ചർച്ച തുടരും
ചിറ്റൂർ : ഒരുവശത്ത് ചിറ്റൂർപ്പുഴയിലെ നീരൊഴുക്ക് നിലയ്ക്കുന്നു. മറുവശത്ത് രണ്ടാംവിളയുടെ ഞാറ്റടി വെള്ളമില്ലാതെ കരിയുന്നു. ഇതിനിടെയാണ്, പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽനിന്ന് രണ്ട് ടി.എം.സി. വെള്ളമേ തരൂയെന്ന് തമിഴ്നാട് പറയുന്നത്. കരാർപ്രകാരമുള്ള മുഴുവൻ വെള്ളവും വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കയാണ് കേരളം. ഭാരതപ്പുഴയുടെ കൈവഴിയായ ചിറ്റൂർപ്പുഴയിൽ നീരൊഴുക്ക് നിലച്ചു. ഇതോടെ ചിറ്റൂരിലെ കിഴക്കൻമേഖലയിലെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. മഴയില്ലാത്തതും കനാൽ വെള്ളം ലഭിക്കാത്തതുമാണ് തിരിച്ചടിയായതെന്ന് മേഖലയിലെ കർഷകർ പറയുന്നു.
രണ്ടാംവിള ഞാറ്റടി തയ്യാറായിത്തുടങ്ങിയതോടെയാണ് വെള്ളമില്ലായ്മ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ഞാറ്റടി നനയ്ക്കാൻപോലും വെള്ളമില്ലാത്ത അവസ്ഥയാണ്. മുൻവർഷങ്ങളിൽ ഈസമയത്ത് പുഴയിൽ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ പലഭാഗത്തും പുഴയുടെ കര കാണാം.
മഴലഭ്യത കുറഞ്ഞതോടെ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി പഞ്ചായത്തുകളിലെ കർഷകർ കുഴൽക്കിണറിൽനിന്ന് വെള്ളം പമ്പുചെയ്താണ്
പച്ചക്കറിക്കൃഷിക്ക് ഉപയോഗിച്ചുവരുന്നത്. പുഴയുടെ തുടക്കത്തിലുള്ള ശുദ്ധജല പദ്ധതികൾക്ക് ഇപ്പോൾ വെള്ളമില്ലാത്ത അവസ്ഥയാണ്.
വെള്ളമുണ്ടായിട്ടും തമിഴ്നാട് തരുന്നില്ലെന്ന് ആക്ഷേപം
പറമ്പിക്കുളം-ആളിയാർ പദ്ധതിയിലെ ഡാമുകളിൽ വെള്ളമുണ്ടായിട്ടും ചിറ്റൂർപ്പുഴപദ്ധതി പ്രദേശത്തേക്ക് തമിഴ്നാട് വെള്ളം വിട്ടുനൽകുന്നില്ലെന്ന് പദ്ധതി ഉപദേശകസമിതി അംഗങ്ങളും മേഖലയിലെ കർഷകരും ആരോപിക്കുന്നു. നവംബർ 17 വരെയുള്ള കണക്കുപ്രകാരം പദ്ധതിയിലെ ഡാമുകളിൽ ആകെ ഉപയോഗിക്കാവുന്ന വെള്ളം 58 ശതമാനമാണ്. പദ്ധതിയിലെ ഏറ്റവുംവലിയ ഡാമായ പറമ്പിക്കുളത്ത് 68 ശതമാനം വെള്ളമുണ്ട്.
തൂണക്കടവിലും പെരുവാരിപ്പള്ളത്തും 95 ശതമാനവും കാടമ്പാറയിൽ 94 ശതമാനവും അപ്പർ ആളിയാറിൽ 67 ശതമാനവും വെള്ളമുണ്ട്. എന്നിട്ടും ആളിയാർഡാമിൽ വെള്ളം 13 ശതമാനം മാത്രമാണ് നിർത്തിയിട്ടുള്ളത്. തമിഴ്നാട് ഷോളയാറിൽ 14 ശതമാനവും ലോവർനീരാറിൽ വെറും നാലു ശതമാനവും മാത്രമാണ്. മുകൾഡാമുകളിൽ വെള്ളമുണ്ടായിട്ടും ആളിയാറിലേക്ക് വെള്ളമിറക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സംയുക്ത ജലനിയന്ത്രണ ബോർഡ് അധികൃതർ പറയുന്നു.
കോണ്ടൂർകനാൽ വഴി തിരുമൂർത്തി ഡാമിലേക്ക് തമിഴ്നാട് വെള്ളം തിരിച്ചുവിടുന്നതുകൊണ്ടാണ് ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുന്നതെന്ന് പദ്ധതി ഉപദേശകസമിതി അംഗം പി.സി. ശിവശങ്കരൻ പറഞ്ഞു.
തിരുമൂർത്തി ഡാമിൽ ഇപ്പോൾ 68 ശതമാനം വെള്ളമുണ്ട്. ആളിയാർഡാമിൽനിന്ന് ചിറ്റൂർപ്പുഴ പദ്ധതി പ്രദേശത്തേക്ക് അവകാശപ്പെട്ട വെള്ള മെത്തിക്കാൻ നടപടിയുണ്ടാകണമെന്നാണ് മേഖലയിലെ കർഷകരുടെ ആവശ്യം.
കരാർപ്രകാരമുള്ള വെള്ളം ലഭ്യമാക്കുന്നതിനായി വെള്ളിയാഴ്ച നടന്ന ചീഫ് സെക്രട്ടറിതല ചർച്ചയിൽ ശുദ്ധജലത്തിന് 1.5 ടി.എം.സി.ക്ക് പുറമേ 0.5 ടി.എം.സി.കൂടി കൂട്ടി, ആകെ രണ്ട് ടി.എം.സി. വെള്ളം നൽകാമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. എന്നാൽ, അത് പോരെന്നും കരാർപ്രകാരമുള്ള മുഴുവൻ വെള്ളവും വേണമെന്നും കേരളം അറിയിച്ചു. ഇക്കാര്യത്തിൽ ചർച്ച തുടരുമെന്ന് സുമേഷ് അച്യുതൻ എം.എൽ.എ. പറഞ്ഞു.
Published: 22 Nov 2026, 03:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented