സുൽത്താൻബത്തേരി : തിരക്കിട്ട ടൗണിലൂടെ വയോധികനെ എടുത്തുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണിപ്പോൾ സാമൂഹികമാധ്യമങ്ങളിലെ താരം. പ്രായത്തിന്റെ അവശതകൾ കാരണം നടക്കാൻപോലും പ്രയാസം നേരിട്ട് വടികുത്തി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികനെ സ്നേഹത്തോടെ ചേർത്തുപിടിച്ച് കൈകളിലേന്തി റോഡിനപ്പുറം എത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ദൃശ്യങ്ങളിലുള്ളത്. ആരോ പകർത്തിയ ദൃശ്യങ്ങൾ മനുഷ്യത്വത്തിന്റെ മാതൃകയായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.

To advertise here,

സുൽത്താൻബത്തേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ പി.ആർ. സുരേഷ് കുമാറാണ് മനസ്സുനിറയ്ക്കുന്ന രംഗത്തിലെ പോലീസുകാരൻ. ഞായറാഴ്ച ഉച്ചയോടെ ബത്തേരി ചുങ്കം ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിക്കിടെയാണ് പ്രായമായൊരാൾ റോ‍ഡ് മുറിച്ചുകടക്കാൻ വിഷമിക്കുന്നത് സുരേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. സഹായിക്കാനായി സുരേഷ് കുമാർ വയോധികന്റെ കൈപിടിച്ച് ഒപ്പം നടന്നു. എന്നാൽ, റോഡിന്റെ നടുഭാഗത്തുവെച്ച് അവശനായ വയോധികൻ ‘മോനേ... എനിക്കൊന്നിരിക്കണമെന്ന്’ പറഞ്ഞതോടെയാണ് സുരേഷ് കുമാർ അദ്ദേഹത്തെ കൈകളിൽ എടുത്ത് റോഡിനപ്പുറത്തേക്ക് എത്തിച്ചത്. കടയുടെ വരാന്തയിൽ വയോധികനെ ഇരുത്തുകയും ചെയ്തു. അപ്പോഴേക്കും അവിടെയെത്തിയവർ കുടിവെള്ളമുൾപ്പെടെ വാങ്ങിനൽകുകയും ചെയ്തു -സുരേഷ് കുമാർ പറഞ്ഞു.

പ്രായമായ ആൾക്കൊരു സഹായം എന്നേ കരുതിയുള്ളൂ. അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ വരുമെന്നോ വൈറലാവുമെന്നോ കരുതിയില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.

ഭാര്യ രാഗിതയും സഹപ്രവർത്തകൻ ജോർജ് നിറ്റസും വിളിച്ചപ്പോഴാണ് സംഭവം സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടകാര്യം അറിയുന്നത്. താൻ സാമൂഹികമാധ്യമങ്ങളിൽ അത്ര സജീവമല്ലെന്നും ഈ വീഡിയോ മറ്റാർക്കെങ്കിലും പ്രചോദനമാവുമെങ്കിൽ സന്തോഷമെന്നും സുരേഷ് കുമാർ പറഞ്ഞു. കല്ലൂർ തോട്ടാമൂല സ്വദേശിയാണ് സുരേഷ് കുമാർ.