്ള 15 ശീതീകരണ യന്ത്രമുണ്ട് വാക്സിൻ സ്റ്റോറിൽ.

രണ്ടാഴ്ചയ്ക്കുള്ളിൽ പണി പൂർത്തിയാക്കി വാക്സിൻ സ്റ്റോർ സംവിധാനം പൂർണമായും ഇവിടെ സജ്ജമാക്കാണമെന്നും സാധ്യമായില്ലെങ്കിൽ കാസർകോട്ടുകാർ തന്നെ വിളിച്ചറിയിക്കണമെന്നും മന്ത്രി മുരളീധരൻ ഉദ്ഘാടനപ്രസംഗത്തിൽ തുറന്നുപറയുകയും ചെയ്തു.

മന്ത്രിക്ക് പൊന്നാട

എയിംസ് സ്ഥാപിക്കാൻ അനുയോജ്യ ജില്ലകളുടെ പേര് നിർദേശിച്ചപ്പോൾ കാസർകോടിനെയും ഉൾപ്പെടുത്തിയ ആരോഗ്യമന്ത്രി കെ. മുരളിധരന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. വക പൊന്നാട. 210 ഏക്കർ അളന്ന് പെരിയയിൽ അനുയോജ്യ സ്ഥലമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. സ്ഥലം അളക്കാനും മറ്റു നടപടികൾക്കും കളക്ടറോട് നിർദേശിച്ചതടക്കമുള്ള കാര്യങ്ങൾ ആരോഗ്യമന്ത്രി ചെയ്തു.-ഉണ്ണിത്താൻ പറഞ്ഞു.