പനമരം : പനമരത്തെ ശുദ്ധജലവിതരണപദ്ധതിയുടെ പൈപ്പിന്റെ ചോർച്ച നന്നാക്കി. കൊടുംവരൾച്ച അനുഭവപ്പെടുന്ന കാലത്തും ശുദ്ധജലവിതരണപദ്ധതിയുടെ പൈപ്പിന് ചോർച്ചവന്ന് മാസങ്ങളായി കുടിവെള്ളം പാഴായിട്ടും നന്നാക്കാൻ നടപടിയില്ലാത്തത് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞദിവസം ജലനിധിയുമായി ബന്ധപ്പെട്ടവരെത്തി മണ്ണ് നീക്കംചെയ്ത് പൈപ്പിലെ ചോർച്ച മാറ്റിയത്.

To advertise here,

പനമരം പൊതുമരാമത്ത് ഓഫീസ് ചുറ്റുമതിലിനോടുചേർന്ന് പനമരം സി.എച്ച്.സി.ക്ക്‌ മുൻപിലാണ് 10 മാസത്തോളമായി കുടിവെള്ളം പാഴായത്. പനമരം സി.എച്ച്.സി.യിൽ എത്തുന്ന രോഗികൾ വാഹനങ്ങൾ പാർക്കുചെയ്യുന്ന ഇടമാണിത്. വെള്ളം പമ്പുചെയ്യുന്ന സമയങ്ങളിൽ ലിറ്ററുകണക്കിന് വെള്ളമായിരുന്നു വെറുതേ പാഴായത്. മഴയുടെ കുറവുമൂലം കിണറുകളിലെ ജലലഭ്യത കുറഞ്ഞും കൃഷിയിടങ്ങൾ വറ്റിവരണ്ടും നൂറുകണക്കിന് ആളുകൾ ദുരിതം പേറുമ്പോഴാണ് ഇത്തരത്തിൽ യാതൊരു പ്രയോജനവുമില്ലാതെ കുടിവെള്ളം റോഡിലൂടെ പരന്നൊഴുകിയത്. തന്മൂലം റോഡും തകരാൻ ഇടയാക്കിയിട്ടുണ്ട്.

 തുള്ളിവെള്ളംപോലും ലഭിക്കാതെ ഒട്ടേറെ കുടുംബങ്ങൾ ദുരിതംപേറുമ്പോഴായിരുന്നു ഈ അനാസ്ഥ. നിസ്സാരമായ പൈപ്പിന്റെ ചോർച്ച മാറ്റാൻപോലും തയ്യാറാകാത്തത്‌ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അലംഭാവമാണെന്നും ഏതായാലും വാർത്തയ്ക്കുപിന്നാലെയെങ്കിലും പൈപ്പ് നന്നാക്കാൻ നടപടിയുണ്ടായത് ആശ്വാസകരമാണെന്നുമാണ് നാട്ടുകാർ പറയുന്നത്.