ജൽജീവൻ പൈപ്പിടൽ തുടങ്ങിയിട്ട് ഒന്നരവർഷം
മേമുണ്ട-അമരാവതി റോഡിൽ തീരാദുരിതം
വടകര : വില്യാപ്പള്ളി പഞ്ചായത്തിലെ അമരാവതി-മേമുണ്ട-കീഴൽമുക്ക് റോഡിൽ ഒന്നരവർഷമായിട്ടും തീരാതെ ജൽജീവൻ പദ്ധതി പൈപ്പിടൽ. തുടക്കംമുതൽ കരാറുകാർക്ക് തോന്നുന്ന സമയത്ത് റോഡ് കുഴിച്ച് പൈപ്പിടുകയും തോന്നുമ്പോൾ നിർത്തുകയും ചെയ്യുന്നതാണ് രീതി. സ്വതവേ തകർന്നുകിടക്കുന്ന റോഡിൽ പൈപ്പിടാൻ കുഴിയെടുത്തതോടെ യാത്ര തീർത്തും ദുസ്സഹമായി.
ദിവസങ്ങളോളം മഴ മാറിനിന്ന സമയത്തൊന്നും റോഡ് കുഴിക്കാതെ മഴതുടങ്ങിയശേഷമാണ് കഴിഞ്ഞദിവസങ്ങളിൽ ഇവിടെ പണി പുനരാരംഭിച്ചത്. ഇതിൽ എസ്.എൻ.ഡി.പി. ഓഫീസിന് സമീപത്തെ പ്രവൃത്തിമൂലം വാഹനഗതാഗതം മാത്രമല്ല കാൽനടയാത്രപോലും നിലച്ചു. വ്യാഴാഴ്ച റോഡ് നീളെ ചെളിക്കുളമായിരുന്നു ഇവിടെ. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങളാണ് ഇതുമൂലം പ്രയാസത്തിലായത്. സ്കൂൾവിദ്യാർഥികൾ ഉൾപ്പെടെ നടന്നുപോകാൻ പ്രയാസപ്പെട്ടു.
കുഴിയെടുത്ത മണ്ണും ചെളിയും റോഡിലിട്ടതാണ് ദുരിതമായത്. ഇതിനിടെ മഴ പെയ്തതോടെ ചെളിവെള്ളം റോഡാകെ പരന്നൊഴുകി. മേമുണ്ട എച്ച്.എസ്.എസ്, എം.ഇ.എസ്., കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് കുട്ടികൾ നടന്നുപോകുന്ന വഴിയാണിത്. ഇവിടെ കുഴിയെടുക്കുന്ന സമയത്ത് ജലനിധിപദ്ധതിയുടെ പൈപ്പ് പൊട്ടിയിരുന്നു. ഇതോടെ ഈ പൈപ്പ് വഴിയുള്ള ജലവിതരണം നിലച്ചു.
ബുധനാഴ്ച ഇവിടെ പ്രവൃത്തി തുടങ്ങിയിരുന്നെങ്കിലും നാലുമാസംമുൻപ് പൈപ്പിടുന്ന സമയത്ത് പ്രദേശവാസിയുടെ മതിൽ തകർന്നത് പുനർനിർമിക്കാത്തത് നാട്ടുകാർ ചോദ്യംചെയ്തതിനെത്തുടർന്ന് കരാറുകാർ പ്രവൃത്തി നിർത്തി തിരികെപ്പോയി. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും മറ്റും ഇടപെട്ടതിനെത്തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് തിരിച്ചെത്തി പണി വീണ്ടും തുടങ്ങിയത്.
2025 മാർച്ച് 15-നാണ് മേമുണ്ട അമരാവതി റോഡിൽ ജൽജീവൻ പൈപ്പിടൽ തുടങ്ങിയത്. തുടക്കത്തിൽ വേഗത്തിൽ പ്രവൃത്തിനടന്നെങ്കിലും പിന്നീട് വേഗം നിലച്ചു. തുടർച്ചയായി പണിചെയ്തിരുന്നെങ്കിൽ ഇടയ്ക്കിടെ ദുരിതത്തിലാകുന്ന ഗതികേട് ഒഴിവാകുമായിരുന്നു. അവിടവിടയായി കുറെ ഭാഗങ്ങൾ ഒഴിച്ചിട്ടാണ് പൈപ്പിട്ടത്.
പുനരുദ്ധാരണത്തിന് ഫണ്ട് കിട്ടി, പക്ഷേ...
പി.എം.ജി.എസ്.വൈ. പദ്ധതിയിൽ നവീകരിക്കുന്ന അമരാവതി-മേമുണ്ട-കീഴൽമുക്ക്-വായേരിമുക്ക് റോഡിൽ ജൽജീവൻ പൈപ്പിട്ട ഭാഗം പുനരുദ്ധരിക്കാനുള്ള ഫണ്ട് ഏപ്രിലിൽ ജലഅതോറിറ്റി പി.എം.ജി.എസ്.വൈ. വിഭാഗത്തിന് അടച്ചിട്ടുണ്ട്. പൈപ്പിടൽ പൂർത്തിയാകാത്തതിനാൽ പ്രവൃത്തി ഇതുവരെ ടെൻഡർ ചെയ്യാനായിട്ടില്ല. പൈപ്പിട്ടശേഷം ഈ ഭാഗം ജി.എസ്.ബി.യിട്ട് പുനരുദ്ധരിച്ചശേഷം മാത്രമേ പി.എം.ജി.എസ്.വൈ. പ്രവൃത്തിയും തുടങ്ങാൻ കഴിയൂ. ഈ പ്രവൃത്തി വൈകുന്നതിന്റെ ഒരു കാരണമിതാണ്. മേമുണ്ട-കീഴൽമുക്ക് റോഡിൽ ഇനിയും പൈപ്പിടാനുണ്ട്. ഇതെല്ലാം പൂർത്തിയായി റോഡ് പുനരുദ്ധാരണം നടത്തുമ്പോഴേക്കും ഏറെ വൈകും. ഈ മാസം പുനരുദ്ധാരണപ്രവൃത്തി ടെൻഡർ ചെയ്യാൻ പി.എം.ജി.എസ്.വൈ. വിഭാഗം ആലോചിച്ചിരുന്നെങ്കിലും പൈപ്പിടുന്ന ഡയഗ്രത്തിൽ വ്യത്യാസമുള്ളതിനാൽ പൈപ്പിട്ട് കഴിഞ്ഞശേഷം ടെൻഡർ ചെയ്യാനാണ് തീരുമാനം. പൈപ്പിടൽ വൈകുന്തോറും റോഡ് പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തിയും വൈകും.
Published: 23 Oct 2026, 03:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented