സുൽത്താൻബത്തേരി : കോളിയാടിയിലുള്ള നെന്മേനി കൃഷിഭവനിലും പോസ്റ്റ് ഓഫീസിലും വാതിലുകളുടെ പൂട്ടുതകർത്ത് മോഷണം. പോസ്റ്റ് ഓഫീസിൽ സൂക്ഷിച്ചിരുന്ന അഞ്ച് പാർസലുകളും മൂന്ന് തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡുകളും കൃഷിഭവനിൽ ഓഫീസറുടെ മേശയിൽ സൂക്ഷിച്ചിരുന്ന 30 പേനകളും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടിടത്തുനിന്നും മേശപ്പുറത്ത് ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിലെ എഴുത്ത് അവ്യക്തമാണ്.
ചൊവ്വാഴ്ച രാവിലെ ജീവനക്കാരി കൃഷി ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് കൃഷി ഓഫീസറും മറ്റ് ജീവനക്കാരുമെത്തി പോലീസിനെ അറിയിച്ചു. നൂൽപ്പുഴ പോലീസ് കൃഷി ഓഫീസറുടെ മുറിയിലടക്കം നടത്തിയ പരിശോധനയിലാണ് മേശയിലെ പേനകൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും കൃഷിഭവനിൽ മോഷണശ്രമം നടന്നിരുന്നു. കൃഷിഭവനിൽ ഇടക്കിടെ നടക്കുന്ന മോഷണത്തിലും മോഷണശ്രമത്തിലും കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ജീവനക്കാരും നാട്ടുകാരും വലിയ ആശങ്കയിലാണ്. ഫയലുകൾ ഉൾപ്പെടെയുള്ള രേഖകൾ മോഷണം പോയാൽ വലിയ പ്രയാസമുണ്ടാക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
കൃഷിഭവനിൽനിന്ന് നൂറ് മീറ്ററോളം മാറിയുള്ള പോസ്റ്റ് ഓഫീസ് ഗുരുനാനാക്ക് ജയന്തിയുടെ ഭാഗമായി അവധിയായതിനാൽ തുറന്നിരുന്നില്ല. അതിനാൽ രാവിലെ 11-ഓടെയാണ് ഓഫീസിന്റെ വാതിലുകൾ തുറന്ന നിലയിൽ നാട്ടുകാർ കണ്ടത്. തുടർന്ന് ജീവനക്കാരെ അറിയിച്ചു. അവർ എത്തിയപ്പോൾ ഫയലുകളും പാർസലുകളുമെല്ലാം വാരിവലിച്ചിട്ട നിലയിലാണ് കണ്ടത്. തുടർന്ന് നൂൽപ്പുഴ പോലീസിനെയും തപാൽവകുപ്പ് ഉന്നതഉദ്യോഗസ്ഥരെയും അറിയിച്ചു. വിശദമായ പരിശോധനയിലാണ് പാർസലുകളും തിരിച്ചറിയിൽ കാർഡുകളും നഷ്ടപ്പെട്ടതായി അറിഞ്ഞത്.
Published: 25 Nov 2026, 03:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented