ശാസ്ത്രീയ സംഗീതം കേട്ട് വളർന്നാൽ പശുക്കൾക്ക് പാലു കൂടുമോ? ഉവ്വെന്ന് പറയുന്നു കൃഷ്ണൻ നമ്പൂതിരി. വെറുതേ പറയുന്നതല്ല. മൂന്നു പതിറ്റാണ്ടിന്റെ അനുഭവസമ്പത്താണ്. രണ്ടു നാടൻ പശുക്കളിൽ തുടങ്ങി നൂറോളം പശുക്കളുള്ള ഫാമിലേക്ക് ലാഭകരമായി വളർന്ന കരുത്താണ്. ഷൊർണ്ണൂർ ഓങ്ങല്ലൂരിലെ പറമ്പുനിറയെ പശുക്കളാണ് ഇപ്പോൾ. പേരോക്കരയിൽ പോയി ആരോടു ചോദിച്ചാലും പറയും നല്ല പാലു കിട്ടാൻ ചെല്ലേണ്ടുന്ന പേരാമംഗല്ലൂർ മനയെപ്പറ്റി.

To advertise here,

മുംബൈയിലായിരുന്നു പരമേശ്വരൻ നമ്പൂതിരിയും അനിയൻ കൃഷ്ണൻ നമ്പൂതിരിയും. ദേഹത്ത് ചെളി പറ്റുന്നത് മോശമെന്ന ചിന്ത സജീവമായിരുന്ന കാലം. അതിനിടെ വീട്ടിൽ അമ്മയ്ക്ക് അസുഖം കലശലായി. അങ്ങനെ തിരിച്ചു പോന്നു. നാട്ടിലെ തൊടിയും വയലും കാടു പിടിച്ചു കിടന്ന കാലം. അന്നേരം തൊഴുത്തിലേക്ക് കണ്ണെത്തി. രണ്ടു നാടൻ പശുക്കൾ. അവയെ പരിപാലിക്കുന്നതിൽ ഒരു സന്തോഷം. 'അങ്ങനെ തുടങ്ങിയതാണ് ഗോപൂജ. ഒപ്പം കാടും പടലും വെട്ടിനീക്കി. പറമ്പിൽ ഇറങ്ങി. പാടത്തും. ഇപ്പോൾ മനസ്സമാധാനം വേണ്ടത്ര' - മനസ്സു തുറക്കുകയാണ് കൃഷ്ണൻ നമ്പൂതിരി

പാട്ടു കേൾക്കുന്ന പശുക്കൾ

ഈ തൊഴുത്തിൽ പശുക്കൾക്ക് പേരുണ്ട്. കല്യാണിയും ഖരഹരപ്രിയയും ചാരുകേശിയും തോടിയും ആഭേരിയും വസന്തയും ശ്യാമയും അമൃതവർഷിണിയുമെല്ലാം ഇവിടെ പുല്ലു തിന്നുന്നു. കൊമ്പു കുലുക്കുന്നു. സന്തോഷിക്കുന്നു. ' സംഗീതം ഇഷ്ടമാണ് പണ്ടു തൊട്ടേ. പാട്ട് പശുക്കൾക്കും ഇഷ്ടമാവുമെന്ന് ബോധ്യപ്പെട്ടത് കുട്ടികളേ പഠിപ്പിക്കുന്നതിനിടെയാണ്. പിന്നെ വൈകിയില്ല. ഓരോ പശുവിനും രാഗങ്ങളുടെ പേരു തന്നെ നൽകി. പശുക്കളെ വളർത്തുമ്പോൾ ശാസ്ത്രീയമായി തന്നെ പോറ്റണം. നമ്പർ നൽകി വിളിക്കുന്നതിലും നല്ലത് പേരിടുന്നതാണല്ലോ. ഇഷ്ടമുള്ള പശുക്കൾ. ഇഷ്ടമുള്ള രാഗങ്ങൾ. അപ്പോഴും ഒരു സന്തോഷം.'

ദിവസേന 500 ലിറ്ററിലേറെ പാൽ അളക്കുന്നുണ്ട് ഓങ്ങല്ലൂർക്കാരുടെ പേരാങ്ങലത്ത് മനയിൽ. വിൽപ്പന നേരിട്ടാണ്. മിക്കപ്പോഴും ആവശ്യക്കാർ തന്നെ നേരിട്ടെത്തി കൊണ്ടു പോകും. അടുത്തുള്ള ഒരു ഔട്ട്‌ലെറ്റിലൂടേയും വിൽപനയുണ്ട്. വില ലിറ്ററിന് 60 രൂപ. പലപ്പോഴും കല്യാണമണ്ഡപങ്ങളിലേക്കും മറ്റും മൊത്തമായി തന്നെ പാൽ വാങ്ങിക്കുന്നു. തൈരും നെയ്യും നാട്ടാവശ്യത്തിനുള്ളതായി വിപണിയിൽ എത്തുന്നുണ്ട്.

'ചെറുതായി തുടങ്ങണം. പലരും വലിയ മോഹങ്ങളുമായി നേരിട്ട് ഒരുപാട് പശുക്കളുമായി ആരംഭിക്കും. ഇതാണ് സ്വപ്‌നങ്ങൾ തകരാൻ ഇടയാക്കുന്നത്. പാൽ വിറ്റു പോകാനുള്ള മാർഗ്ഗം തുടക്കത്തിൽ തന്നെ കാണണം. പശുവിനെ പറ്റി നന്നായി പഠിക്കണം. അയവിറക്കുന്നതും ചെവിയാട്ടുന്നതും എന്തിന് വെറുതേ ഒന്ന് കരയുന്നതുംവരെ ഓരോരോ ആവശ്യത്തിനാണ്. ഇതിലെ വ്യത്യാസങ്ങൾ മനസ്സിലാക്കിയാൽ തന്നെ പകുതി ജയിച്ചു. അല്ലാതെ കേട്ടറിവു വച്ച് തുടങ്ങിയാൽ കര തൊടില്ല '- കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.

ആദ്യത്തെ പശുക്കൾ പറഞ്ഞു കൊടുത്തതാണ് ഇപ്പോഴും മൂലധനം. അങ്ങനെയാണ് രണ്ട് നാലായതും നാല് എട്ടായതും ഇന്നത്തെ വലിയ തൊഴുത്തായതും. ഒരു ഘട്ടത്തിലും പൈമ്പാലിന് ആവശ്യക്കാരെ തേടി അന്വേഷിക്കേണ്ടി വന്നിട്ടില്ല. പാക്കറ്റ് പാലിനേക്കാൾ പ്രിയം പശുവിൻ പാലിന് തന്നെയാണ്. പക്ഷേ അത് കിട്ടാനുണ്ടെന്ന് എല്ലാവരും അറിയാറാവണം. വിശ്വാസവും വേണം. ഇതു രണ്ടും നേടിയെടുത്തത് കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെ നീളുന്ന ബന്ധത്തിലൂടെയാണ്.

കാലിത്തീറ്റയിൽ സ്വാശ്രയത്വം

എട്ടേക്കറോളമുള്ള പറമ്പിൽ തീറ്റപ്പുല്ലുണ്ട് വേണ്ടത്ര. ഒപ്പം സ്വന്തം വയലിൽ നിന്നുള്ള വയ്‌ക്കോലും. ഇരുപ്പൂ കൃഷി സാധ്യമാവുന്ന വയലാണ്. അതിനാൽ വയ്‌ക്കോലിന് ക്ഷാമമില്ല. എന്നാൽ തൊഴുത്തും കൃഷിയും തമ്മിൽ സംയോജിപ്പിച്ചതാണ് പേരാമംഗലത്തുകാരുടെ വിജയരഹസ്യം. കൃഷി ജീവിതമാണെന്ന തിരിച്ചറിവാണ് ആദ്യം വന്നത്. ആദ്യത്തെ നാടൻ പശുക്കളിൽ നിന്നു തന്നെയാണ് പുതിയ കുട്ടികൾ വന്നത്. കുത്തിവയ്പിലൂടെ നല്ല ഇനം പശുക്കൾ പിറന്നു. നാലു തലമുറ കഴിഞ്ഞപ്പോഴേക്കും നല്ല പാലുള്ള ഇനം പശുക്കൾ തൊഴുത്തിൽ തന്നെയുണ്ടായി.

