കുറ്റ്യാടി : മലയോര മേഖലയിൽ വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ കുറ്റ്യാടി–തൊട്ടിൽപ്പാലം സംസ്ഥാനപാതയിൽ വെള്ളക്കെട്ട്. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ വൈകുന്നേരം വരെ നീണ്ടുനിന്നതോടെ പൈക്കളങ്ങാടി ഇഖ്റ ആശുപത്രിക്ക് സമീപത്തും കുറ്റ്യാടി ടൗണിന് സമീപവുമാണ് വെള്ളം കെട്ടിനിന്നത്. ഇതോടെ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ ദുരിതത്തിലായി.

To advertise here,

ആശുപത്രിക്ക് സമീപത്തെ ഓവുചാൽ അടുത്തിടെ കോൺക്രീറ്റ് ചെയ്ത് പുതുക്കിപ്പണിതിരുന്നെങ്കിലും മഴവെള്ളം സുഗമമായി ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിനു കാരണമാകുന്നത്.

റോഡിലൂടെ നടന്നുപോകുന്നവർക്ക് ഓവുചാൽ തിരിച്ചറിയാൻ കഴിയാതെ അപകടസാധ്യതയും വർധിച്ചിട്ടുണ്ട്. ഓവുചാലിൽ വീണ് കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വീട്ടമ്മ ഓവുചാലിൽ വീണ് പരിക്കേറ്റിരുന്നു.

ആശുപത്രിയിലേക്കും സമീപപ്രദേശങ്ങളിലേക്കും എത്തുന്നവർ ഉൾപ്പെടെ പലരും ആശ്രയിക്കുന്ന സംസ്ഥാനപാതയിൽ വെള്ളക്കെട്ട് യാത്രാദുരിതം സൃഷ്ടിക്കുകയാണ്.

മഴ ശക്തമാകുമ്പോൾ സ്ഥിതി കൂടുതൽ അപകടകരമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഓവുചാലിലൂടെ മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.