തലപ്പുഴ : തവിഞ്ഞാൽ പ്രദേശത്തെ ഫെയർവാല്യു പ്രശ്നം പരിശോധിക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ. തലപ്പുഴ ചുങ്കത്ത് നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

To advertise here,

ഭൂമിയുടെ ഫെയർവാല്യു അമിതമായി വർധിച്ചതിനാൽ ഭൂമി വിൽക്കുന്നതിനും കൈമാറ്റംചെയ്യുന്നതിനും പ്രയാസം നേരിടുന്നതായി ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന സർക്കാർ ആദ്യ ആറുമാസത്തിനിടെ സംസ്ഥാനത്ത് പന്ത്രണ്ടായിരത്തോളം പട്ടയങ്ങൾ വിതരണംചെയ്തു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന രണ്ടരലക്ഷത്തോളം അപേക്ഷകളിൽ 52,000 അപേക്ഷകൾ പരിഹരിച്ചു. വർഷങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് പട്ടയംലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കും. ഭൂമി സംബന്ധമായ സേവനങ്ങൾക്ക് ജനങ്ങൾ നിരന്തരം ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കി സമയബദ്ധമായും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഉഷാ വിജയൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കളക്ടർ വി. ചെൽസാസിനി, എ.ഡി.എം. കെ. അജീഷ്, സബ് കളക്ടർ അതുൽ സാഗർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, ജില്ലാപഞ്ചായത്തംഗം ലിസി ജോസ്, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷരായ ജോസഫ് മറ്റത്തിലാനി, എൽസി ജോയി, വി.കെ ശശികുമാർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ലൈജി തോമസ്, മുജീബ് റഹ്മാൻ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.