അഗ്രി ടെക്നോളജി മീറ്റ് നടത്തി
കല്പറ്റ : കാർഷികമേഖലയെ കൂടുതൽ ആദായകരമാക്കി ഉത്പാദനം വർധിപ്പിക്കാൻ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ടി. സിദ്ദിഖ്. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പുത്തൂർവയൽ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ സംഘടിപ്പിച്ച അഗ്രി ടെക്നോളജി മീറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള നൂറോളം കർഷകർക്ക് കൃഷിവകുപ്പും ഫ്യൂസിലേയ് ഫ്ലയിങ് സ്റ്റാർട്ടപ്പ് സംരംഭവും ചേർന്നുനൽകുന്ന ഡ്രോൺ പൈലറ്റിങ് പരിശീലനം- ലൈസൻസിങ്ങ് എന്നിവയിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കാർഷിക ഡ്രോൺ പൈലറ്റ് പരിശീലനം കൃഷിയുടെ ആധുനികീകരണത്തിലേക്കുള്ള ചുവടുവെപ്പാണ്. വിളകളുടെ നിരീക്ഷണം, കൃഷിയിടങ്ങളുടെ വിലയിരുത്തൽ, സ്‌പ്രേയിങ് തുടങ്ങി ഒട്ടേറെ കാർഷിക പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കാൻ സാധിക്കും.
ഡ്രോൺ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ ആവശ്യമായ സാങ്കേതിക പരിജ്ഞാനം, പ്രവർത്തന നൈപുണി, സുരക്ഷാ നടപടി സംബന്ധിച്ച വിഷയങ്ങളിൽ പരിശീലനം ലഭിച്ചവരുടെ ലഭ്യത എന്നിവ ആവശ്യമാണ്.
ഇത് ലക്ഷ്യമിട്ടാണ് കാർഷിക ഡ്രോൺ പൈലറ്റ് ലൈസൻസ് പരിശീലനം നൽകുന്നത്.
ആദ്യഘട്ടത്തിൽ വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ 20 പേർക്ക് വീതം ലൈസൻസെടുത്തു നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി മുഖേന പരിശീലനം ലഭിച്ച ഡ്രോൺ പൈലറ്റുമാരുടെ ലഭ്യത ഉറപ്പാക്കി ഡ്രോൺ സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമായി കർഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. ഹംസ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജെ. സീന, സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ എൻജിനിയർ ആർ. ജയരാജൻ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷൻമാരായ ജിനി തോമസ്, വി.എൻ. ശശീന്ദ്രൻ, ഗിരിജാ കൃഷ്ണൻ, സൽമ മൊയിൻ, ആത്മ പ്രോജക്ട് ഡയറക്ടർ എ.ആർ. സുരേഷ്, ഡോ. നീരവ് യു. ജോഷി തുടങ്ങിയവർ പങ്കെടുത്തു.
ഡ്രോൺ പൈലറ്റാവാനൊരുങ്ങി മന്ത്രിയും
കല്പറ്റ : കൃഷിയിടങ്ങളിൽ ഡ്രോൺ പറത്താനൊരുങ്ങി കൃഷിമന്ത്രി ടി. സിദ്ദിഖ്. കർഷകർക്ക് ഡ്രോൺ പൈലറ്റിങ് പരിശീലനവും ലൈസൻസും ലഭ്യമാക്കുന്ന പദ്ധതിയിൽ ടി. സിദ്ദിഖും ഡ്രോൺ പരിശീലനത്തിൽ പങ്കാളിയായി. പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടുന്നതോടെ ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പൈലറ്റ് ലൈസൻസ് നേടുന്ന മന്ത്രിയെന്ന പ്രത്യേകതയും ടി. സിദ്ദിഖിന് സ്വന്തമാകും.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ‘അഗ്രി ടെക്നോളജി മീറ്റ് 2026’ന്റെ ഭാഗമായാണ് കർഷകർക്ക് ഡ്രോൺ പൈലറ്റിങ് പരിശീലനം നൽകുന്നത്. കാർഷികമേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ കൂടുതൽ വ്യാപകമായി പ്രയോജനപ്പെടുത്തി കൃഷിയുടെ ചെലവ് കുറയ്ക്കുകയും ഉത്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധജില്ലകളിൽനിന്നുള്ള നൂറോളം കർഷകർക്ക് അഗ്രി ടെക്നോളജി മീറ്റിന്റെ ഭാഗമായി ഡ്രോൺ പൈലറ്റിങ്ങ് പരിശീലനംനൽകും. ഡി.ജി.സി.എ. ലൈസൻസുള്ള ഫ്യൂസലേജ് ഏവിയേഷനുമായി സഹകരിച്ചാണ് പരിശീലനം. പരിശീലനത്തിലൂടെ കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കായി ഡ്രോൺ സാങ്കേതികവിദ്യ സ്വന്തംനിലയിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതികപരിജ്ഞാനവും ലൈസൻസും നേടാനുള്ള അവസരമാണ് ഒരുക്കുന്നത്.
Published: 15 Sept 2026, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented