കല്പറ്റ : ആദിവാസിസ്ത്രീയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച പട്ടികവർഗവകുപ്പ് ജീവനക്കാർക്കെതി​രേ നടപടിയെടുക്കുക, പിരിച്ചുവിട്ട മെന്റർ അധ്യാപകർക്ക് പുനർനിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആദിവാസി ക്ഷേമസമിതി (എ.കെ.എസ്.) ജില്ലാകമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി. സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ആദിവാസിസ്ത്രീയുടെ മൃതദേഹത്തോടുള്ള അനാദരവ് കേരളത്തിനാകെ അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ നടക്കുന്നതിന് സമാനമായ സംഭവം വയനാട്ടിൽ ഉണ്ടായിട്ടും പട്ടികവർഗ വകുപ്പോ, സർക്കാരോ നടപടിയെടുക്കാത്തത് മനുഷ്യത്വവിരുദ്ധമാണ് അദ്ദേഹം കുറ്റപ്പെടുത്തി.

To advertise here,

പിരിച്ചുവിട്ട ആദിവാസി മെന്റർ അധ്യാപകരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തുക, അധ്യാപകയോഗ്യതയുള്ളവരെ മെന്റർ ടീച്ചർമാരായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടർക്കും ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർക്കും എ.കെ.എസ്. ജില്ലാകമ്മിറ്റി നിവേദനവും നൽകി. എ.കെ.എസ്. ജില്ലാ പ്രസിഡന്റ് പി. വിശ്വനാഥൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി. വാസുദേവൻ, സീതാ ബാലൻ, കെ.എം. സിന്ധു, ഉഷ കേളു, കെ.വി. രാജൻ, ജില്ലാ സെക്രട്ടറി കെ.കെ. അച്ചപ്പൻ, സി.എം. സുമേഷ് എന്നിവർ സംസാരിച്ചു.