ഒരുങ്ങി ക്ഷേത്രങ്ങൾ
വെങ്ങപ്പള്ളി : മഹാവിഷ്ണു മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് സർവൈശ്വര്യപൂജ, ലളിതാസഹസ്രനാമ അർച്ചന, ഗ്രന്ഥംവെപ്പ് എന്നിവ നടക്കും. തിങ്കളാഴ്ച ദുർഗാഷ്മി നാളിൽ രാവിലെ അഷ്ടദ്രവ്യഗണപതിഹോമം, സരസ്വതീപൂജ, മറ്റ് വിശേഷപൂജകൾ എന്നിവ നടക്കും. ചൊവ്വാഴ്ച മഹാനവമി നാളിൽ അഷ്ട്രദ്രവ്യ ഗണപതിഹോമം, സരസ്വതീപൂജ, ആയുധപൂജ. ബുധനാഴ്ച രാവിലെ ആറുമുതൽ വാഹനപൂജ, എട്ടിന് ഗ്രന്ഥമെടുക്കൽ, എഴുത്തിനിരുത്തൽ എന്നിവ നടക്കും.
പുഞ്ചവയൽ : മഹാഗണപതിക്ഷേത്രത്തിൽ നവരാത്രി പൂജയോടനുബന്ധിച്ച് ഞായറാഴ്ച ഗ്രന്ഥംവെപ്പ്, 21-ന് വിജയദശമി ദിനത്തിൽ വിദ്യാരംഭം, വാഹനപൂജ എന്നിവ നടക്കും
സുൽത്താൻബത്തേരി : പഴുപ്പത്തൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഞായറാഴ്ച തുടങ്ങും. രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ. വൈകീട്ട് 5.30-ന് പൂജവെപ്പ്. തിങ്കളാഴ്ച പൂജകൾ പതിവുപോലെയും വൈകീട്ട് ആറിന് ദീപസമർപ്പണവും ഉണ്ടാകും. ചൊവ്വാഴ്ച വൈകീട്ട് വിശേഷാൽപൂജകൾ, ദേവീപൂജ, ഗുരുസി, മഹാനവമിപൂജ. ബുധനാഴ്ച രാവിലെ വിശേഷാൽപൂജകളും സരസ്വതീപൂജയും. എട്ടിന് വിദ്യാരംഭത്തിന് റിട്ട. എസ്.എസ്.എ. പ്രോജക്ട് ഡയറക്ടർ ഇ.പി. മോഹൻദാസ് നേതൃത്വംനൽകും. വാഹനപൂജ, ആയുധപൂജ, ഗ്രന്ഥപൂജ എന്നിവയോടെ ആഘോഷം സമാപിക്കും.
മാനികാവ് ശിവക്ഷേത്രം
കല്പറ്റ : മാനികാവ് മഹാശിവക്ഷേത്രത്തിലെ നവരാത്രിയുത്സവം 18 മുതൽ 21 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. 18-നും 19-നും രാവിലെ ആറുമുതൽ ഗ്രന്ഥംവെപ്പ്. മഹാനവമിദിനമായ 20-ന് രാവിലെ ആറുമുതൽ ഗ്രന്ഥപൂജ, ആയുധപൂജ, ഒൻപതുമുതൽ 11.30 വരെ നൃത്തനൃത്യങ്ങൾ, 12-ന് അന്നദാനം എന്നിവ നടക്കും. വിജയദശമി ദിനമായ 21-ന് രാവിലെ ആറിന് വിദ്യാരംഭം, വാഹനപൂജ, സോപാന സംഗീതം, 8.30-ന് ഭക്തിഗാനസുധ, 11-ന് അന്നദാന കൗണ്ടർ മലബാർ ദേവസ്വം ബോർഡ് അസി. കമ്മിഷണർ കെ.കെ. പ്രമോദ്കുമാർ ഉദ്ഘാടനംചെയ്യും. ട്രസ്റ്റി ബോർഡ് ചെയർമാൻ അധ്യക്ഷത വഹിക്കും. 12-ന് അന്നദാനമുണ്ടാകും.
ട്രസ്റ്റി ബോർഡ് ചെയർമാൻ പി.എ. രതീഷ്, എക്സിക്യുട്ടീവ് ഓഫീസർ പി.ടി. രസിത്കുമാർ, ട്രസ്റ്റി ബോർഡംഗങ്ങളായ പി.ജെ. നിധിൻ, എം.സി. രമേശ്, ക്ലാർക്ക് എ.കെ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ലളിതാസഹസ്രനാമ സമൂഹാർച്ചന
സുൽത്താൻബത്തേരി : മാരിയമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ലളിതാ സഹസ്ര സമൂഹനാമാർച്ചന നടത്തി. ഞായറാഴ്ച രാവിലെ 9.30-ന് ലളിതാമൃതം ഗ്രൂപ്പിന്റെ ലളിതാസഹസ്രനാമജപം, പൂജകൾ, പ്രസാദവിതരണം.
വൈകീട്ട് ആറിന് ഭരതനാട്യം, ഭക്തിഗാനമേള തുടങ്ങിയവയുണ്ടാകും. സമൂഹനാമാർച്ചനയ്ക്ക് ടി.ആർ. ബാലകൃഷ്ണൻ, അനിൽ എസ്. നായർ, സുന്ദരേശ്വര അയ്യർ, ടി.കെ. ചന്ദ്രൻ, കെ.വി. രാജീവ്, പ്രദീപ് ഉഷ, ചിത്രാ ബാലകൃഷ്ണൻ, രാധാദേവി, അജിതാ സുരേഷ്, ലീലാ സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
പൂതാടി : ജില്ലയിലെ ഏക സരസ്വതീക്ഷേത്രമായ പൂതാടി മഹാക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ഞായറാഴ്ച തുടങ്ങും. വൈകീട്ട് പൂജവെപ്പ് നടക്കും. മഹാനവമിദിനം രാവിലെ പത്തിന് ക്ഷേത്രം മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ വലിയവട്ടളം ഗുരുതി നടക്കും.
വിജയദശമി ദിനത്തിൽ വിശേഷാൽപൂജകളും രാവിലെ ആറുമുതൽ വാഹനപൂജയും ഒൻപത് മുതൽ വിദ്യാരംഭച്ചടങ്ങുകളും മരങ്ങാട് പ്രസാദ് നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും. വഴിപാട് നടത്തുന്നതിനായി പ്രത്യേക കൗണ്ടർ ഒരുക്കിയതായും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
സുൽത്താൻബത്തേരി : നമ്പിക്കൊല്ലി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് ആറിന് ഗ്രന്ഥംവെപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിശേഷാൽപൂജകളും നടക്കും. വിജയദശമി ദിനത്തിൽ രാവിലെ പത്തിന് വിദ്യാരംഭം, പത്തരയ്ക്ക് പൂജയെടുപ്പ്, ഉച്ചപൂജയോടെ സമാപിക്കും.
Published: 18 Oct 2026, 04:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented