ബോയ്സ്ടൗണിലിറങ്ങിയ ആനയെ തുരത്തിയത് രാത്രിയോടെ
തലപ്പുഴ : തവിഞ്ഞാൽ പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങിയത് നാടിനെ ഭീതിയിലാഴ്ത്തി. ബോയ്സ് ടൗണിലെ ജനവാസമേഖലയിലാണ് വ്യാഴാഴ്ച വൈകീട്ട് ആറോടെ ആനയിറങ്ങിയത്. കൊട്ടിയൂർ വനത്തിൽനിന്നെത്തിയ ആന തവിഞ്ഞാൽ 43-ലെ പാപ്പനംതോട് വനമേഖലയിലൂടെ ഗ്ലെൻ ലെവൻ എസ്റ്റേറ്റിലെത്തി തമ്പടിക്കുകയായിരുന്നു.
വിവരമറിഞ്ഞത്തിയ പേര്യ റെയ്ഞ്ച് വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും നോർത്ത് വയനാട് റാപ്പിഡ് റെസ്പോൺസ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ടീമും ചേർന്ന് രാത്രിയോടെ ആനയെ ജനവാസകേന്ദ്രത്തിൽ നിന്നകറ്റി. മാനന്തവാടി-തലശ്ശേരി പ്രധാന റോഡ് മുറിച്ചുകടന്നാണ് ആന ഗ്ലെൻ ലെവൻ എസ്റ്റേറ്റിലെത്തിയത്. തുരത്താൻ ശ്രമിക്കുന്നതിനിടെ രാത്രി ഒൻപതോടെ റോഡിൽ ആന നിലയുറപ്പിച്ചു. ഇരുഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾ ഒരു മണിക്കൂറോളം തടഞ്ഞിട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയശേഷമാണ് ആനയെ വനപാലകർ കാടുകയറ്റിയത്. പടക്കംപൊട്ടിച്ചും മറ്റും ഏറെ ശ്രമകരമായാണ് ആനയെ കാടുകയറ്റിയത്. മറ്റു ആനകളുണ്ടോയെന്നറിയാൽ ഡ്രോൺ പരിശോധനയും നടത്തി.
ആഴ്ചകൾക്കു മുൻപും പ്രദേശത്ത് ആനയെത്തിയിരുന്നു. ഒറ്റയാനാണ് ഇടയ്ക്കിടെ എത്തുന്നത്. ആഴ്ചകൾക്കു മുൻപ് വരയാൽ, മേലെ വരയാൽ പ്രദേശെത്തത്തിയ ആന മേലെ വരയാലിലെ കാപ്പിത്തോട്ടത്തിലാണ് നിലയുറപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ ജോലിക്കെത്തിയ മേലെവരയാൽ സ്വദേശിനി ചേലപ്പിള്ളി ശോഭ ആനയുടെ മുന്നിലകപ്പെട്ടിരുന്നു. കണ്ണോത്തുമല, ബോയ്സ്ടൗൺ, വരയാൽ, മേലെ വരയാൽ പ്രദേശങ്ങളിലുള്ളവർ കാട്ടാനഭീതിയിലാണ്. ഒറ്റപ്പെട്ട പ്രദേശമായതിനാൽ പുറത്തിറങ്ങാൻപോലും ആളുകൾ ഭയക്കുന്നു. വേണ്ടത്ര തെരുവുവിളക്കുകൾ ഇല്ലാത്തതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കാട്ടാനയുൾപ്പെടെയുള്ള വന്യജീവികളിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Published: 21 Nov 2026, 03:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented