പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയില്ല
കോയമ്പത്തൂർ : തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ഉക്കടത്തെ ഡിപ്പോയും വർക്ക്ഷോപ്പും പൂട്ടുന്നതിനെതിരേ ജീവനക്കാരുടെ പ്രതിഷേധം. 34 വർഷമായി പ്രവർത്തിക്കുന്ന ഡിപ്പോ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സംയുക്ത തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.
1992-ലാണ് ഉക്കടം ബസ് സ്റ്റാന്റിനോട് ചേർന്ന് വാലാംകുളം റോഡിൽ ഡിപ്പോയും വർക്ക് ഷോപ്പും പ്രവർത്തനം തുടങ്ങുന്നത്. നിലവിൽ 124 ബസുകൾ ഇവിടെനിന്ന് സർവീസ് നടത്തുന്നുണ്ട്. ഉക്കടം മേൽപ്പാലത്തിന്റെയും പുതിയ സ്റ്റാൻഡിന്റെയും നിർമാണത്തിന്റെ ഭാഗമായി ഡിപ്പോയിലേക്കുള്ള പ്രവേശന കവാടവും കെട്ടിടങ്ങളും പൊളിച്ചിരുന്നു.
പകരം പുതിയ കെട്ടിടം നിർമിക്കാൻ സംസ്ഥാന ഹൈവേ വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ തടാകങ്ങളുടെ കരയിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ കെട്ടിടം നിർമാണത്തിന് സർക്കാർ അനുമതി നൽകിയില്ല. ഇതോടെ ഡിപ്പോയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഡിപ്പോയിലെ രണ്ടു വർക്ക്ഷോപ്പിലെയും ജീവനക്കാരെ അടുത്തിടെ മറ്റിടങ്ങളിലേക്ക് സ്ഥലംമാറ്റി. ഇതിനിനെതിരേ കഴിഞ്ഞ ദിവസമാണ് പ്രതിഷേധം നടന്നത്.
ഉക്കടം ഡിപ്പോയും വർക്ക് ഷോപ്പും പൂട്ടുന്നത് ജീവനക്കാരെ ബാധിക്കുമെന്ന് സി.ഐ.ടി.യു. സെക്രട്ടറി വേളാങ്കണ്ണിരാജ് പറഞ്ഞു.
വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവർ ഉക്കടത്തും സമീപ സ്ഥലങ്ങളിലുമാണ് താമസിക്കുന്നത്. പെട്ടെന്ന് സ്ഥലംമാറ്റുന്നത് ഇവരുടെ ജീവിതത്തെ ബാധിക്കും. മക്കളുടെ പഠനങ്ങൾ അവതാളത്തിലാവും. പുതിയ കെട്ടിടം നിർമിക്കാൻ തടസ്സമുണ്ടെങ്കിൽ കണ്ടെയ്നർ ബോക്സ് പോലുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഡിപ്പോയുടെ മുന്നിൽ നടന്ന സമരത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ രങ്കരാജ്, ദുരൈസ്വാമി, കറുപ്പസ്വാമി തുടങ്ങിയവർ പങ്കെടുത്തു. എന്നാൽ നിലവിലെ കെട്ടിടം ജീർണാവസ്ഥയിലാണെന്നും ഏതുസമയവും വീഴാമെന്നും ഡിപ്പോ അധികൃതർ പറയുന്നു. പുതിയ കെട്ടിടം നിർമിക്കാൻ പാടില്ലെന്ന കോടതി വിധി ഉള്ളതിനാൽ ഡിപ്പോ മാറ്റുകയല്ലാതെ മറ്റു മാർഗമില്ല. ഡ്രൈവർ, കണ്ടക്ടർ തുടങ്ങിയവരെയും ഉടൻ സ്ഥലംമാറ്റുമെന്ന് പറയുന്നു.
Published: 22 Nov 2026, 03:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented