ബത്തേരി-പെരിക്കല്ലൂർ റോഡ് നിർമാണം നിലച്ചിട്ട് ഏഴുമാസം

To advertise here,

പുല്പള്ളി : ഏറെക്കാലത്തെ മുറവിളികൾക്കു ശേഷമാരംഭിച്ച ബത്തേരി-പെരിക്കല്ലൂർ റോഡിന്റെ നിർമാണം പാതിവഴിയിൽ നിലച്ചിട്ട് ഏഴു മാസം പിന്നിട്ടു. 2025 ഡിസംബറിൽ പെരിക്കല്ലൂരിൽ നിന്നാരംഭിച്ച റോഡിന്റെ പ്രവൃത്തികൾ ഫെബ്രുവരിയോടെ ചീയമ്പത്ത് എത്തിയിരുന്നു. എന്നാൽ, അതിനുശേഷം പണികളൊന്നും നടന്നിട്ടില്ല. തുടക്കം മുതലേ റോഡിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണെന്ന പരാതി ഉയർന്നിരുന്നു.

നിലവിൽ ടാറിങ് നടത്തിയ പെരിക്കല്ലൂർ മുതൽ ചീയമ്പംവരെയുള്ള ഭാഗത്തിനിടയിൽ പുല്പള്ളി ബ്ലൂമൂൺ തിയേറ്റർ മുതൽ പഴയ ഗവ. ആശുപത്രിവരെയും താഴെയങ്ങാടി മുതൽ എരിയപ്പള്ളിവരെയുള്ള ഭാഗങ്ങളിൽ പ്രവൃത്തികൾ ഒഴിച്ചിട്ടിരിക്കുകയാണ്. സാന്ദീപനി പരിസരത്തെ റോഡരികിലുണ്ടായിരുന്ന കൂറ്റൻതേക്കുമരം പിഴുതുമാറ്റിയ ഭാഗത്ത് ഇപ്പോൾ വലിയകുഴിയാണ്. ഇവിടെ റോഡരികിലേക്ക് വാഹനങ്ങളിറക്കിയാൽ അപകടത്തിലാകും. സാന്ദീപനിക്കുന്നിലെ വീടുകളിലേക്കുള്ള നടവഴി പ്രധാന റോഡിലേക്ക് വന്നുചേരുന്ന ഭാഗത്താണ് വലിയ കുഴിയായി മാറിയിരിക്കുന്നത്. ഇതോടെ പ്രദേശവാസികളുടെ വഴിയടഞ്ഞു. എത്രയുംവേഗം ഈ ഭാഗത്തെ കുഴിനികത്തി വഴി ശരിയാക്കി നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പ്രവൃത്തി ഒഴിച്ചിട്ടിരിക്കുന്ന രണ്ടുഭാഗത്തും റോഡ് പൂർണമായി തകർന്ന് സഞ്ചാരയോഗ്യമല്ലാതായി തീർന്നിരിക്കുകയാണ്. ഉരുളൻ കല്ലുകളിൽ കയറി തെന്നിയും കുഴികളിൽ ചാടിയും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്. താഴെയങ്ങാടിയിൽ പുതുതായി നിർമിച്ച കലുങ്കിന്റെ ഭാഗത്ത് റോഡ് നിരപ്പാക്കാത്തതിനാൽ വാഹനങ്ങൾ പതുക്കെ മാത്രമേ കടന്നുപോകൂ. രണ്ടു പ്രധാന റോഡുകൾകൂടിച്ചേരുന്ന താഴെയങ്ങാടിയിൽ ഇതുമൂലം ഗതാഗതക്കുരുക്കുണ്ടാവുന്നത് പതിവുകാഴ്ചയാണ്.

മാസങ്ങളായിട്ടും പണി പൂർത്തീകരിക്കാതെ പരിസരവാസികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ് കരാറുകാർ. പണി നിലച്ചതോടെ, പൊളിച്ചിട്ടതും തകർന്നുകിടക്കുന്നതുമായി ഭാഗങ്ങളിൽ റോഡിനിരുവശത്തമുള്ള കുടുംബങ്ങളും കച്ചവടക്കാരും യാത്രക്കാരും വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള പൊടിശല്യംമൂലം പൊറുതിമുട്ടുകയാണ്. തുടക്കത്തിൽ നല്ലനിലയിൽ റോഡിന്റെ പ്രവൃത്തികൾ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പലദിവസങ്ങളിലും പണികളൊന്നും നടക്കാത്ത സ്ഥിതിയായിരുന്നു.

ഈ കരാറുകാർ ഏറ്റെടുത്തിട്ടുള്ള ജില്ലയിലെ മറ്റു പ്രധാന റോഡുകളുടെ പ്രവൃത്തികളുടെ അവസ്ഥയും ഇതേനിലയിൽതന്നെയാണുള്ളത്. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു അറ്റകുറ്റപ്പണിയും നടത്താതിരുന്നതിനാൽ റോഡ് പാടേ തകർന്ന് നശിച്ചുതുടങ്ങിയിരുന്നു.

നിലവിൽ 35 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് നവീകരിക്കുന്നതിനായി 19.5 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ഈ തുക ഉപയോഗിച്ച് റോഡ് മുഴുവൻ നവീകരിക്കാൻ സാധിക്കില്ല. ഇതിനാൽ റോഡ് പാടെ തകർന്നിരിക്കുന്ന പെരിക്കല്ലൂർ മുതൽ ഇരുളം വരെയുള്ള ഭാഗം പൂർണമായി പണിയാനും ബാക്കി ഭാഗത്തെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കാനുമായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്.