ഇതോടെ നല്ല വായുസഞ്ചാരമുള്ള തൊഴുത്ത് ആവശ്യമായി. ഉയർന്ന മേൽക്കൂരയും കാറ്റു കടക്കുന്ന നിർമ്മാണവും ചൂട് അകറ്റി. ചാണകവും മൂത്രവും നേരേ ബയോഗ്യാസിലേക്കാണ്. വീട്ടിലെ പാചകവാതകപ്രശ്‌നത്തിന് ഇതോടെ നിതാന്തപരിഹാരമായി. തുടർന്നു കിട്ടുന്ന വളം നേരേ പാടത്തേക്കും പറമ്പിലേക്കുമാണ്. ഇതോടെ മണ്ണ് ഫലഭൂയിഷ്ഠമായി. തെങ്ങിൽ കായ്ഫലം നിറഞ്ഞു. വാഴയ്ക്ക് ആരോഗ്യമായി. പച്ചക്കറികളും വേണ്ടത്ര വളർന്നു. ഇതേ വെള്ളം തന്നെ താഴെ വയലിലേക്കും എത്തുന്നു. ഫലത്തിൽ പറമ്പിൽ പച്ചപ്പുല്ല് എത്ര വേണമെങ്കിലും കിട്ടും എന്നായി. പാടത്തും പൊന്നു വിളയാറായി. ഒരു കാർഷിക ചക്രം പൂർത്തിയാവുകയായി.

പശുക്കുട്ടികളേ സൂക്ഷിക്കണേ

പശുക്കളുടെ ആരോഗ്യപരിപാലനത്തിന് സവിശേഷ ശ്രദ്ധ വേണമെന്നാണ് കൃഷ്ണൻ നമ്പൂതിരിയുടെ ഓർമ്മപ്പെടുത്തൽ. ' പശുക്കിടാങ്ങൾക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. ഇപ്പോഴത്തെ പോലെ തൊഴുത്തിൽ തന്നെ കെട്ടുന്നത് കുളമ്പുകളിൽ രോഗം വരാൻ സാധ്യത വർദ്ധിപ്പിക്കുന്നു. ഇതിന് പകരം കുട്ടികളെ തുടക്കത്തിൽ കാലിൽ ചെളി പറ്റാതെ മാറ്റിക്കെട്ടും. കറന്ന പാൽ കിടാങ്ങൾക്ക് മതിയാവോളം കൊടുക്കുകയും ചെയ്യും. ഇത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതെന്നാണ് കണ്ടുവരുന്നത്. തൊഴുത്തിന് പുറത്ത് ഇറക്കുമ്പോൾ, പശുക്കിടാങ്ങൾ പറമ്പിൽ ഓടിക്കളിക്കുന്നത് കാണുന്നതും ഒരു സന്തോഷം'.

തൊഴുത്തിനോട് ചേർന്നു തന്നെയാണ് കുട്ടികൾ പാട്ടു പഠിക്കുന്നത്. ഇത് കേട്ടാണ് പശുക്കളും വളരുന്നത്. 'പാട്ട് പശുക്കൾക്കും ഇഷ്ടമെന്നാണ് അനുഭവം. നമുക്ക് ഇഷ്ടമുള്ളതെല്ലാം അവർക്കും ഇഷ്ടമാവുമല്ലോ. ഇവിടെ കുട്ടികളെപ്പോലെ തന്നെയാണ് പശുക്കളും'' കൃഷ്ണൻ നമ്പൂതിരി പറഞ്ഞുനിർത്തുന്നു. പാൽ വാങ്ങാൻ പതിവുകാർ എത്തുകയായി. പാടത്തും പണി തുടങ്ങുകയായി.