കല്പറ്റ : വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികൾ പുറത്തു കൊണ്ടുവരാൻ സഹായകമായെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന സുതാര്യമായ നിയമമാണ് വിവരാവകാശ നിയമം. വിവരങ്ങൾ ജനകീയമാവണം, അതൊരു ഔദാര്യമായി ആരും കണക്കാക്കരുത്. ജനങ്ങൾക്ക് ഉപകാരപ്രദമായ ആനുകൂല്യങ്ങൾ, വിവരങ്ങൾ ജനങ്ങളിലേക്ക് സ്വമേധയാ എത്തിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ഓഫീസുകളിലുണ്ടാകണമെന്നും കമ്മീഷണർ നിർദേശിച്ചു. ഫയലുകൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓഫീസിലെ ഉദ്യോഗസ്ഥർക്കുമുണ്ട്. ഫയൽ നഷ്ടപ്പെട്ടാൽ ഓഫീസ് മേധാവി നിയമനടപടികൾ സ്വീകരിക്കേണ്ടതാണെന്നും കമ്മീഷണർ പറഞ്ഞു. വിവരം ലഭിക്കുകയെന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അവകാശങ്ങൾ പിടിച്ചു വാങ്ങേണ്ടതല്ല. ജനങ്ങൾക്ക് എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും അവകാശങ്ങൾ ഉറപ്പാക്കാനാണ് കമ്മിഷൻ പോലുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.