73-കാരി മടങ്ങുന്നത് രണ്ടാംതവണ

To advertise here,

ഓപ്പറേഷൻ തിയേറ്റർ അടച്ചു

മാനന്തവാടി : ഓപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്ന ചോർച്ചയെത്തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജിൽ തിമിരശസ്ത്രക്രിയ മുടങ്ങി. ഇരിട്ടി മാടത്തിൽ സ്വദേശിയായ വമ്പേരി കുമാരി (73)യുടെ ശസ്ത്രക്രിയയാണ് മുടങ്ങിയത്.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നിർത്താതെ പെയ്ത മഴയെത്തുടർന്നാണ് ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ചയുണ്ടായത്. ചോർച്ചയുണ്ടായ കാര്യം ആശുപത്രി അധികൃതരും അറിഞ്ഞിരുന്നില്ല. ശസ്ത്രക്രിയക്കായി ഡോക്ടറുൾപ്പെടെയുള്ള സംഘമെത്തി. വസ്ത്രമുൾപ്പെടെ മാറ്റിയ കുമാരി ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയപ്പോഴാണ് ചോർച്ച കണ്ടത്. തുടർന്ന് കുമാരിയെ മടക്കിയയക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി രണ്ടാഴ്ചത്തേക്ക്‌ നേത്രരോഗവിഭാഗം ഓപ്പറേഷൻ തിയേറ്റർ പൂട്ടി.

മാസങ്ങൾക്കുമുൻപേ തിമിര ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കുമാരി വയനാട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു. ഒന്നരമാസംമുൻപ്‌ ശസ്ത്രക്രിയക്ക്‌ എത്തിയിരുന്നെങ്കിലും മഴമൂലം മടക്കിയയച്ചിരുന്നു. പിന്നീട് എത്തിയപ്പോൾ വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയക്കുള്ള തീയതി നൽകിയത്. ഇതിനാലാണ് കുമാരി രാവിലെ മകളോടൊപ്പം ആശുപത്രിയിലെത്തിയത്. വാളാടുള്ള മകൾ സുലേഖയുടെ വീട്ടിൽ താമസിച്ചാണ് കുമാരി ശസ്ത്രക്രിയ നടത്താനായി ഒരുങ്ങിയത്. ശസ്ത്രക്രിയക്കായി വെള്ളിയാഴ്ച രാവിലെ 8.30-ഓടെയാണ് കുമാരി ആശുപത്രിയിലെത്തി. 9.15-നാണ് ശസ്ത്രക്രിയക്കായി സമയം നൽകിയത്. ശസ്ത്രക്രിയക്കു മുന്നോടിയായി കണ്ണിൽ മരുന്നൊഴിച്ചു കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

വിവരമറിഞ്ഞതിനെത്തുടർന്ന് സ്ഥലത്തെത്തിയ സി.പി.എം. നേതാക്കളായ കെ.ടി. വിനു, എ.കെ. റൈഷാദ് എന്നിവർ കുമാരിയുമായി ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലെത്തി പ്രതിഷേധിച്ചു. സൂപ്രണ്ട് ഡോ. സി.കെ. ജീവൻലാലുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനസജ്ജമാക്കുന്ന മുറയ്ക്ക് വേഗത്തിൽത്തന്നെ ശസ്ത്രക്രിയക്കുള്ള തീയതി നൽകാമെന്നറിയിച്ചു.

പ്രതിഷേധം കണക്കിലെടുത്ത് മാനന്തവാടി എസ്.ഐ. കെ.എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

പത്തുവർഷം മുൻപാണ് തിമിരശസ്ത്രക്രിയക്കുള്ള ഓപ്പറേഷൻ തിയേറ്റർ സർജിക്കൽ കെട്ടിടത്തിലുള്ള നിലയിൽ സജ്ജീകരിച്ചത്. നിലവിലുള്ള കണ്ണുരോഗ ഒ.പി.ക്ക് സമീപം ആധുനികരീതിയിലുള്ള ഓപ്പറേഷൻ തിയേറ്റർ സജ്ജമാക്കിയിട്ടുണ്ടെങ്കിലും മെഷിനറികൾ എത്താത്തതിനാൽ ഇത് പ്രവർത്തിക്കുന്നില്ല.

നാലുവർഷം മുൻപാണ് ആധുനികരീതിയിലുള്ള ഓപ്പറേഷൻ തിയേറ്ററിനുള്ള സൗകര്യങ്ങളൊരുക്കിയത്. ഇത് പ്രവർത്തനസജ്ജമായാൽ തിമിരം ഉൾപ്പെടെയുള്ള നേത്ര ശസ്ത്രക്രിയകൾ സുഗമമായി നടക്കും.

മെഡിക്കൽ കോളേജിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങളിലൊന്നാണ് നേത്രരോഗ വിഭാഗം. സൗകര്യങ്ങളുടെ അപര്യാപ്തത ഈ വിഭാഗത്തിന്റെ പ്രവർത്തനത്തിനു തിരിച്ചടിയാവുന്നുണ്ട്. അഞ്ചുവർഷം മുൻപാണ് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയത്. ജില്ലാ ആശുപത്രി സൂപ്രണ്ടുതന്നെയാണ് ഭരണപരമായ കാര്യങ്ങൾ ഇപ്പോഴും നിർവഹിക്കുന്നത്.

വലിയ പ്രയാസമുണ്ടായി

രണ്ടുതവണയാണ് ശസ്ത്രക്രിയാ സേവനം ലഭിക്കാതെ മടങ്ങുന്നത്. സൗകര്യാർഥമാണ് ഇരിട്ടിയിൽ താമസിക്കുന്ന ഞാൻ വാളാടുള്ള മകളുടെ വീട്ടിലെത്തി ശസ്ത്രക്രിയക്കായി തയ്യാറെടുത്തത്. രാവിലെ ഏഴു മണിക്കു മുൻപേതന്നെ വീട്ടിൽനിന്നിറങ്ങിയിരുന്നു. ഓട്ടോറിക്ഷയ്ക്ക് 500 രൂപ നൽകിയാണ് എത്തിയത്. ഇനി എപ്പോഴാണ് ശസ്ത്രക്രിയ നടക്കുകയെന്നറിയില്ല. ശസ്ത്രക്രിയ യഥാസമയം നടക്കാത്തതിനാൽ വലിയ പ്രയാസമുണ്ട്.

വമ്പേരി കുമാരി, മാടത്തിൽ, ഇരിട്ടി