മന്ത്രി അറിയാൻ

To advertise here,

ഉദുമ : സംസ്ഥാന ടൂറിസം വകുപ്പിന്റെ കോടികൾ വെള്ളത്തിലാക്കിയ ബേക്കൽ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ അവശിഷ്ടങ്ങളെങ്കിലും ജില്ലയിലെത്തുന്ന ടൂറിസം മന്ത്രി കാണുമോ എന്ന് നാട്ടുകാർ ചേദിക്കുന്നു. ബേക്കൽ കോട്ടയുടെ മുന്നിൽ തുരുമ്പെടുക്കുന്ന വലിയ ജനറേറ്റർ കോടികൾ നഷ്ടമാക്കിയ ലൈറ്റ് ആൻഡ് ഷോയുടെ അവശേഷിപ്പുകളിലൊന്നാണ്.

മുൻ സർക്കാരിന്റെ കാലത്ത് വർഷങ്ങളോളം ഗവേഷണം നടത്തി നാലുകോടിയിലധികം മുടക്കി ബേക്കൽ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങിയിരുന്നു. ജർമൻ സാങ്കേതികവിദ്യ, ലോകോത്തര സംവിധായകൻ, ബാഹുബലി ടീം, ജയറാം, ഭാഗ്യലക്ഷ്മി തുടങ്ങിയവരുടെ ശബ്ദം, കഥ പറയാൻ വൃക്ഷം തുടങ്ങി വമ്പൻ സംവിധാനങ്ങളുമായി കോവിഡ് രണ്ടാം തരംഗത്തിനിടയിൽ ഉദ്ഘാടനം ചെയ്തു.

ടിക്കറ്റ് നിരക്കിന്റെ നിശ്ചിത ശതമാനം ബേക്കൽ കോട്ടയുടെ സൂക്ഷിപ്പുകാരായ കേന്ദ്ര പുരാവസ്തുവകുപ്പും സംസ്ഥാന വിനോദസഞ്ചാര വകുപ്പും പങ്കുവെക്കാനും തീരുമാനിച്ചിരുന്നു.

ജെൻസി കുട്ടികൾക്ക് ഇഷ്ടപ്പെടാത്ത രീതിയിൽ ആവിഷ്കരിച്ച പദ്ധതി തുടക്കത്തിൽത്തന്നെ പ്രതിസന്ധിയിലായി. രാത്രി ഏഴരയോടെ കോട്ടയുടെ ഉള്ളിൽ തുടങ്ങിയിരുന്ന പരിപാടി കാണാൻ മിക്കപ്പോഴും ഓപ്പറേറ്റർമാർ മാത്രമായി. അങ്ങനെ രണ്ടുമാസത്തിനുള്ളിൽ സംഗതി പൂട്ടിക്കെട്ടി വിനോദസഞ്ചാര വകുപ്പ് സ്ഥലംവിട്ടു. ​േപ്രാ​ജക്ടർ, ശബ്ദസംവിധാനം, കസേരകൾ തുടങ്ങിയവ ബേക്കൽ കോട്ടയുടെ കിഴക്കേമൂലയിലെ കെട്ടിടത്തിൽ ഉപേക്ഷിച്ചു. പരിപാടിക്കായി സ്ഥാപിച്ച ജനറേറ്റർ

ലൈറ്റ് ആൻഡ് ഷോയുടെ സ്മാരകമായി ഇപ്പോഴും ബേക്കൽ കോട്ടയുടെ മുന്നിൽ തുരുമ്പെടുക്കുന്നുമുണ്ട്.

പുതുതലമുറയെ ആകർഷിക്കുംവിധം (മൈസൂരു വൃന്ദാവനം മാതൃകയിൽ) സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ചന്ദ്രഗിരിക്കോട്ട പോലുള്ള സ്ഥലങ്ങളിൽ തുടങ്ങിയാൽ സംഭവം

വിജയിക്കുമെന്നാണ് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന യുവസംരംഭകരുടെ അഭിപ്രായം.

തർക്കത്തിൽ നശിച്ച ടൂറിസ്റ്റ് ബംഗ്ലാവ്

:ബേക്കൽ കോട്ടയുടെ ഉള്ളിൽ അപശകുനംപോലെ പൊട്ടിപ്പൊളിത്ത അതിഥിമന്ദിരമുണ്ട്. ബേക്കൽ കോട്ടയുടെ ഭൂമി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക്‌ കൈമാറുമ്പോൾ ടൂറിസം വകുപ്പ് ഈ ബംഗ്ലാവും ചുറ്റുവട്ടത്തുള്ള ഭൂമിയും ഒഴിവാക്കിയിരുന്നു. വിട്ടുകിട്ടണമെന്ന് എ.എസ്.ഐ.യും കൊടുക്കില്ലെന്ന് സംസ്ഥാന സർക്കാരും ബലം പിടിച്ചതോടെ ബംഗ്ലാവ് ഇടിഞ്ഞുപൊളിഞ്ഞു നശിച്ചു. ഇരുകൂട്ടരും തമ്മിലുള്ള തർക്കം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. വിട്ടുകിട്ടിയാൽ മ്യൂസിയവും ബേക്കലിന്റെ ചരിത്രവുമൊക്കെ വിവരിക്കുന്ന കേന്ദ്രമാക്കി മാറ്റാമെന്ന് എ.എസ്.ഐ. പറയുന്നുണ്ട്. ബേക്കൽ കോട്ടയിൽ ഉത്‌ഖനനം നടത്തിയപ്പോൾ കിട്ടിയ ചരിത്രവസ്തുക്കൾ ഇപ്പോൾ വെളിച്ചം കാണാത്ത അവസ്ഥയിലുണ്ട്.

പൊളിഞ്ഞു ബീച്ച്‌വ്യൂ റിസോർട്ട്

:ബേക്കൽ ബീച്ച് പാർക്കിനും ഒരു വർഷമായി പൂട്ടിയിട്ടിരിക്കുന്ന റെഡ് മൂൺ ബീച്ച് പാർക്കിനുമിടയിൽ കാട് കയറിയ സ്ഥലത്ത് കെ.ടി.ഡി.സി.യുടെ നശിച്ചുപോയ ബീച്ച് വ്യൂ റിസോർട്ടിന്റെ അസ്ഥികൂടം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. സഞ്ചാരികൾക്ക് താമസിക്കാൻ എട്ട് മരക്കുടിലുകളുംചില്ലുകളിട്ട ഓഫീസും അടുക്കളയും നടപ്പാതയും കാറ്റുകൊള്ളാൻ സൗകര്യവുമുള്ള ഈ കേന്ദ്രം കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരിക്കുമ്പോഴാണ് തുറന്നുകൊടുത്തത്.

ഉപ്പുകാറ്റ്, ചിതൽ, അഗ്നി എന്നിവയെ പ്രതിരോധിക്കുന്ന വിദേശ സാങ്കേതിക വിദ്യയുടെ പിൻബലം ഈ മരക്കുടിലുകൾക്കുണ്ടെന്ന് ഉദ്ഘാടന വേളയിൽ ബന്ധപ്പെട്ടവർ അവകാശപ്പെട്ടിരുന്നു. ബേക്കലിലെത്തുന്ന ഇടത്തരക്കാർ തങ്ങിയിരുന്ന സ്ഥാപനങ്ങൾ കോവിഡിനെത്തുടർന്ന് പൂട്ടിയിട്ടു. മഹാമാരി കഴിഞ്ഞപ്പോഴേക്കും അവകാശവാദങ്ങളെയെല്ലാം തള്ളി കുടിലുകൾ നിലംപൊത്തി. ബേക്കൽ ബീച്ച് പാർക്കിൽ സവാരിക്കായി കൊണ്ടുവന്ന ഒട്ടകം, കുതിരകളുടെ ഉടമസ്ഥരും കുടുംബാംഗങ്ങളും ഇപ്പോൾ ടെൻറ് കെട്ടി കെ.ടി.ഡി.സി. ബീച്ച് വ്യൂ റിസോർട്ട് ഓഫീസ് പരിസരത്ത് താമസിക്കുന്നുണ്ട്. കെ.ടി.ഡി.സി.യുടെ ഒരു സ്ഥിരം ജീവനക്കാരൻ കുറച്ചുനാൾ മുൻപ് വരെ ഉണ്ടായിരുന്നു.

ബി.ആർ.ഡി.സി.യിൽനിന്ന് 25 വർഷത്തേക്ക് പാട്ടത്തിനെടുത്ത രണ്ട് ഹെക്ട‌ർ ഭൂമിയിലെ മരക്കുടിലുകളാണ് അസ്ഥിപഞ്ജരമായി കിടക്കുന്നത്. ചരക്കുസേവന നികുതിയടക്കം പാട്ടത്തുകയും പഞ്ചായത്ത് ലൈസൻസ് തുകയുമെല്ലാം ടൂറിസം വകുപ്പ് പൊളിഞ്ഞ കുടിലുകൾക്ക്

നൽകുന്നുണ്ട്. ഓരോ ബീച്ച് ഫെസ്റ്റിവലിലും പങ്കെടുക്കാനെത്തുന്ന ഉന്നതാധികാരികൾ ഇവിടെ നവീകരണവും വിപുലീകരണവും ഇനിയുമുണ്ടാകുമെന്ന് പറഞ്ഞുപോയെങ്കിലും കോവിഡുകാലത്ത് കാട് കയറി നശിച്ച മരക്കുടിലുകൾ നാൾക്കുനാൾ തകർന്നുകൊണ്ടിരിക്കുകയാണ്.