പനമരം : പാടേ തകർന്ന് ചെറുകാട്ടൂർ-എസ്റ്റേറ്റ്മുക്ക്- അമലാനഗർ-കൂടൽക്കടവ് റോഡ്. കാൽനടയാത്രപോലും ദുസ്സഹമായ റോഡിൽ ഉടൻ നവീകരണപ്രവൃത്തികൾ നടത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.

To advertise here,

പനമരം പഞ്ചായത്തിലെ നാലാം വാർഡിൽപ്പെടുന്ന റോഡ് പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഞ്ചുവർഷം മുൻപ് ടാറിങ് നടത്തിയത്. എന്നാൽ, നിർമാണത്തിലെ അപാകംമൂലം റോഡ് പെട്ടെന്ന് തകരാൻ ഇടയാക്കിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

2018-ലാണ് മൂന്നുകോടിയിലേറെ രൂപ വിനിയോഗിച്ചുള്ള റോഡിന്റെ നിർമാണമാരംഭിക്കുന്നത്. മൂന്നരക്കിലോമീറ്ററിലേറെ ദൂരമുള്ള റോഡ് നൂറുകണക്കിന് കുടുംബങ്ങൾക്ക് ഏക ആശ്രയമാണ്. കൂടാതെ കൂടൽക്കടവ്, കുറുവാ ദ്വീപ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ ഉൾപ്പെടെ ഇതുവഴിയാണ് പോകുന്നത്. സ്കൂൾ ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ടാറിങ് ഇളകിമാറിയും ഗർത്തങ്ങൾ രൂപപ്പെട്ടും ശോച്യാവസ്ഥയിൽ കിടക്കുകയാണ്.

റോഡിന്റെ തുടക്കംമുതൽ ഒടുക്കംവരെ വലിയ തകർച്ചയാണ് ഉണ്ടായിട്ടുള്ളത്. മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളംനിറഞ്ഞ് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ദുരിതമായി മാറുകയാണ്.

പലയിടത്തും ടാർ പൂർണമായും ഇളകി മണ്ണ് പുറത്തുവന്ന നിലയിലാണ്. ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള ടാക്സിവാഹനങ്ങൾ ഈ വഴി വരാൻ മടിക്കുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.

റോഡിന്റെ ഇരുഭാഗങ്ങളിലും കാടുമൂടിയും കിടക്കുകയാണ്. മതിയായ ഡ്രെയ്‌നേജ് സംവിധാനം ഒരുക്കാത്തതാണ് റോഡ് പെട്ടെന്ന് തകരാൻ ഇടയാക്കിയതെന്ന് പ്രദേശവാസികളായ വി.സി. സെബാസ്റ്റ്യനും മാത്യു തുരുത്തേലും പറഞ്ഞു. മഴവെള്ളം റോഡിലൂടെ ഒഴുകിയത് വിനയായെന്നും അവർ ചൂണ്ടിക്കാട്ടി.

രോഗികളുമായി ആശുപത്രിയിലേക്ക് പോകുന്നതിനുവരെ ഈ റോഡിന്റെ തകർച്ച വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാർഷികോത്‌പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും കർഷകർക്ക് ദുരിതമാണ്. വിനോദസഞ്ചാരമേഖലയ്ക്കും റോഡിന്റെ ശോച്യാവസ്ഥ തിരിച്ചടിയാവുകയാണ്.

സഞ്ചാരികൾ റോഡുകണ്ട് മടങ്ങിപ്പോകുന്ന സാഹചര്യമുണ്ടെന്നും നാട്ടുകാർ പറയുന്നു. അതിനാൽ, എത്രയുംപെട്ടെന്ന് റോഡിന്റെ പരിതാപാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.