എം.ടി. വാസുദേവന്‍ നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നകാലത്ത് ഒ.വി. വിജയനെ തമസ്‌കരിക്കാന്‍ ശ്രമിച്ചിച്ചെന്ന രീതിയില്‍ അദ്ദേഹത്തിന്റെ മരണശേഷം ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്തും അവാസ്തവമാണെന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.സി. നാരായണന്‍.'എം.ടി. എന്ന പത്രാധിപര്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പത്രാധിപന്മാര്‍ക്ക് എഴുത്തുകാരുടെ ഇടയില്‍നിന്ന് ശത്രുക്കളും വായനക്കാര്‍ക്ക് ഇടയില്‍നിന്ന് മിത്രങ്ങളുമുണ്ടാകുന്നത് സ്വാഭാവികമാണ്. അങ്ങനെ ഒരു അനിഷ്ടക്കാരന്‍ പടച്ചുവിട്ടതാണ് ഈ ആരോപണം. എന്നാല്‍, എം.ടി. ഒരിക്കലും തന്റെ സൃഷ്ടികള്‍ വരുത്താനോ മറ്റുള്ളവരുടേത് മനഃപൂര്‍വം തിരസ്‌കരിക്കാനോ ശ്രമിച്ചിട്ടില്ല. സാമൂഹികമാധ്യമത്തില്‍ ഈ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ താന്‍ നേരിട്ട് പഴയ ആഴ്ചപ്പതിപ്പിന്റെ ലക്കങ്ങള്‍ പരിശോധിച്ചു. എം.ടി.യുടെ കാലവും ഒ.വി.യുടെ ഖസാക്കിന്റെ ഇതിഹാസവും ഏതാണ്ട് ഒരേകാലത്താണ് പുറത്തുവരുന്നത്. ഇതേക്കുറിച്ച് കെ.പി. നിര്‍മല്‍ കുമാര്‍ എന്ന നിരൂപകന്‍ എഴുതിയ വിലയിരുത്തല്‍ എം.ടി.തന്നെയാണ് ആഴ്ചപതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയത്. കാലത്തെ അനുകൂലിക്കാത്തതും ഖസാക്കിന്റെ ഇതിഹാസത്തെ അനുകൂലിക്കുന്നതുമായിരുന്നു ആ നിരൂപണം. അത് കണ്ടതോടെ ഈ പ്രചരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് രേഖാമൂലം തെളിഞ്ഞു -കെ.സി. നാരായണന്‍ വ്യക്തമാക്കി.

എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, ചലച്ചിത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണങ്ങളെക്കാള്‍ പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണത്തില്‍ അറിയാനാണ് എം.ടി. കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. അപരിചിതരോട് തന്റെ ജോലി പത്രപ്രവര്‍ത്തനമാണെന്ന് പറയാനാണ് എപ്പോഴും ശ്രമിക്കാറെന്ന് എം.ടി. തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടി.യുടെ സഹപ്രവര്‍ത്തകനായ കവി കെ.വി. രാമകൃഷ്ണന്‍, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്ററും എം.ടി.യുടെ ജീവചരിത്രരചയിതാവുമായ ഡോ. കെ. ശ്രീകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അസി. എഡിറ്ററും എഴുത്തുകാരനുമായ സുഭാഷ് ചന്ദ്രന്‍ മോഡറേറ്ററായി.