
1974 മേയ് 18, ഇന്ത്യയുടെ ആത്മവീര്യത്തിന്റെ ഗര്‍ജനം മുഴങ്ങിയ ദിനം. ലോകചരിത്രത്തെ, ലോകത്തിന്റെ ശാക്തിക ബലതന്ത്രങ്ങളെത്തന്നെ മാറ്റിയെഴുതിയ ഒന്നായിരുന്നു 1974ല്‍ രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ നടന്ന ആണവ പരീക്ഷണം. അതിന് ഇന്ത്യ നല്‍കിയ വിളിപ്പേരായിരുന്നു സ്‌മൈലിങ് ബുദ്ധ അഥവാ ബുദ്ധന്‍ ചിരിക്കുന്നു. ധ്യാനാവസ്ഥയിലുള്ളതല്ലാതെ ചിരിക്കുന്ന മുഖത്തോടെയുള്ള ബുദ്ധന്റെ ചിത്രങ്ങളോ വിഗ്രഹങ്ങളോ അപൂര്‍വ്വമാണ്. ധ്യാനത്തിന്റെ അത്യുന്നതാവസ്ഥയില്‍ മഹാനിര്‍വാണത്തില്‍ വിലയിച്ചിരിക്കുമ്പോഴുള്ള അനിര്‍വചനീയമായ ആനന്ദത്തെ പുല്‍കിയ ഭാവമാണ് സാധാരണയായി ബുദ്ധനില്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. സര്‍വസംഹാരിയായ ആണവായുധത്തിന്റെ പരീക്ഷണത്തിന് നാടകീയമായ പേര് നിര്‍ദ്ദേശിച്ചതിന് കാരണമായി പറയുന്നത് പരീക്ഷണം നടന്ന 1974 മേയ് 18ന് ബുദ്ധപൂര്‍ണിമ ആയിരുന്നു എന്നതാണ്. എന്തായാലും അന്ന് നടത്തിയ ആണവ പരീക്ഷണത്തിന് ആ പേര് നിര്‍ദ്ദേശിച്ചത് ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ അഥവാ ബാര്‍ക്കിന്റെ അന്നത്തെ ഡയറക്ടറായിരുന്ന രാജാ രാമണ്ണയായിരുന്നു. ഓപ്പറേഷന്‍ സ്‌മൈലിങ് ബുദ്ധ വിജയകരമായി നടത്തിയതിന് ശേഷം രാജാ രാമണ്ണ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വിളിച്ചറിയിച്ചത് ഇങ്ങനെയായിരുന്നു, 'ബുദ്ധന്‍ ചിരിച്ചു!'
ബുദ്ധന്‍ ചിരിക്കുന്നു
ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗമല്ലാത്ത ഒരു രാജ്യം ആണവായുധ ശേഷി കൈവരിച്ചുവെന്ന സത്യം ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. ലോകപോലീസെന്ന് സ്വയം അഹങ്കരിച്ച, ലോകത്തിന്റെ ഏതുകോണിലും ചാരക്കണ്ണുകളുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കുപോലും ഇന്ത്യയുടെ നീക്കങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. അവിടെയാണ് പൊഖ്‌റാനിലെ ആണവ പരീക്ഷണത്തിന്റെ പ്രസക്തിയേറുന്നത്. ഒന്നിന് പിറകെ ഒന്നൊന്നായി ഉപരോധങ്ങളുടെ നീണ്ട പ്രതിബന്ധങ്ങളാണ് പിന്നീട് ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. ഓരോ ഭാരതീയനേയും അഭിമാനപുളകിതനാക്കുന്നതാണ് അതിന്റെ പിറകിലെ പ്രയത്‌നങ്ങളൊക്കെയും. നമുക്കതിന്റെ പിന്നാമ്പുറ കഥകളിലേക്ക് പോകാം.
ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുമ്പുതന്നെ ആണവമേഖലയില്‍ ഗവേഷണങ്ങള്‍ നടന്നിരുന്നു. ഇന്ത്യന്‍ ആണവോര്‍ജ പദ്ധതികളുടെ പിതാവായി കണക്കാക്കുന്ന ഹോമി ജെ. ബാബ സ്ഥാപിച്ച ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ 1945കളില്‍ ആണവമേഖലയിലെ ഗവേഷണങ്ങള്‍ നടന്നിരുന്നു. ഇന്ത്യ സ്വതന്ത്രയായതിന് ശേഷം 1948ലാണ് ആണവോര്‍ജ നിയമം പാസാകുന്നത്. അങ്ങനെ ഇന്ത്യന്‍ അറ്റോമിക് എനര്‍ജി കമ്മിഷന്‍ സ്ഥാപിതമായി. തുടക്കത്തില്‍ ഇന്ത്യ ആണവായുധ വികസനത്തിന് എതിരായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനിലുണ്ടായ ആണവായുധ പ്രയോഗത്തിന്റെ തീവ്രത കണ്ട ഇന്ത്യ ആണവോര്‍ജത്തെ സമാധാന ആവശ്യത്തിനുപരിയായി ആയുധമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്ന നിലപാട് ആദ്യകാലങ്ങളിലെടുത്തു. ആഗോളതലത്തില്‍ ആണവനിരായുധീകരണത്തിന് മുന്‍കൈയെടുത്തെങ്കിലും അമേരിക്കയും സോവിയറ്റ് യൂണിയനുമുള്‍പ്പെടെയുള്ള ശാക്തിക രാജ്യങ്ങള്‍ ആണവായുധമുപേക്ഷിക്കില്ലെന്ന് ബോധ്യമായതോടെ ആണവ നിരായുധീകരണ കരാറില്‍ ഒപ്പുവെയ്ക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറി. ആണവനിരായുധീകരണം എന്നത് ആണവായുധം ചിലര്‍ക്ക് മാത്രമായി നിശ്ചയിക്കപ്പെടാനുള്ള നീക്കമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഇന്ത്യ അതില്‍ നിന്ന് പിന്മാറിയത്. ആരും ആണവായുധം കൈവശം വെയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നതായിരുന്നു അന്നൊക്കെ ഇന്ത്യ വാദിച്ചിരുന്നത്.
എന്നാല്‍ ആണവായുധങ്ങളോടുള്ള സമീപനം കാലവും സാഹചര്യങ്ങളും മാറിയതോടെ പതിയെ ഇന്ത്യയും മാറ്റി. 1960കളിലാണ് ഇതിനുള്ള കളമൊരുങ്ങിയത്. ആഗോളതലത്തില്‍ ആണവായുധങ്ങളോടുള്ള സമീപനമറിഞ്ഞിരുന്ന ഹോമി ജെ. ബാബ പതിയെ ആണവായുധത്തെപ്പറ്റി ഈ സമയങ്ങളില്‍ സംസാരിച്ചുതുടങ്ങിയിരുന്നു. ആണവായുധ വികസനപദ്ധതികള്‍ അയല്‍രാജ്യമായ ചൈന മുന്നോട്ടുകൊണ്ടുപോകുന്ന സമയമായിരുന്നു അത്. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിക്കുകയും ആ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് പരാജയം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ചൈനീസ് ഭീഷണി ഒരു സുരക്ഷാപ്രശ്‌നമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവര്‍ ആണവായുധം കൂടി സ്വന്തമാക്കിയാല്‍ അത് അപകടമാണെമെന്ന് ഇന്ത്യ തിരിച്ചറിഞ്ഞിരുന്നു. ആണവായുധ വികസന പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരിലും പ്രധാനമന്ത്രി നെഹ്‌റുവിലും ഹോമി ജെ. ബാബ പലതവണ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ആണവായുധ വികസനത്തിനുള്ള പദ്ധതികള്‍ക്ക് ജീവന്‍ വെച്ചു. എന്നാല്‍ 1964ല്‍ നെഹ്‌റു അന്തരിച്ചതോടെ ആ ശ്രമങ്ങള്‍ക്ക് വേഗം കുറഞ്ഞു. പിന്നീട് വന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി സര്‍ക്കാരിന്റെ കാലത്ത് 1965ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടായി. 1966ല്‍ ഹോമി ജെ. ബാബ അന്തരിക്കുകയും ആണവോര്‍ജ കമ്മിഷന്‍ സ്ഥാനത്തേക്ക് വിക്രം സാരാഭായ് നിയമിതനാകുകയും ചെയ്തു.
ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന വിക്രം സാരാഭായിയ്ക്ക് ആണവോര്‍ജം സമാധാന ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമെന്ന നിലപാടായിരുന്നു. എങ്കിലും ഹോമി ജെ. ബാബയുടെ കാലത്ത് തുടങ്ങിയ ആണവ ബോംബിന്റെ വികസന പദ്ധതികളുമായി ഭൗതിക ശാസ്ത്രജ്ഞനായ രാജാ രാമണ്ണ മുന്നോട്ടുപോയി. 1966ല്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്തരിച്ചതോടെ പ്രധാനമന്ത്രിയായി ഇന്ദിര ഗാന്ധി അധികാരമേറ്റു. ഇതോടെ ആണവായുധ വികസന പദ്ധതിക്ക് പുതുജീവനായി. അതീവ രഹസ്യമായി രാജാ രാമണ്ണയുടെ നേതൃത്വത്തില്‍ 75 ശാസ്ത്രജ്ഞര്‍ ആണവായുധത്തിനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു. ആണവായുധത്തിനുള്ള പ്ലൂട്ടോണിയം സമ്പുഷ്ടീകരണം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ ഇതിനൊപ്പം നടന്നു. ഇന്ത്യയില്‍ അസ്വാഭാവികമായി കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന് അക്കാലത്ത് തന്നെ അമേരിക്കന്‍ ചാരന്മാര്‍ മണത്തറിഞ്ഞിരുന്നു. അതിനാല്‍ ഇന്ത്യയുടെ ആണവ പദ്ധതികള്‍ നിരീക്ഷിക്കാന്‍ ചാരക്കണ്ണുകള്‍ അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ തുറന്നുപിടിച്ചിരുന്നു.
ഇതിനിടയില്‍ 1969 ആയപ്പോഴേക്കും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഒരൊറ്റ ആണവ ബോംബ് നിര്‍മിക്കാനാവശ്യമായ പ്ലൂട്ടോണിയം സമ്പുഷ്ടീകരിച്ചെടുത്തു. ഈ സമയത്ത് ഒരുസംഘം ഗവേഷകര്‍ വി.എസ് രാമമൂര്‍ത്തിയെന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ പ്ലൂട്ടോണിയം ബോംബ് നിര്‍മിക്കുന്നതിനാവശ്യമായ കോര്‍ അഥവാ ബോംബിനുള്ളില്‍ ആണവവിഘടനം നടത്തുന്നതിനുള്ള സംവിധാനം വികസിപ്പിച്ചു. ബോംബിന്റെ ഡിറ്റണേഷന്‍ സംവിധാനം 1970 ആയപ്പോഴേക്കും ഡിആര്‍ഡിഒയുടെ ഹൈ എനര്‍ജി മെറ്റീരിയല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്തു. ഇതേവര്‍ഷം ജൂലായില്‍ പ്രതിരോധമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവായി നിയമിതനായ ബി.ഡി നാഗ്ചൗധരിയെയും ബാര്‍ക്കിലെ ശാസ്ത്രജ്ഞനായ രാജാ രാമണ്ണയെയും ആണവബോംബ് പരീക്ഷണം നടത്താനുള്ള സംഘത്തെ തിരഞ്ഞെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തി. അത്യന്തം രഹസ്യാത്മകമായ റിക്രൂട്ട്‌മെന്റാണ് ഇതിനായി അവലംബിച്ചത്. ഈ സംഘത്തിന്റെ പ്രവര്‍ത്തനം നടന്നത് ഡിആര്‍ഡിഒയുടെ കീഴിലുള്ള ടെര്‍മിനല്‍ ബാലിസ്റ്റിക് റിസര്‍ച്ച് ലബോറട്ടറിയിലാണ്.
