പാലക്കാട് : രഥോത്സവത്തിന്റെ നാളുകൾ കഴിഞ്ഞിട്ടും കല്പാത്തിയുടെ വീഥികളിൽ തിരക്കൊഴിയുന്നില്ല. തേരുകടകൾ ഓരോന്നായി കല്പാത്തി വിട്ടുതുടങ്ങുംമുൻപേ ആളുകൾ കല്പാത്തിയിലേക്കെത്തുകയാണ്. “പാലക്കാട്ടുകാരാണ് വരുന്നവരിലേറെയും. പുറത്ത് നിന്നുള്ളവരുമുണ്ട് ഇപ്പോഴും. കല്പാത്തിയുടെ തനത് രുചിയറിയാനാണ് അവരിലേറെപ്പേർക്കും താത്‌പര്യം.”- കല്പാത്തി സ്വദേശി ജ്യോതി ഗോപാൽ പറയുന്നു.

To advertise here,

വിവിധതരം അച്ചാറുകളും കൊണ്ടാട്ടങ്ങളും കാണിക്കുന്നതിനിടയിൽ വേപ്പിലക്കട്ടി, കപ്പനാരങ്ങ, താമരവളയം എന്നിവയെല്ലാം പരിചയപ്പെടുത്തുന്നു. കേട്ടുനിൽക്കുന്നവരിൽ പലരിലും അതിശയഭാവം. കല്പാത്തിയിലെ രുചികളറിയാതെ തേരുകാണാൻ വന്നതിന്റെ രസം പൂർണമാവില്ലെന്ന് എറണാകുളം സ്വദേശി ബി. അഭിജിത്തും കുടുംബവും. വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം ഒരുക്കിയ തേരുകടകൾ ഓരോന്നും കയറിയിറങ്ങുന്ന തിരക്കിലാണ് മിക്കവരും.

കല്പാത്തിയുടെ വീഥിയിലൂടെ നടന്നുനീങ്ങുന്ന പെൺകുട്ടികളിലേറെപ്പേരെയും കണ്ടാലറിയാം കുപ്പിവളകളോടുള്ള അവരുടെ പ്രിയം. ആ കിലുക്കങ്ങളിലേറെയും തുടങ്ങുന്നത് വഴിയോരത്തിരിക്കുന്ന 75-കാരി ചെല്ലയുടെയും കൂട്ടുകാരുടെയും ചിരികളിലാവും. “ഇത്തവണ കച്ചവടം കുറവാണ്, പക്ഷേ രണ്ടു നാളുകൂടി ഇവിടെയുണ്ടാകും”- തേങ്കുറുശ്ശിക്കാരി ചെല്ല. രഥോത്സവത്തിനു മുൻപേ എത്തിയ ചെല്ല തിരികെപോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഒതുക്കിവെച്ച കെട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഫോട്ടോ എടുക്കാനും അഗ്രഹാരങ്ങൾ കാണാനുമാണ് ഏറെപ്പേരും വരുന്നത്. അതിനാൽ തേരുകഴിഞ്ഞിട്ടും തിരക്കിന് കുറവില്ലെന്ന് പറയുന്നു മധുരയിൽ നിന്നെത്തിയ കച്ചവടക്കാരൻ എൻ. സുൽത്താൻ അലാവുദ്ദീൻ. പുതിയ തലമുറക്കാരേറെയും ഇപ്പോഴും ചിത്രങ്ങളെടുക്കുന്ന തിരക്കിൽ തന്നെയാണ്. രഥോത്സവത്തിന്റെ ഓർമ്മകൾ സൂക്ഷിക്കാൻ കല്പാത്തിയിലെ ഫോട്ടോ ബൂത്തിലെത്തി ചിത്രങ്ങൾ പകർത്തുന്നുമുണ്ട്.

തിരക്കിനോടൊപ്പം വീടുകൾക്ക് മുൻപിൽ സന്ദർശകർ വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടുന്നതിൽ ഗ്രാമക്കാരുടെ പരാതിയും അവസാനിച്ചിട്ടില്ല. നിർമാണം നടക്കുന്ന വീടിനുമുൻപിൽ വെള്ളിയാഴ്ച പണികൾ തടസ്സപ്പെടുത്തും വിധം നിർത്തിയിട്ട കാർ പോലീസിനെ അറിയിച്ചാണ് മാറ്റിയതെന്ന് കൽച്ചട്ടിതെരുവ് സ്വദേശി പ്രേമ നാരായണൻ പറയുന്നു. തിരക്കൊഴിയും വരെ ഗ്രാമത്തിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നതിൽ നിയന്ത്രണമേർപ്പെടുത്തണമെന്നാണ് ഗ്രാമക്കാരുടെ ആവശ്യം.