കേരളത്തിൽ വളർത്തുമൃഗ ഫാമുകൾ പ്രാദേശികമായ പൊതുജന എതിർപ്പുകളെത്തുടർന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടികൾ മൂലവും അടച്ചുപൂട്ടേണ്ടി വരുന്ന സംഭവങ്ങൾ വ്യാപകമാണ്. ഫാമുകളിൽനിന്നുള്ള ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്കരണവും അതുമൂലമുണ്ടാകുന്ന ദുർഗന്ധവും പരിസ്ഥിതി പ്രശ്നങ്ങളുമാണ് ജനരോഷത്തിനും തുടർന്നുണ്ടാകുന്ന നിയമനടപടികൾക്കും പ്രധാന കാരണം.

To advertise here,

നിശ്ചിത എണ്ണത്തിൽ കൂടുതൽ മൃഗങ്ങളെയോ പക്ഷികളെയോ വളർത്തുന്ന ഫാമുകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണ്. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ലൈസൻസ് ലഭിക്കണമെങ്കിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (KSPCB) സമ്മതപത്രം/ നിരാക്ഷേപ പത്രം (Consent/NOC) ഹാജരാക്കേണ്ടതുണ്ട്. കൃത്യമായ ലൈസൻസോടെയാണ് ഫാം പ്രവർത്തിക്കുന്നതെങ്കിൽ, പരാതികൾ ഉയർന്നുവന്നാൽ അത് പരിഹരിക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും സംരംഭകന് സാവകാശം ലഭിക്കും. എന്നാൽ, യാതൊരു ലൈസൻസുമില്ലാതെ പ്രവർത്തിക്കുന്ന ഫാമുകൾ ഉടനടി അടച്ചുപൂട്ടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പൂർണ്ണ അധികാരമുണ്ട്.

10 പശുവിനും 50 ആടിനും 500 കോഴിക്കും പഞ്ചായത്ത് ലൈസൻസ് വേണ്ട

പത്ത് വരെ മുതിർന്ന കന്നുകാലികളേയോ അൻപത് എണ്ണം വരെ ആടുകളേയോ മുയലുകളേയോ ടർക്കികളേയോ അഞ്ഞൂറ് കോഴികളേയോ ആയിരം കാടകളേയോ വളർത്തുന്ന ഒരു ഫാം നടത്താൻ പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ല. പതിനഞ്ച് വരെ എമുകളെ വളർത്താനും രണ്ട് വരെ ഒട്ടകപക്ഷികളെ പരിപാലിക്കുന്ന ഫാം നടത്താനും ലൈസൻസ് വേണ്ട. എന്നാൽ, അഞ്ചിലധികം പന്നികളുണ്ടെങ്കിൽ ലൈസൻസ് ആവശ്യമാണ്. പത്തിൽ കൂടാതെ പശുക്കളെയും അൻപതിൽ കൂടാതെ ആടുകളെയും അഞ്ഞൂറിൽ കൂടാതെ കോഴികളെയും ആയിരത്തിൽ കൂടാതെ കാടകളെയും വളർത്തുന്ന ലൈവ്സ്റ്റോക്ക് ഫാം കെട്ടിടങ്ങൾക്ക് പഞ്ചായത്തിൽനിന്നും ബിൽഡിങ് പെർമിറ്റ് ആവശ്യമില്ല. 18 മാസത്തിന് മുകളിൽ പ്രായമുള്ള പശു, എരുമകളെയും ഒരു വയസ്സിന് മുകളിൽ പ്രായമുള്ള ആടുകളെയും ആറുമാസത്തിന് മുകളിൽ പ്രായമുള്ള പന്നികളെയും മുയലുകളെയുമാണ് മുതിർന്ന മൃഗമായി പരിഗണിക്കുക.

മുട്ടക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തിൽ 6 മാസത്തിന് മുകളിൽ പ്രായമുള്ള പക്ഷികളെയും ഇറച്ചിക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തിൽ 22 ദിവസത്തിന് മുകളിൽ പ്രായമുള്ള പക്ഷികളെയും 5 ആഴ്ചക്ക് മുകളിൽ പ്രായമുള്ള കാടകളെയും 6 മാസത്തിന് മുകളിൽ പ്രായമുള്ള ടർക്കികളെയുമാണ് മുതിർന്ന പക്ഷികളായി പരിഗണിക്കുക. ഒന്നര വയസിന് മുകളിൽ പ്രായമുള്ള എമുവും രണ്ട് വയസിന് മുകളിൽ പ്രായമുള്ള ഒട്ടകപക്ഷിയും മുതിർന്ന പക്ഷികളാണ്. നേരെത്തെ പറഞ്ഞ നിശ്ചിത എണ്ണത്തിലുമധികം മുതിർന്ന മൃഗങ്ങളും പക്ഷികളും ഉണ്ടെങ്കിൽ മാത്രം തദ്ദേശ സ്ഥാപനങ്ങളിൽനിന്നും ഫാം ലൈസൻസ് മതി.

ലൈവ് സ്റ്റോക്ക് ഫാമും വീടും തമ്മിൽ എത്ര അകലം വേണം?

കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിച്ച് പശു, കോഴി, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്ന ലൈവ് സ്റ്റോക്ക് ഫാമുകളിൽനിന്നുള്ള പാരിസ്ഥിതിക മലിനീകരണവും ദുർഗന്ധവും ലഘൂകരിക്കുന്നതിനായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB) പുതിയ ദൂരപരിധി മാനദണ്ഡങ്ങളും മാനക പ്രവർത്തന നടപടിക്രമങ്ങളും (SOP) പുറപ്പെടുവിച്ചിട്ടുണ്ട്. 2024-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ഭേദഗതി ചട്ടങ്ങൾ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ മുൻനിർത്തിയാണ് ഈ പരിഷ്കാരങ്ങൾ വരുത്തിയിട്ടുള്ളത്. കന്നുകാലി, ആട്, മുയൽ, പൗൾട്രി, പന്നി ഫാമുകൾക്ക് അവയിലെ മൃഗങ്ങളുടെയോ പക്ഷികളുടെയോ എണ്ണത്തിനനുസരിച്ച് കൃത്യമായ ദൂരപരിധിയും മാലിന്യ സംസ്കരണ ഉപാധികളും ഇതിലൂടെ വ്യവസ്ഥ ചെയ്യുന്നു. ചെറുകിട-ഇടത്തരം സംരംഭകർക്ക് അനാവശ്യ തടസ്സങ്ങളില്ലാതെ ഫാം നടത്താനും അതേസമയം സമീപവാസികൾക്ക് മലിനീകരണം ഉണ്ടാകാതിരിക്കാനും ഉതകുന്ന രീതിയിൽ പ്രായോഗികമായ ഇളവുകളോടെയാണ് മലിനീകരണ നിയന്ത്രണ ബോർഡ് അടുത്തിടെ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഭേദഗതി ചെയ്ത സർക്കുലർ പ്രകാരം പന്നി ഫാമുകൾ ഒഴികെയുള്ള ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് അവയിലെ മൃഗങ്ങളുടെയോ പക്ഷികളുടെയോ എണ്ണത്തെ അടിസ്ഥാനമാക്കി മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് ദൂരപരിധി നിശ്ചയിച്ചിരിക്കുന്നത്. 15 മുതൽ 20 വരെ കന്നുകാലികളുള്ള ഫാമുകൾ അയൽവീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുറഞ്ഞത് 10 മീറ്റർ അകലം പാലിക്കേണ്ടതുണ്ട്. 21 മുതൽ 200 വരെ കന്നുകാലികൾ, 51 മുതൽ 500 വരെ ആടുകൾ, 51 മുതൽ 400 വരെ മുയലുകൾ, 501 മുതൽ 5000 വരെ കോഴി/താറാവുകൾ എന്നിവ ഉൾപ്പെടുന്ന ഇടത്തരം ഫാമുകൾക്ക് 25 മീറ്റർ ദൂരപരിധി നിർബന്ധമാണ്. 200-ൽ കൂടുതൽ കന്നുകാലികൾ, 500-ൽ കൂടുതൽ ആടുകൾ, 400-ൽ കൂടുതൽ മുയലുകൾ, 5000-ൽ കൂടുതൽ പൗൾട്രി പക്ഷികൾ എന്നിവയുള്ള വൻകിട ഫാമുകൾക്ക് അയൽപക്കങ്ങളിലേക്ക് കുറഞ്ഞത് 50 മീറ്റർ അകലം ഉണ്ടായിരിക്കണം. കൂടാതെ, കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള കുറഞ്ഞ സെറ്റ്ബാക്ക് ദൂരവും എല്ലാ ലൈവ് സ്റ്റോക്ക് ഫാമുകൾക്കും ബാധകമാണ്.

5,000 കോഴികൾ വരെ ഉള്ള ഫാമുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വേണ്ട

പൗൾട്രി ഫാമുകളുടെ കാര്യത്തിൽ കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനമാണ് മലിനീകരണ നിയന്ത്രണ ബോർഡ് കൈക്കൊണ്ടിട്ടുള്ളത്. 5000 വരെയുള്ള പൗൾട്രി (കോഴി/താറാവ്) ഫാമുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരാക്ഷേപപത്രം /കൺസെന്റ് (Consent) ഇനി ആവശ്യമില്ല. ഇത് അഞ്ഞൂറിന് മുകളിലും എന്നാൽ അയ്യായിരത്തിന് താഴെയും കോഴികളെ വളർത്തുന്ന ചെറുകിട പൗൾട്രി ഫാമുകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽനിന്നു ലൈസെൻസ് ലഭിക്കാനുള്ള നടപടികൾ എളുപ്പമാക്കും. എന്നാൽ, 5000-ൽ കൂടുതൽ പക്ഷികളുള്ള വൻകിട ഫാമുകൾ ബോർഡിന്റെ അനുമതി വാങ്ങേണ്ടതും അയൽവീടുകളിൽനിന്ന് കുറഞ്ഞത് 50 മീറ്റർ അകലം ഉറപ്പാക്കുകയും വേണം. പുതിയ കോഴി ഫാമുകൾ ആരംഭിക്കുമ്പോൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ 'Environmental Guidelines for Poultry Farms' പ്രകാരമുള്ള സിറ്റിങ് ക്രൈറ്റീരിയയും (റസിഡൻഷ്യൽ സോണിൽ നിന്ന് 500 മീറ്റർ, ദേശീയപാതയിൽനിന്ന് 100 മീറ്റർ, സംസ്ഥാന പാതയിൽനിന്ന് 50 മീറ്റർ, കുടിവെള്ള സ്രോതസ്സുകളിൽ നിന്ന് 100 മീറ്റർ അകലം) പാലിക്കേണ്ടതുണ്ട്.

5000 വരെയുള്ള പൗൾട്രി ഫാമുകളെ കൺസെന്റ് നേടുന്നതിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഫാമുകളിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പൗൾട്രി ഷെഡുകളുടെ തറനിരപ്പിൽനിന്ന് മേൽക്കുരയുടെ ഇറമ്പ് വരെയുള്ള ഉയരം (Eave Height) 7 മുതൽ 8 അടിയിൽ കൂടാൻ പാടില്ല. ഈച്ച ശല്യവും ദുർഗന്ധവും കുറയ്ക്കാനായി തറയിൽ ചകിരിച്ചോറോ മരപ്പൊടിയോ വിതറുകയും അവ സമയബന്ധിതമായി മാറ്റുകയും വേണം. ഷെഡിൽ പതിവായി കുമ്മായം വിതറേണ്ടതും വിസർജ്ജ്യം രണ്ട് ദിവസത്തിൽ ഒരിക്കലെങ്കിലും കോരി മാറ്റി കമ്പോസ്റ്റാക്കി മാറ്റേണ്ടതുമാണ്. ചത്ത കോഴികളെ ആഴത്തിൽ കുഴിച്ചു മൂടി സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. 5000-ൽ കൂടുതൽ പക്ഷികളുള്ള വൻകിട ഫാമുകളിൽ വിസർജ്ജ്യം നനയാതെ സംരക്ഷിക്കുന്നതിന് അടച്ചുകെട്ടിയ (enclosed) ഷെഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്.

അഞ്ചിലധികം പന്നിയുണ്ടെങ്കിൽ അൻപത് മീറ്റർ അകലം വേണം

പന്നി ഫാമുകൾക്കായി പ്രത്യേകമായ പ്രവർത്തന നടപടിക്രമവും (SOP) ദൂരപരിധിയും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ആറുമാസമോ അതിൽ കൂടുതലോ പ്രായമുള്ള പന്നികളെയാണ് പ്രായപൂർത്തിയായ പന്നികളായി കണക്കാക്കുന്നത്. ഒരു തള്ളപ്പന്നിയെയും അതിന്റെ കുഞ്ഞുങ്ങളെയും ചേർത്ത് ഒരു പ്രായപൂർത്തിയായ മൃഗമായി മാത്രമാണ് പരിഗണിക്കുക. അഞ്ചിൽ താഴെ പ്രായപൂർത്തിയായ പന്നികളുള്ള ചെറിയ യൂണിറ്റുകളെ ബോർഡിന്റെ അനുമതി വാങ്ങേണ്ട പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവയിൽ ബയോഗ്യാസ് പ്ലാന്റ്, സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ് സംവിധാനങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം. 6 മുതൽ 15 വരെ പന്നികളുള്ള ഫാമുകൾക്ക് 50 മീറ്ററും, 16 മുതൽ 50 വരെ പന്നികളുള്ള ഫാമുകൾക്ക് 75 മീറ്ററും, 50-ൽ കൂടുതൽ പന്നികളുള്ള വലിയ ഫാമുകൾക്ക് കുറഞ്ഞത് 100 മീറ്ററും അയൽവീടുകളിലേക്ക് ദൂരപരിധി ആവശ്യമാണ്.

പന്നി ഫാമുകളിലെ മലിനജല ഉത്പാദനം പ്രതിദിനം ഒരു മൃഗത്തിന് ഏകദേശം 25 ലിറ്റർ ആയി കണക്കാക്കുന്നുണ്ടെങ്കിലും പ്രഷർ വാഷറുകൾ, ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ എന്നിവ ഉപയോഗിച്ചാൽ ഇത് 15 ലിറ്ററായി കുറയ്ക്കാവുന്നതാണ്. പന്നി ഫാമുകളിൽനിന്നു ഉത്പാദിപ്പിക്കപ്പെടുന്ന ബയോഗ്യാസ് പൂർണ്ണമായി ഉപയോഗിക്കുകയോ പ്ലാന്റ് വലിയതാണെങ്കിൽ ഗ്യാസ് ജ്വലിപ്പിച്ച് കളയുന്നതിനുള്ള സംവിധാനം ഒരുക്കുകയോ വേണം. ഭക്ഷണം കഴിഞ്ഞ് ബാക്കിവരുന്ന അവശിഷ്ടങ്ങൾ (Leftover food) അഴുകാത്ത അവസ്ഥയിൽ ശേഖരിക്കാനും സൂക്ഷിക്കാനും കൃത്യമായ ലോഗ് ബുക്ക് സൂക്ഷിക്കാനും ഫാം ഉടമകൾ ബാധ്യസ്ഥരാണ്. വൻകിട-ചെറുകിട വ്യവസായങ്ങൾ പരിസ്ഥിതി സൗഹൃദപരമായും സമീപവാസികൾക്ക് ബുദ്ധിമുട്ടില്ലാതെയും നടപ്പിലാക്കാൻ ഈ പുതിയ നിബന്ധനകൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.

ബയോഗ്യാസ് പ്ലാൻ്റ് തന്നെ നിർബന്ധമില്ല

ഓരോ ഫാമുകളിലും വേണ്ട അടിസ്ഥാന സംവിധാനങ്ങൾ നിഷ്കർഷിക്കുന്നതും, ലൈസൻസ് ഫീ ഈടാക്കുന്നതും ഫാമുകളെ ഉരുക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആറ് ക്ലാസുകൾ ആക്കി തിരിച്ചാണ്. മൂന്ന് പശുക്കളെവരെ വളത്താനും പത്ത് ആടുകളെ വളർത്താനും രണ്ട് പന്നികളെ വളർത്താനും ഇരുപത് മുയലുകളെ വളർത്താനും 250- കോഴികളെ വളർത്താനും 1000 കാടകളെ വളർത്താനും കുറഞ്ഞത് ഒരുസെൻ്റ് സ്ഥലം ആവശ്യമാണ്. ഫാമിനോട് ചേർന്ന് മാലിന്യ സംസ്കരണത്തിനായി മേൽക്കൂരയുള്ള വളക്കുഴിയും മലിനജലം ശേഖരിക്കാൻ ദ്രവമാലിന്യശേഖരണ ടാങ്കും കമ്പോസ്റ്റ് കുഴിയും ഒരുക്കണം. മാലിന്യസംസ്കരണത്തിനായി ലൈവ് സ്റ്റോക്ക് ഫാമിനോട് അനുബന്ധിച്ച് ബയോഗ്യാസ് പ്ലാന്റ്/ ജൈവ വാതക പ്ലാൻ്റ് അല്ലെങ്കിൽ തുമ്പൂർമൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റിങ്, ട്രൈക്കോഡർമ കമ്പോസ്റ്റിങ്, ഇ. എം സൊല്യൂഷൻ കമ്പോസ്റ്റിങ്, ചാണകം ഉണക്കി വിൽക്കുന്ന രീതി ( മഴ മറകളുടെ മാതൃകയിൽ ചാണകപ്പുരകൾ ) ഇവയിൽ ഏതെങ്കിലും ഒന്ന് മതിയാകും.

പക്ഷി ഫാമുകളിൽ ചത്ത പക്ഷികളെ സംസ്കരിക്കാനുള്ള കുഴികൾ നിർബന്ധമായും വേണം. അഞ്ചു മുതൽ പത്ത് വരെ പശുക്കളുള്ള ഫാമുകൾ നടത്താൻ ലൈസൻസ് ആവശ്യമില്ലെങ്കിലും മേൽക്കൂരയുള്ള വളക്കുഴി, ദ്രവമാലിന്യ ശേഖരണ ടാങ്ക് എന്നിവ നിർബന്ധമായും ഒരുക്കണം. നൂറു മുതൽ അഞ്ഞൂറ് വരെ കോഴികളുള്ള ഫാമുകൾക്ക് ലൈസൻസ് ആവശ്യമില്ലെങ്കിലും ഫാമിൽ മേൽക്കൂരയുള്ള വളക്കുഴിയും കംമ്പോസ്റ്റ് കുഴിയും വേണം. പന്നികളുടെ എണ്ണം അഞ്ചിൽ കുറവാണെങ്കിലും മേൽക്കൂരയുള്ള വളക്കുഴിയും ദ്രവമാലിന്യ ശേഖരണ ടാങ്കും നിർബന്ധമാണ്.

പരാതികൾ ഒഴിവാക്കാൻ പന്നി ഫാമുകളുടെ ലൈസൻസ് സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളും അറവുമാലിന്യം തീറ്റയായി നൽകുമ്പോൾ പാലിക്കേണ്ട ബാധ്യതകളും പുതുക്കിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പന്നി ഫാമുകളിൽ തീറ്റ ആവശ്യത്തിന് ഭക്ഷണാവിശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ശീതീകരണ സംവിധാനമുള്ള വാഹനങ്ങളിലോ അടച്ച പാത്രങ്ങളിലോ ഫാമിൽ എത്തിക്കാം. അവ എവിടെനിന്ന് എത്തിക്കുന്നുവെന്ന് ലൈസൻസിന് അപേക്ഷിക്കുമ്പോൾ വ്യക്തമാക്കണം.

ലൈസൻസിന് ഇനി ഒറ്റ അപേക്ഷ

ലൈസൻസിനായുള്ള അപേക്ഷ ഫോം 1-ൽ അതത് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്. ആകെ ലഭ്യമായ സ്ഥലവിസ്തീർണ്ണം, ഫാം കെട്ടിടത്തിന്റെ തറവിസ്തീർണ്ണം, വളർത്താൻ ഉദ്ദേശിക്കുന്ന ഉരുക്കളുടെ എണ്ണം, ഇനം, മാലിന്യനിർമാർജ്ജന ക്രമീകരണങ്ങൾ തുടങ്ങിയ വിവരങ്ങൾ അപേക്ഷക്കൊപ്പം ഉൾപ്പെടുത്തണം. ഫാം കെട്ടിടത്തിന്റെ രൂപരേഖയും സ്ഥലത്തിന്റെ സ്കെച്ചും നിർബന്ധം. അപേക്ഷയിൽ രണ്ടാഴ്ചക്കകം പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുക്കും.

പഞ്ചായത്ത് സെക്രട്ടറി നിർദേശിക്കുകയാണെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള നിരാക്ഷേപ പത്രവും ആവശ്യമായി വരും. നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഫാറം 2-ൽ പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് നൽകും. വ്യവസ്ഥകൾ പാലിച്ചിട്ടില്ലങ്കിൽ കാരണം വ്യക്തമാക്കി അപേക്ഷ നിരസിക്കും. മതിയായ ഫീസും നിബന്ധനകളും പാലിച്ച് ലൈസൻസിന്റെ കാലാവധി ഒരേസമയം പരമാവധി 5 വർഷം വരെ നേടാം എന്നതും പുതുക്കിയ ചട്ടങ്ങളുടെ പ്രത്യേകതയാണ്.

ലൈസൻസ് നിബന്ധനകൾ പാലിക്കാതെ ഫാം നടത്തിയാൽ നോട്ടീസ് നൽകി ലൈസൻസ് റദ്ദാക്കാനും പതിനഞ്ച് ദിവസത്തിനകം ഫാം അടച്ചു പൂട്ടാൻ ഉത്തരവിടാനും സെക്രട്ടറിക്ക് അധികാരമുണ്ട്. ലൈസൻസ് എടുക്കാതെ ഫാം നടത്തിയാൽ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ ഉണ്ടാവും. ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഫാമുകൾ നോട്ടീസ് നൽകി അടച്ചുപൂട്ടാനുള്ള അധികാരവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാതെ ഫാം നടത്തുന്നവർക്ക് 10,000 രൂപയിൽ കവിയാത്ത പിഴയീടാക്കാനും കുറ്റം ആവർത്തിക്കുന്ന ഓരോ ദിവസത്തിനും 200 രൂപയിൽ കവിയാത്ത പിഴയീടാക്കാനും വ്യവസ്ഥയുണ്ട്.