1971 ആയപ്പോഴേക്കും ടെര്‍മിനല്‍ ബാലിസ്റ്റിക് റിസര്‍ച്ച് ലബോറട്ടറി ബോംബിന്റെ ഇംപള്‍ഷന്‍ സംവിധാനം വികസിപ്പിച്ചെടുത്തു. ഈ സമയത്താണ് ഇന്ത്യ- പാകിസ്താന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധത്തില്‍ പാകിസ്താനെ സഹായിക്കാന്‍ അമേരിക്ക അവരുടെ യുഎസ്എസ് എന്റര്‍പ്രൈസ് എന്ന വിമാനവാഹിനിയടക്കമുള്ള നാവികപ്പടയെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് അയച്ചു. ഇന്ത്യയെ സഹായിക്കാന്‍ സോവിയറ്റ് യൂണിയന്‍ അവരുടെ ആണവായുധ ശേഷിയുള്ള വ്‌ളാദിവ്‌സ്‌റ്റോക് എന്ന അന്തര്‍വാഹിനിയെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് അയച്ചു. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള യുദ്ധം ഭയന്ന അമേരിക്കന്‍ പട കടലില്‍ നിസ്സഹായരായി നിന്ന സമയത്ത് ഇന്ത്യ പാകിസ്താന് മേല്‍ വിജയം വരിക്കുകയും പിന്നീട് ബംഗ്ലാദേശെന്ന രാജ്യം പിറക്കുകയും ചെയ്തത് ചരിത്രം.
ഈ പ്രതിസന്ധിക്കിടെയിലും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ആണവായുധ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. അങ്ങനെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ 1972ല്‍ ലോകത്തെ ഞെട്ടിക്കാനുള്ള പ്ലൂട്ടോണിയം ബോംബ് നിര്‍മിക്കുകയും പരീക്ഷണത്തിന് സജ്ജമാക്കുകയും ചെയ്തു. പിന്നീട് വേണ്ടിയിരുന്നത് ഭരണതലത്തില്‍ നിന്നുള്ള അനുമതി മാത്രമായിരുന്നു. ബാക്കിയുള്ള എല്ലാ നടപടികളും ഗവേഷകര്‍ പൂര്‍ത്തിയാക്കിയിരുന്നു.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം അതീവരഹസ്യമായി രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ ബോംബിന്റെ പരീക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഭരണതലത്തില്‍ ഇന്ദിര ഗാന്ധിയും അവരുടെ ഉപദേഷ്ടാക്കളായ പരമേശ്വര്‍ ഹക്‌സര്‍, ഡി.പി ധര്‍ എന്നിവര്‍ക്ക് മാത്രമാണ് ആണവായുധ പരീക്ഷണം നടക്കാന്‍ പോകുന്നുവെന്ന വിവരം അറിയാമായിരുന്നത്. പാശ്ചാത്യ ഉപരോധ ഭീഷണി ഭയന്ന ഡി.പി. ധര്‍ പരീക്ഷണത്തെ ആദ്യം ശക്തിയുക്തം എതിര്‍ത്തു. ഉപരോധങ്ങള്‍ മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ താറുമാറാകുമെന്ന് ഡി.പി ധര്‍ വാദിച്ചു. എന്നാല്‍ എതിര്‍പ്പുകളെ മറികടന്ന് പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ ഇന്ദിര ഗാന്ധി തീരുമാനിച്ചു.
ആണവ പരീക്ഷണത്തിന് 48 മണിക്കൂര്‍ മുമ്പ് മാത്രമാണ് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജഗ്ജീവന്‍ റാമിനെയും വിദേശകാര്യമന്ത്രി സ്വരണ്‍ സിങ്ങിനെയും ഇക്കാര്യം അറിയിച്ചത്. സൈനികതലത്തില്‍ കരസേനാ മേധാവി ജനറല്‍ ജെ.ജി. ബെവൂര്‍, കരസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ടി.എന്‍ റെയ്‌ന എന്നിവര്‍ക്ക് മാത്രമാണ് ആണവപരീക്ഷണത്തിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ കൈമാറിയിരുന്നത്. ഒടുവില്‍ ആ ദിനം വന്നെത്തി. 1974 മേയ് 18 ബുദ്ധപൂര്‍ണിമ ദിനത്തില്‍ പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ സെന്ററില്‍ വെച്ച് പ്രണബ് രെബതിരഞ്ജന്‍ ദസ്തിദാര്‍ എന്ന ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍ ബോംബിന്റെ ഡിറ്റണേഷന്‍ ആരംഭിക്കാനുള്ള ബട്ടണില്‍ വിരലമര്‍ത്തി. രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതുന്ന സുവര്‍ണ നിമിഷത്തിലേക്ക് സ്വന്തം പേരെഴുതി ചേര്‍ക്കുകയായിരുന്നു അദ്ദേഹം.

ഞെട്ടിപ്പോയ ലോകപോലീസ്
ആണവ ബോംബ് പരീക്ഷിച്ചുവെന്ന് ഇന്ത്യ അറിയിച്ചതോടെ ആദ്യം ഞെട്ടിയത് അമേരിക്കയും കാനഡയുമായിരുന്നു. ഇന്ത്യയ്‌ക്കെതിരെ അവര്‍ കടുത്ത നിലപാടിലേക്ക് മാറി. ഗവേഷണ ആവശ്യത്തിനായി നല്‍കിയ സൈറസ് റിയാക്ടര്‍ ഉപയോഗിച്ചാണ് ഇന്ത്യ പ്ലൂട്ടോണിയം സമ്പുഷ്ടീകരണം നടത്തിയതെന്നാരോപിച്ചാണ് കാനഡ ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞത്. ആണവ പരീക്ഷണത്തിന് ഇന്ത്യ ഉപയോഗിച്ചത് തങ്ങള്‍ നല്‍കിയ ഘനജലമാണെന്ന് അമേരിക്കയും ആരോപിച്ചു. സാധാരണ ജലതന്മാത്രകള്‍ക്ക് പകരം ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം കൂടിയ അളവില്‍ അടങ്ങുന്ന ജലത്തിനെയാണ് ഘനജലമെന്ന് വിളിക്കുന്നത്. ആണവ റിയാക്ടറുകളില്‍ മോഡറേറ്ററായി ഉപയോഗിക്കുന്നതാണ് ഘനജലം.
ഇന്ത്യ ആണവ പരീക്ഷണം നടത്തിയേക്കുമെന്ന് സംശയിച്ചിരുന്ന അമേരിക്ക വ്യാപകമായി ചാര ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നെങ്കിലും അത് കണ്ടെത്താന്‍ സാധിക്കാതെ പോയതാണ് അവരെ വെകിളിപിടിപ്പിച്ചത്. മാത്രമല്ല അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്ക് ഇക്കാര്യം നേരത്തെ കണ്ടെത്താന്‍ സാധിക്കാതെ പോയതും അവര്‍ക്ക് നാണക്കേടായി. ലോകത്ത് എന്തുനടക്കുമെന്ന് നേരത്തെ അറിയാനും അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമെങ്കില്‍ അത് മുളയിലെ നുള്ളാനുമൊക്കെ കെല്‍പ്പുള്ള പുകള്‍പ്പെറ്റ സിഐഎയ്ക്ക് പോലും ഇന്ത്യയുടെ നീക്കങ്ങള്‍ അറിയാന്‍ സാധിക്കാതെ പോയി. മറുവശത്ത് പൊഖ്‌റാന്‍ മരുഭൂമിയില്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ അമേരിക്കയുടെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്താതിരിക്കാന്‍ വളരെ വിദഗ്ധമായാണ് ഇന്ത്യന്‍ സംഘം പ്രവൃത്തികള്‍ മുന്നോട്ടുകൊണ്ടുപോയത്. മരുഭൂമിയുടെ ഭൗമ സവിശേഷതകളുള്‍ക്കൊപ്പം ഇന്ത്യന്‍ സംഘത്തിന്റെ നിര്‍മിതികളും അമേരിക്കന്‍ ചാരക്കണ്ണുകളെ കബളിപ്പിച്ചു. ഇന്ത്യ ആണവസ്‌ഫോടനം നടത്തിയെന്ന് അറിയിച്ചപ്പോള്‍ മാത്രമാണ് അങ്ങനെയൊന്ന് നടന്നതായി അവര്‍ക്ക് അറിയാനായത്. അതിനുശേഷം അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 2008ലെ ഇന്ത്യ-അമേരിക്ക സിവില്‍ ആണവ കരാറിന്റെ ഭാഗമായാണ് ഒഴിവാക്കിയത്.
ഇന്ത്യയുടെ ആണവപരീക്ഷണം ആഗോളതലത്തില്‍ ആണവവസ്തുക്കളുടെ വ്യാപാരത്തിനും നിയന്ത്രണത്തിനുമായി 'ന്യൂക്ലിയര്‍ സപ്ലെയര്‍ ഗ്രൂപ്പ്' എന്ന സംഘടനയുടെ രൂപവത്കരണത്തിനും ഇടയാക്കി. ഇനി ഒരു രാജ്യവും ആണവപരീക്ഷണം നടത്തുന്നില്ല എന്നുറപ്പാക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യം. അതേസമയം, ദക്ഷിണേഷ്യയില്‍ ഇന്ത്യയ്ക്ക് മേധാവിത്വം ഉണ്ടാകുമെന്ന് ഭയന്ന പാകിസ്താന്‍ ആണവായുധ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരംഭിക്കുകയും ചെയ്തുവെന്നതാണ് ഇതിന്റെ ബാക്കിപത്രം. പിന്നീട് പാകിസ്താന്‍ സ്വന്തമായി ആണവ പരീക്ഷണം നടത്തുകയും ആണവായുധം സ്വന്തമായ രാജ്യമായി മാറുകയും ചെയ്തു. ഇന്ന് ഇന്ത്യയേക്കാള്‍ കൂടുതല്‍ ആണവായുധങ്ങള്‍ അവരുടെ പക്കലുണ്ടെന്നാണ് പറയപ്പെടുന്നത്.
ഇന്ത്യ നടത്തിയ ആണപരീക്ഷണത്തെ വിലകുറച്ച് കാണാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ പിന്നീട് ശ്രമിച്ചത്. ആറുകിലോയോളം വരുന്ന പ്ലൂട്ടോണിയമാണ് ബോംബിന് വേണ്ടി ഉപയോഗിച്ചത്. 1945ല്‍ അമേരിക്ക നാഗസാക്കിയില്‍ ഉപയോഗിച്ച ഫാറ്റ്മാന്‍ എന്ന പ്ലൂട്ടോണിയം ബോംബിലുപയോഗിച്ച സംവിധാനമാണ് ഇന്ത്യയും പരീക്ഷിച്ചത്. 1974ലെ പരീക്ഷണത്തില്‍ ആണവ ബോംബ് പൊട്ടി പുറത്തുവന്ന ഊര്‍ജമെന്നത് എട്ട് കിലോടണ്‍ ടിഎന്‍ടി സ്‌ഫോടനത്തിന് തുല്യമായിരുന്നു. എന്നുവച്ചാല്‍ 80 ലക്ഷം കിലോ ടിഎന്‍ടി പൊട്ടിത്തെറിച്ചാലുണ്ടാകുന്ന അത്രയും ശക്തി. സ്‌ഫോടനത്തിന്റെ ആഘാതത്തെ തുടര്‍ന്ന് ബോംബ് സ്ഥാപിച്ചിരുന്നിടത്ത് ഭീമമായ ഗര്‍ത്തമാണ് രൂപപ്പെട്ടത്. ഇതിന് ശേഷം രാജ്യത്തിന് നേരിടേണ്ടി വന്നത് അന്താരാഷ്ട്രതലത്തിലുള്ള വലിയ വിമര്‍ശനങ്ങളും പ്രതിസന്ധികളുമാണ്. എന്നാല്‍ ഈ പരീക്ഷണം ഇന്ദിരഗാന്ധിക്ക് രാജ്യത്താകെ വീരപരിവേഷമാണ് ചാര്‍ത്തിക്കൊടുത്തത്. 1971ലെ യുദ്ധവിജയവും പിന്നാലെ 74ല്‍ നടന്ന ആണവ ബോംബ് പരീക്ഷണവും ഇന്ദിര ഗാന്ധിക്കും കോണ്‍ഗ്രസിനും രാഷ്ട്രീയമായി ഏറെ ഗുണം ചെയ്തു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖ ഗവേഷകര്‍ക്ക് പദ്മവിഭൂഷണ്‍, പദ്മശ്രീ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു. വീണ്ടും പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യ മറ്റൊരു ആണവ ബോംബ് പരീക്ഷണം നടത്തിയത്. അത് മറ്റൊരു കഥയാണ്.
(തുടരും...)
Content Highlights: India`s first nuclear test, code-named `Smiling Buddha`, was conducted on May 18, 1974.
Published: 13 Jan 2025, 06:12 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented