കല്പറ്റ : റവന്യൂജില്ലാ കലോത്സവത്തിന്റെ പ്രചാരണാർഥം വിളംബരജാഥ സംഘടിപ്പിച്ചു. മുട്ടിൽ ടൗണിൽനിന്ന് ആരംഭിച്ച ജാഥ കലോത്സവ നഗരിയായ വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. ഒപ്പന, കോൽക്കളി, വട്ടപ്പാട്ട്, ദഫ്മുട്ട്, വട്ടക്കളി തുടങ്ങിയ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയായിരുന്നു ജാഥ സംഘടിപ്പിച്ചത്. മുട്ടിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വിദ്യാർഥികൾ ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.

To advertise here,

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ വിളംബരജാഥ ഫ്ളാഗ്‌ ഒാഫ് ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സ്ഥിരംസമിതി അധ്യക്ഷ സൽമ മോയി, ജില്ലാപഞ്ചായത്ത് അംഗം നസീമ, ഡി.ഡി.ഇ. ശശീന്ദ്രവ്യാസ്, ഹയർസെക്കൻഡറി കോഡിനേറ്റർ ഡോ. പി. അബ്ദുൽ ജലീൽ, നാസർ സഫുവാൻ, വെള്ളമുണ്ട മൻസൂർ, നിസാർ കമ്പ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അഷ്‌റഫ് കൊട്ടാരം, ജനറൽ സെക്രട്ടറി റഫീഖ് അനുഗ്രഹ തുടങ്ങിയവർ നേതൃത്വംനൽകി.

വെബ്‌സൈറ്റ് ഉദ്ഘാടനംചെയ്തു

റവന്യൂജില്ലാ കലോത്സവത്തിന്റെ സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. ഇന്ററാക്ടീവ് കാമ്പസ് മാപ്പിലൂടെ കാമ്പസിലെ വിവിധ കെട്ടിടങ്ങൾ, മത്സരവേദികൾ, ഭക്ഷണശാലകൾ, ശൗചാലയങ്ങൾ തുടങ്ങിയവ മുൻകൂട്ടി പരിചയപ്പെടാൻ സാധിക്കും. ഗൂഗിൾമാപ്പിന്റെ സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളിലേക്കുള്ള ദിശയും വഴിയും കണ്ടെത്തി പ്രധാനവേദികളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും.

ഓരോ വേദിയിലും നടക്കുന്ന മത്സരങ്ങളും നിലവിൽ അരങ്ങേറുന്ന പരിപാടികളും തത്സമയം അറിയാനുള്ള ലൈവ് സ്റ്റേജ് അപ്‌ഡേറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡൗൺലോഡ് മെനുവിലൂടെ ഓൺ സ്റ്റേജ്-ഓഫ് സ്റ്റേജ് മത്സരങ്ങളുടെ പ്രോഗ്രാം ലിസ്റ്റുകൾ ലഭിക്കും.

ഉദ്ഘാടനച്ചടങ്ങിൽ സിഡ്‌കോ ചെയർമാൻ ടി. മുഹമ്മദ്, വൈത്തിരി എ.ഇ.ഒ. ഡോ. കെ.ടി. അഷ്‌റഫ്, മുഹമ്മദ് ഷാ, സ്‌കൂൾ പ്രിൻസിപ്പൽ എൻ.യു. അൻവർ ഗൗസ്, സുൽത്താൻബത്തേരി നഗരസഭാ ചെയർപേഴ്‌സൺ റസീന അബ്ദുൽഖാദർ തുടങ്ങിയവർ സംബന്ധിച്ചു. www.wovhss.in എന്ന വിലാസത്തിൽ വെബ്‌സൈറ്റ് സന്ദർശിക്കാം. മുട്ടിൽ ഡബ്ള്യു.ഒ.വി.എച്ച്.എസ്. സ്‌കൂളിലെ സോഷ്യോളജി അധ്യാപകൻ പി.കെ. യസീർ ആണ് വെബ്‌സൈറ്റ് രൂപകല്പനചെയ്തത്.