ശംഖനാദം കേട്ടാൽ ഓടിയെത്തും, മൂക്കിൽ കയറുകളില്ല; പ്രവാസി വ്യവസായിയുടെ ഗീർ പശു ഫാം
ശംഖനാദം കേൾക്കുമ്പോൾ ഓടിയെത്തുന്ന, മൂക്കിൽ കയറുകളില്ലാത്ത... സ്വതന്ത്രമായി മേഞ്ഞുനടക്കുന്ന നൂറിൽപരം ഗീർ പശുക്കൾ.. കേരളത്തിൽ അത്ര പരിചിതമല്ലാത്ത പശു പരിചരണമാണ് ജിജികുമാർ എന്ന ബിസിനസുകാരനായ കർഷകന്റേത്. തന്റെ മക്കൾക്ക് ഏറ്റവും നല്ല ഭക്ഷണം നൽകണമെന്ന ഒരു പിതാവിന്റെ ആഗ്രഹമാണ് ദുബായിൽ വർഷങ്ങളായി ബിസിനസ് ചെയ്തുവരുന്ന അദ്ദേഹത്തെ നാടൻ ഗീർ പശുക്കളെ വളർത്തുന്നതിലേക്ക് നയിച്ചത്. ശുദ്ധമായ നെയ്യും മറ്റ് ഉത്പന്നങ്ങളും നിർമിക്കണമെങ്കിൽ അതിന് സാധാരണ പശു വളർത്തൽ രീതി സഹായിക്കില്ലെന്ന ബോധ്യമാണ് തന്നെ വ്യത്യസ്തമായ പരിചരണരീതിയിലേക്ക് തിരിച്ചതെന്ന് അദ്ദേഹം പറയുന്നു.
തൃശ്ശൂർ ജില്ലയിലെ മാളയ്ക്കടുത്തുള്ള എരവത്തൂരിൽ 18 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഇവയുടെ മേച്ചിലിടം ഗുജറാത്തിലെ ഗീർ വനത്തിന് സമാനമായിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കന്നുകാലികളെ കെട്ടിയിടാതെ, അവയുടെ സ്വാഭാവിക അന്തരീക്ഷത്തിൽ സ്വതന്ത്രമായി വിട്ടു വളർത്തുന്ന രീതിയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
ഗുജറാത്തിലെ ഗീർ പശുക്കൾ വളരെ ബുദ്ധിയുള്ളവയും ശാന്തവുമാണ്. മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങാനും അവരുടെ ശബ്ദങ്ങളോടും ആംഗ്യങ്ങളോടും കൃത്യമായി പ്രതികരിക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. വീതിയുള്ള നെറ്റിത്തടം, പുറകോട്ടു ചെരിഞ്ഞതും ചുറ്റിപ്പിണഞ്ഞതുമായ കൊമ്പുകൾ, നീണ്ട തൂങ്ങിക്കിടക്കുന്ന ചെവികൾ, പാതി അടഞ്ഞതുപോലെയുള്ള കണ്ണുകൾ എന്നിവയാണ് ഇവയുടെ പ്രത്യേകത. ഗീർ പശുക്കളുടെ പാൽ ആരോഗ്യത്തിന് ഏറെ ഗുണകരമായ A2 പാൽ വിഭാഗത്തിൽ പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കാലാവസ്ഥയുമായി നന്നായി ഇണങ്ങിച്ചേരാനും, വിവിധ രോഗങ്ങളെ ചെറുത്തുനിൽക്കാനും ഇവയ്ക്ക് വലിയ കഴിവുണ്ട്. ഈ പ്രത്യേകതകൾ മനസിലാക്കിയാണ് ജിജികുമാർ നാടൻ ഗീർ പശുക്കളെ വളർത്താൻ തീരുമാനിച്ചത്.
ഫാമിലെ പശുക്കളുടെ ഭക്ഷണക്രമവും പൂർണ്ണമായും പ്രകൃതിദത്തമാണ്. പുറത്തുനിന്നുള്ള കെമിക്കൽ ഫീഡുകൾ ഒഴിവാക്കി ദശപുഷ്പങ്ങൾ, നവധാന്യങ്ങൾ, ആര്യവേപ്പില, സ്വാഭാവികമായി വളരുന്ന പുല്ല് എന്നിവയാണ് നൽകുന്നത്. 40 കിലോ വരുന്ന ഇന്തുപ്പിന്റെ കട്ടകൾ നക്കി തിന്നാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മിനറൽസിന്റെ ആവശ്യത്തിനനുസരിച്ച് പശുക്കൾ ഇത് ഉള്ളിലേക്ക് എടുക്കുന്നു. പാനീയമായി നൽകുന്നത് കിണറ്റിലെ പ്രകൃതിദത്തമായ ശുദ്ധജലമാണ്.
ഈച്ചകളെയും കൊതുകുകളെയും നശിപ്പിക്കാൻ യാതൊരുവിധ രാസകീടനാശിനികളും ഈ ഫാമിൽ ഉപയോഗിക്കാറില്ല. ഫാമിലെ ഉയർന്ന മേൽക്കൂരയിലുള്ള ചിലന്തിവലകൾ നീക്കം ചെയ്യാതെ നിലനിർത്തുന്നതിലൂടെ അവ പ്രകൃതിദത്ത കീടനിയന്ത്രണമായി പ്രവർത്തിക്കുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലൂടെ രോഗബാധകളില്ലാതെ പശുക്കൾക്ക് ജീവിക്കാൻ സാധിക്കുന്നുവെന്ന് ജിജി കുമാർ പറയുന്നു.
140 ലേറെ ഗീർ പശുക്കൾ, ലഭിക്കുന്നതോ 120 ലിറ്റർമാത്രം!
140 ലേറെ ഗീർ പശുക്കളുള്ള വലിയൊരു ഫാം. പ്രതിദിനം ആയിരം ലിറ്ററിലധികം പാൽ ലഭിക്കുമെന്ന സ്വാഭാവിക ചിന്ത എല്ലാവരിലും ഉണ്ടാകും. എന്നാൽ ഇവിടെ പ്രതിദിനം ലഭിക്കുന്നത് ഏകദേശം 120 ലിറ്റർ പാൽ മാത്രമാണെന്നതാണ് യാഥാർത്ഥ്യം. പാലിന്റെ അളവ് കൂട്ടുന്നതിനേക്കാൾ അതിൻ്റെ ഗുണമേന്മയ്ക്കും പശുക്കളുടെ പ്രതിരോധശേഷിക്കും ആരോഗ്യത്തിനുമാണ് ഇവിടെ മുൻഗണന നൽകുന്നത്. കൃത്രിമ തീറ്റകളോ പെല്ലറ്റുകളോ നൽകി അകിടിലെ പാൽ കൂട്ടാൻ ശ്രമിക്കാതെ സ്വഭാവികമായി മേയാൻവിട്ട് ഏറ്റവും മികച്ച തീറ്റ നൽകിയാണ് ഇവിടെ പശുക്കളെ വളർത്തുന്നത്. പാൽ കുറയുമെങ്കിലും ഏറ്റവും ഗുണമേന്മയുള്ള പാൽ ഉറപ്പുവരുത്താൻ തന്റെ ഫാമിന് സാധിക്കുന്നുണ്ടെന്ന് പറയുന്നു.
പാലല്ല, ഇവിടെ താരം നെയ്യാണ്
ഇന്ത്യൻ ഭക്ഷണരീതികളിൽ നെയ്യ് ഒരു പ്രധാനഘടകമാണ്. കൊഴുപ്പിൽ അലിയുന്ന വിറ്റാമിനുകളായ ഡി, എ, ഇ, കെ എന്നിവയെ ആഗിരണം ചെയ്യാൻ നെയ്യ് സഹായിക്കുന്നു. മിതമായ അളവിൽ ശുദ്ധമായ നെയ്യ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഉചിതമാണ്. ഈ ബോധ്യമാണ് ഏറ്റവും മികച്ച നെയ്യ് ഉത്പാദിപ്പിക്കണമെന്ന ചിന്ത ജിജികുമാറിലെത്തിച്ചത്. പാരമ്പര്യമായി ഉപയോഗിച്ചുപോരുന്ന ബിലോന രീതിയിലാണ് ഇവിടെ നെയ്യ് ഉത്പാദിപ്പിക്കുന്നത്. തൈര് കടഞ്ഞെടുക്കാൻ ചന്ദനം, കൂവളം, ആര്യവേപ്പ് എന്നിവയുടെ തടികൊണ്ട് പ്രത്യേകമായി നിർമ്മിച്ച കടക്കോലുകളാണ് ഉപയോഗിക്കുന്നത്. പരമ്പരാഗതമായി ഉറയൊഴിച്ച് തൈരാക്കി, കടഞ്ഞെടുക്കുന്ന വെണ്ണ പതുക്കെ ഉരുക്കിയെടുത്ത് ഈർപ്പത്തിന്റെ അംശം പൂർണ്ണമായും നീക്കിയാണ് ശുദ്ധമായ നെയ്യ് ഉണ്ടാക്കുന്നത്.
