അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും

To advertise here,

അങ്ങാടിപ്പുറം : പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും ഗതാഗതക്കുരുക്കിന് ആശ്വാസം നൽകുന്ന എം.ഇ.എസ്. മെഡിക്കൽ കോളേജ്-അലിഗഡ് യൂണിവേഴ്സിറ്റി ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

വളാഞ്ചേരി റോഡിലെ എം.ഇ.എസ്. മെഡിക്കൽ കോളേജ് പരിസരത്തുനിന്നാരംഭിച്ച് പരിയാപുരം, കൂവക്കാട്ട് പടി, കല്ലുമ്മക്കല്ല്, ചെറുമല വഴി ചെറുകര റെയിൽവേ ക്രോസ്സിലൂടെ അലിഗഡ് യൂണിവേഴ്സിറ്റി പരിസരത്ത് എത്തുന്ന റോഡിന് ഏതാണ്ട് ഏഴര കിലോമീറ്റർ ദൈർഘ്യമുണ്ട്. രണ്ട് സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന ഈ പാത ഗതാഗതയോഗ്യമാക്കിയാൽ ടൗണിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറയ്ക്കാൻ കഴിയും എന്നാണ് വിലയിരുത്തുന്നത്. വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗത്തുനിന്ന് പട്ടാമ്പി റോഡിലേക്കും പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിലേക്കും പോകാനും ചെർപ്പുളശ്ശേരി, പട്ടാമ്പി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് എം.ഇ.എസ്. മെഡിക്കൽ കോളേജിലേക്കും വളാഞ്ചേരി, കോട്ടയ്ക്കൽ ഭാഗങ്ങളിലേക്കും ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ എത്തിപ്പെടാനാകും.

നിലവിൽ ചെറുകരയിൽനിന്ന് പെരിന്തൽമണ്ണ വഴി എം.ഇ.എസ്. മെഡിക്കൽ കോളേജിലെത്താൻ 13 കിലോമീറ്റർ ദൂരമുണ്ട്.

അങ്ങാടിപ്പുറത്തേയും പെരിന്തൽമണ്ണയിലേയും ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ബൈപ്പാസ് ആണെങ്കിലും അതിനുവേണ്ടിയുള്ള നടപടികൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ, സ്ഥലം ഏറ്റെടുക്കൽ, റെയിൽവേ ക്രോസിന് മേൽപ്പാലം തുടങ്ങിയ കടമ്പകൾ ആവശ്യമില്ലാത്ത ഈ ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.