പഴകിയ നെയ്യ് എന്ന ആശയം പലർക്കും അത്ര പരിചിതമായ ഒന്നല്ല. വായു കടക്കാത്ത പാത്രങ്ങളിൽ ശാസ്ത്രീയമായി സൂക്ഷിച്ചുവെച്ച ശുദ്ധമായ നാടൻ പശുവിൻ നെയ്യിനെയാണ് സാധാരണമായി പഴകിയ നെയ്യായി കണക്കാക്കുന്നത്. കാലപ്പഴക്കം കൂടുന്തോറും ഇതിന്റെ ഔഷധഗുണങ്ങൾ വർദ്ധിക്കുമെന്നാണ് ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നത്. ജിജി കുമാറിന്റെ ഫാമിൽ ഉത്പാദിപ്പിക്കുന്ന 10 വർഷംവരെ പഴക്കമുള്ള ബിലോന നെയ്ക്ക് ഒരു കിലോക്ക് 17,000 രൂപയോളമാണ് വില വരുന്നത്. 50 വർഷം പഴക്കമുള്ള നെയ്ക്ക് രണ്ടര ലക്ഷം രൂപവരെ വില ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. യു.എ.ഇ ഭരണകൂടത്തിന്റെ ഔദ്യോഗിക അംഗീകാരത്തോടെ അവിടുത്തെ ഔട്ട്ലെറ്റുകൾ വഴിയും, ഇന്ത്യയിലുടനീളവും ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഉയർന്ന ഔഷധഗുണമുള്ള ഈ നെയ്യ്ക്ക് വിദേശരാജ്യങ്ങളിൽ നിന്നടക്കം വലിയ രീതിയിലുള്ള ആവശ്യക്കാരുണ്ട്.
10 വർഷം പഴകിയ നെയ്യിൽ നിർമ്മിക്കുന്ന ആയുർവേദ ഔഷധങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അശ്വഗന്ധ ഘൃതം. 1200 ലിറ്റർ കഷായം കുറുക്കി 100 ലിറ്ററാക്കി, അതിലേക്ക് പാൽകഷായവും പഴകിയ നെയ്യും ഔഷധങ്ങളും ചേർത്ത് തയ്യാറാക്കുന്ന ഈ ഉൽപ്പന്നം മികച്ച ഇമ്മ്യൂണിറ്റി ബൂസ്റ്ററാണെന്ന് അദ്ദേഹം പറയുന്നു. മാനസികസമ്മർദ്ദം കുറയ്ക്കാനും ഉറക്കമില്ലായ്മ പരിഹരിക്കാനും പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കാനും ഇത് ഉപയോഗിച്ചുവരുന്നു.
കുട്ടികളുടെ ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനുമായി ബ്രഹ്മി നീരും പഴകിയ നെയ്യും ചേർത്ത് ബ്രഹ്മി ഘൃതവും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. സ്ത്രീകളിലെ പി.സി.ഒ.ഡി, ആർത്തവവിരാമ പ്രശ്നങ്ങൾ, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് ശതാവരി ഘൃതവും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ആലംബുഷ ഘൃതവും ഇവിടെ ഔഷധമായി തയ്യാറാക്കുന്നു.
ചാണകവും ബിസിനസാണ്
പാൽ എന്ന ഒറ്റ ഉത്പന്നത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് നഷ്ടമുണ്ടാകുന്നത്. ഏറ്റവും നല്ല പാലിൽ നിന്നും ഉത്പാദിപ്പിക്കുന്ന നെയ്യ് പോലെ തന്നെ ശുദ്ധമായ ഭക്ഷണം കഴിച്ചുവളരുന്ന പശുവിൽ നിന്നുള്ള ചാണകവും ഗോമൂത്രവും മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പുവരുത്താൻ ഉപയോഗിക്കാവുന്നതാണ്. രാസവളങ്ങൾ ഒഴിവാക്കി മണ്ണിനെ പുഷ്ടിപ്പെടുത്തി കൃഷി ചെയ്യുന്നതിലൂടെ നാടിനെ ജൈവമാക്കാനും മികച്ച പ്രതിരോധശേഷിയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കാനും സാധിക്കുമെന്ന് ജിജി കുമാർ പറയുന്നു. ഗിർ പശുക്കളെ സ്വഭാവിക മേച്ചിൽ പുറങ്ങളിൽ വളർത്തുന്ന പത്തോളം ഫാമുകളും ഏറ്റവും മികച്ച നെയ്യും ജൈവകൃഷിയിടവും ഒക്കെ ചേരുന്ന ഒരു ജീവിതചര്യയിലേക്കാണ് തന്റെ യാത്രയെന്ന് അദ്ദേഹം പറയുന്നു.
Published: 12 Nov 2026, 04:22 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented