ക്ഷീരകർഷകന്റെ വിജയത്തിന്റെയും ക്ഷീരസംരംഭത്തിന്റെ സുസ്ഥിരതയുടെയും പ്രധാന അടിത്തറ ആരോഗ്യമുള്ളതും ഉയർന്ന ഉൽപ്പാദനശേഷിയുള്ളതുമായ പശുക്കളാണ്. മികച്ച പശുക്കളെ പുറത്തുനിന്ന് വൻതുക ചെലവഴിച്ച് വാങ്ങുന്നതിനേക്കാൾ ലാഭകരവും സുരക്ഷിതവുമായ മാർഗമാണ് സ്വന്തം ഫാമിൽ ജനിക്കുന്ന സങ്കരയിനത്തിൽ പെട്ട പെൺകിടാക്കളെ ശാസ്ത്രീയമായി വളർത്തിയെടുക്കുന്നത്.

To advertise here,

ഒരു ഡെയറി ഫാമിന്റെ വാർഷിക ഉൽപ്പാദനച്ചെലവിന്റെ 20%വരെ വരുന്നത് കിടാക്കളുടെ വളർത്തലിനായതിനാൽ, ഫാമിലെ ഏറ്റവും മൂല്യവത്തായ നിക്ഷേപങ്ങളിലൊന്നാണ് കിടാവുപരിപാലനം. ജനിച്ചയുടനെയുള്ള പ്രാഥമിക പരിചരണം, കൃത്യസമയത്തുള്ള കന്നിപ്പാൽ (Colostrum) നൽകൽ, പൊക്കിൾക്കൊടിയുടെ അണുനശീകരണം എന്നിവയിലൂടെയാണ് ആരോഗ്യകരമായ കിടാപരിചരണത്തിന് തുടക്കമിടുന്നത്. ആദ്യത്തെ കുറച്ചു മാസങ്ങളിൽ ഒരു കിടാവിന് ലഭിക്കുന്ന സംരക്ഷണം, പോഷകാഹാരം, പരിപാലനം എന്നിവ അത് ഒരു പശുവായി മാറുമ്പോഴുള്ള ഉൽപ്പാദനക്ഷമതയെയും പ്രജനനശേഷിയെയും ആരോഗ്യത്തെയും നേരിട്ട് സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

വളർച്ചയുടെ ഓരോ ഘട്ടത്തിലും പോഷകസമൃദ്ധമായ സമീകൃതാഹാരം, ശുദ്ധജലം, കൃത്യമായ വിരയിളക്കൽ, സമയബന്ധിതമായ പ്രതിരോധ കുത്തിവെപ്പുകൾ, വൃത്തിയുള്ള പാർപ്പിടം എന്നിവ ഉറപ്പാക്കുന്നതിലൂടെ കിടാക്കളുടെ രോഗസാധ്യതയും മരണനിരക്കും ഗണ്യമായി കുറയ്ക്കാനാകും. സാധാരണമായി ഒരു പെൺകിടാവ് പശുവായി മാറിയശേഷം ലഭിക്കുന്ന ആദ്യത്തെ 1.5 പാൽക്കാലം (lactations) കൊണ്ടാണ് അതിനെ വളർത്താൻ ആയ ചെലവ് തിരിച്ചുപിടിക്കാൻ സാധിക്കുന്നത്. അതിനാൽ തന്നെ, പരിപാലനരീതികളെ ദീർഘകാല സാമ്പത്തിക വീക്ഷണത്തിലൂടെ വേണം വിലയിരുത്താൻ. ഇന്ന് കിടാവിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കുമായി നൽകുന്ന കരുതലാണ് നാളെ ഉയർന്ന ഉൽപ്പാദനശേഷിയുള്ള പശുവായും സാമ്പത്തിക ഭദ്രതയായുമൊക്കെ മാറി ഫലം നൽകുന്നത്.

പ്രസവം വൃത്തിയുള്ള സ്ഥലത്ത്

ഫാമിലെ ഏറ്റവും നിർണായകമായ ഘട്ടമാണ് പശുവിന്റെ പ്രസവം. പ്രസവസമയത്ത് തള്ളപ്പശുവിനും ജനിക്കുന്ന കിടാവിനും രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ പ്രസവ അന്തരീക്ഷം പൂർണ്ണമായും വൃത്തിയുള്ളതും അണുവിമുക്തവുമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രസവം പ്രതീക്ഷിക്കുന്നതിന്റെ ഒന്നോ രണ്ടോ ആഴ്ച മുൻപ് തന്നെ ഗർഭിണി പശുവിനെ മറ്റു ഉരുക്കളിൽനിന്ന് മാറ്റി, കാറ്റും വെളിച്ചവും ആവശ്യത്തിന് ലഭിക്കുന്ന പ്രത്യേക പ്രസവമുറിയിലേക്ക് മാറ്റണം.

ഈർപ്പവും തണുപ്പും ഒഴിവാക്കാനും സുഗമമായ പ്രസവത്തിനും തറയിൽ ഉണങ്ങിയ വൈക്കോലോ മണ്ണോ വിരിച്ച് അതിനു മുകളിൽ വൃത്തിയുള്ള ചാക്കുകൾ വിരിക്കാം. വഴുവഴുപ്പുള്ള തറയിൽ പ്രസവം നടന്നാൽ പ്രസവത്തിനിടെ പശുക്കൾക്ക് അപകടം ഉണ്ടാവാൻ ഇടയുണ്ട്. വൃത്തിഹീനമായ സ്ഥലത്ത് പ്രസവം നടന്നാൽ പൊക്കിൾക്കൊടി വഴി കിടാവിന് രോഗാണുബാധയുണ്ടാകാനും തള്ളപ്പശുവിന് ഗർഭാശയ രോഗങ്ങൾ വരാനും സാധ്യതയേറെയാണ്. പ്രസവസമയത്ത് പാലിക്കുന്ന ഉയർന്ന ശുചിത്വം കിടാവിന്റെ രോഗപ്രതിരോധ ശേഷിക്കും തള്ളപ്പശുവിന്റെ ഭാവിയിലുള്ള മികച്ച പാലുൽപ്പാദനത്തിനും പ്രധാനമാണ്.

പ്രസവിച്ചയുടൻ കിടാവിനെ പശുവിൽ നിന്ന് മാറ്റി പ്രത്യേകം വളർത്താം

പ്രസവിച്ചയുടൻ കിടാവിനെ തള്ളപ്പശുവിൽ നിന്ന് മാറ്റി പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ വളർത്തുന്നത് ശാസ്ത്രീയ കിടാപരിപാലനത്തിലെ പ്രധാനപ്പെട്ട ഒരു രീതിയാണ്. ജനിച്ചയുടൻ കിടാവിന്റെ ശരീരം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ച് ഉണക്കിയശേഷം മാറ്റാവുന്നതാണ്. കിടാവിനെ പ്രത്യേകം മാറ്റി വളർത്തുന്നതിലൂടെ രോഗാണുബാധകൾ ഒഴിവാക്കാനും കിടാവിന്റെ മരണനിരക്ക് കുറയ്ക്കാനും സാധിക്കും.

കുടിക്കുന്ന പാലും കഴിക്കുന്ന തീറ്റയും കൃത്യമായി അളന്ന് നൽകാനും കിടാവിനുണ്ടാകുന്ന ചെറിയ ശാരീരിക അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ ആദ്യമേ കണ്ടെത്തി ചികിത്സ നൽകാനും ഈ രീതി സഹായിക്കും. തള്ളപ്പശുവിന് ഉണ്ടാകാൻ സാധ്യതയുള്ള അകിടുവീക്കം പോലുള്ള രോഗങ്ങൾ തടയാനും പാൽ പൂർണ്ണമായും കറന്നെടുക്കാനും ഈ രീതി വഴി സാധിക്കും.

അണുബാധ തടയാൻ പൊക്കിൾക്കൊടിയുടെ അണുനശീകരണം

ജനിച്ചയുടൻ കിടാവിന്റെ പൊക്കിൾക്കൊടി അണുവിമുക്തമാക്കുന്നത് രോഗാണുബാധകളിൽ നിന്നുള്ള പ്രധാന സംരക്ഷണകവചമാണ്. ജനിച്ചയുടൻ കിടാക്കളുടെ പൊക്കിൾക്കൊടിയുടെ ഭാഗം ഏഴ് ശതമാനം ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കി അണുവിമുക്തമാക്കണം. പൊക്കിൾ കൊടിയിലെ മുറിവ് ഉണങ്ങുന്നതുവരെ ദിവസവും രണ്ടോ മൂന്നോതവണ അയഡിൻ ലായനിയിൽ മുക്കി പൊക്കിൾക്കൊടി അണുവിമുക്തമാക്കണം.

കിടാക്കളുടെ ശരീരത്തിൽനിന്ന് പൊക്കിൾകൊടി പൂർണ്ണമായി വേർപ്പെട്ടിട്ടില്ലെങ്കിൽ പൊക്കിളിന് ഒരിഞ്ച് താഴെ ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കിയ ഒരു ചരട് ഉപയോഗിച്ച് കെട്ടണം. ശേഷം ബാക്കി ഭാഗം കെട്ടിന് ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച് മുറിച്ച് മാറ്റണം.

കന്നിപ്പാൽ പ്രധാനം-കിടാപരിപാലനത്തിൽ ഒരു 1-2-3 നിയമം

നവജാത കിടാക്കളുടെ ജീവനും ഭാവിയിലെ രോഗപ്രതിരോധ ശേഷിക്കും ഏറ്റവും നിർണായകമായ ഘടകമാണ് കന്നിപ്പാൽ (Colostrum). ഗർഭാവസ്ഥയിൽ തള്ളപ്പശുവിൽ നിന്ന് കിടാങ്ങളിലേക്ക് പ്രതിരോധശേഷി (Antibodies) കൈമാറ്റം ഇല്ലാത്തതിനാൽ, അപൂർണ്ണമായ രോഗപ്രതിരോധ വ്യവസ്ഥയോടെ ജനിക്കുന്ന കിടാവിന് ആവശ്യമായ സംരക്ഷണം നൽകുന്നത് കന്നിപ്പാലിൽ അടങ്ങിയിരിക്കുന്ന ഇമ്യൂണോഗ്ലോബുലിനുകൾ (IgG) ആണ്.

കന്നിപ്പാൽ നൽകുന്നത് ഫലപ്രദമാക്കാൻ "Three Q’s" അഥവാ ഗുണമേന്മ (Quality), അളവ് (Quantity), കൃത്യ സമയം (Quickly) എന്നീ മൂന്ന് ഘടകങ്ങൾ പാലിക്കേണ്ടതുണ്ട്. ആദ്യമായി, കന്നിപ്പാലിന്റെ ഗുണമേന്മ ഉറപ്പാക്കുക എന്നത് വളരെ പ്രധാനമാണ്. ഗർഭാവസ്ഥയുടെ അവസാന 2 മാസം ശരിയായ രീതിയിൽ വറ്റുകാല വിശ്രമം നൽകുന്ന പശുക്കളിൽ നിന്നാണ് മികച്ച ഗുണമേന്മയുള്ള കന്നിപ്പാൽ ലഭിക്കുക. കന്നിപ്പാലിന്റെ ഗുണമേന്മ തിട്ടപ്പെടുത്താൻ റിഫ്രാക്ടോമീറ്റർ ഉപയോഗിച്ച് Brix റീഡിംഗ് എടുക്കാവുന്നതാണ്.

കുറഞ്ഞത് 22% Brix (അഥവാ ഒരു ലിറ്ററിൽ 50 ഗ്രാം IgG) ഉള്ള കന്നിപ്പാലാണ് ഏറ്റവും മികച്ചത്. 22%-ൽ കുറവുള്ള കന്നിപ്പാൽ നൽകിയാൽ രോഗപ്രതിരോധശേഷി ലഭിക്കാതെ വരികയും മരണനിരക്ക് ഉയരുകയും ചെയ്യും. കൂടാതെ, കന്നിപ്പാൽ ശേഖരിക്കുന്നതിനും നൽകുന്നതിനുമുള്ള ഉപകരണങ്ങൾ അണുവിമുക്തമാക്കാതിരുന്നാൽ കുടലിൽ അണുബാധയുണ്ടാവുകയും ഇത് പോഷകാഗിരണത്തെയും കിടാവിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. രണ്ടാമതായി, കൃത്യമായ അളവിൽ കന്നിപ്പാൽ നൽകേണ്ടത് അത്യാവശ്യമാണ്.

കിടാപരിപാലനത്തിൽ കന്നിപ്പാൽ (Colostrum) നൽകുന്നതിൽ ഒരു 1-2-3 നിയമം (1-2-3 Rule) ഉണ്ട്. നവജാത കിടാവിന് മികച്ച രോഗപ്രതിരോധശേഷി ഉറപ്പാക്കാൻ സഹായിക്കുന്നതാണ് ഈ തത്വം. ഇതനുസരിച്ച് പ്രസവിച്ച ശേഷമുള്ള ഒന്നാമത്തെ കറവയിലെ കന്നിപ്പാൽ (Colostrum), പരമാവധി 2 മണിക്കൂറിനുള്ളിൽ കൊടുത്തിരിക്കേണ്ടതാണ്. കൂടാതെ, ആദ്യ ഘട്ടത്തിൽ കിടാവിന് കുറഞ്ഞത് 3 ലിറ്റർ (അല്ലെങ്കിൽ അതിൻ്റെ ശരീരഭാരത്തിന്റെ 10%) കന്നിപ്പാൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ജനിച്ചയുടൻ തന്നെ ഈ 1-2-3 നിയമം പാലിക്കുന്നത് കിടാവിന് ഉയർന്ന രോഗപ്രതിരോധശേഷിയും തുടർന്നുള്ള ആരോഗ്യകരമായ ദീർഘകാല വളർച്ചയും ഉറപ്പുനൽകും. തുടർന്ന് അടുത്ത 12 മണിക്കൂറിനുള്ളിൽ 2 ലിറ്റർ വീണ്ടും നൽകണം. മൂന്നാമതായി, കന്നിപ്പാൽ നൽകുന്ന സമയം വളരെ നിർണായകമാണ്. ജനിച്ചയുടൻ കുടലിന്റെ ഭിത്തികൾക്ക് രോഗപ്രതിരോധ തന്മാത്രകളെ നേരിട്ട് ആഗിരണം ചെയ്യാൻ ഉയർന്ന ശേഷിയുണ്ടെങ്കിലും, 6 മണിക്കൂർ കഴിയുമ്പോൾ ഈ ശേഷി 33% ആയി കുറയുകയും 24 മണിക്കൂറോടെ പൂർണ്ണമായും ഇല്ലാതാവുകയും ചെയ്യുന്നു. അതിനാൽ തള്ളപ്പശുവിൽ നിന്ന് സ്വയം കുടിച്ചുകൊള്ളും എന്ന് കരുതി വൈകിക്കാതെ, പ്രസവിച്ച് ആദ്യ 2 മണിക്കൂറിനുള്ളിൽ തന്നെ അളന്നു തിട്ടപ്പെടുത്തിയ കന്നിപ്പാൽ കുടിപ്പിക്കേണ്ടതാണ്.

കിടാപരിപാലനം: വായുസഞ്ചാരവും വൃത്തിയുമുള്ള ഈർപ്പമില്ലാത്ത സ്ഥലത്ത്

കിടാക്കളുടെ വേഗത്തിലുള്ള വളർച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും അവയെ പാർപ്പിക്കുന്ന അന്തരീക്ഷം നിർണായകമാണ്. മലിനമായ അന്തരീക്ഷം കിടാക്കളിൽ മാരകമായ അതിസാരം, വിരബാധ, ചർമ്മരോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂട്ടും. കിടാക്കൂടുകൾ നല്ല വായുസഞ്ചാരം ലഭിക്കുന്ന രീതിയിലായിരിക്കണം നിർമ്മിക്കേണ്ടത്. ഇത് കൂട്ടിനുള്ളിലെ ദുർഗന്ധവും അമോണിയ വാതകത്തിന്റെ അളവും കുറയ്ക്കാനും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാതെ തടയാനും സഹായിക്കും.

തറ എപ്പോഴും ഉണങ്ങിയതും ഈർപ്പരഹിതവുമായി നിലനിർത്താൻ ശ്രദ്ധിക്കണം, ഇതിനായി ഉണങ്ങിയ വൈക്കോലോ മരപ്പൊടിയോ മാറ്റോ ഉപയോഗിക്കാവുന്നതാണ്. കൂടാതെ, കിടാക്കൂടും പരിസരവും ദിവസവും വൃത്തിയാക്കുകയും ആഴ്ചയിലൊരിക്കലെങ്കിലും അണുനാശിനി തളിച്ച് അണുവിമുക്തമാക്കുകയും വേണം.

ആദ്യ 70 ദിവസങ്ങളിൽ 250 ലിറ്റർ പാൽ ഉറപ്പാക്കാം

കിടാവിന്റെ ആദ്യ 70 ദിവസത്തെ വളർച്ചാഘട്ടത്തിൽ 250 ലിറ്റർ പാൽ ഉറപ്പാക്കണം. ഇതിനായി കൃത്യമായ ഒരു പാൽക്രമം പിന്തുടരുന്നത് കിടാവിന്റെ വേഗത്തിലുള്ള വളർച്ചയ്ക്ക് സഹായിക്കും. ആദ്യത്തെ 1 മുതൽ 30 ദിവസംവരെ ദിവസേന 5 ലിറ്റർ വീതവും, 31 മുതൽ 40 ദിവസംവരെ ദിവസേന 4 ലിറ്റർ വീതവും പാൽ നൽകണം. തുടർന്ന് 41 മുതൽ 50 ദിവസംവരെ ദിവസേന 3 ലിറ്ററും, 51 മുതൽ 60 ദിവസംവരെ ദിവസേന 2 ലിറ്ററും, 61 മുതൽ 70 ദിവസംവരെ ദിവസേന 1 ലിറ്റർ വീതവും നൽകി 70 ദിവസം കൊണ്ട് ആകെ 250 ലിറ്റർ പാൽ അളവ് പൂർത്തിയാക്കാവുന്നതാണ്.

70 ദിവസത്തിനുശേഷം കിടാവിന് പാൽ നൽകുന്നത് ഘട്ടമായി നിർത്തി പൂർണ്ണമായും കാഫ് സ്റ്റാർട്ടറിലേക്കും പച്ചപ്പുല്ലിലേക്കും മാറ്റാം. ഒറ്റയടിക്ക് നൽകാതെ രണ്ടോ മൂന്നോ തവണകളായി വേണം പാൽ നൽകേണ്ടത്. ഒരു ദിവസം നൽകേണ്ട ആകെ പാൽ രണ്ട് തവണകളായി കൊടുത്ത് വളർത്തുന്ന കിടാക്കളെക്കാൾ വളർച്ചയുള്ളവയായിരിക്കും അതേ അളവ് പാൽ മൂന്ന് തവണകളായി കൊടുത്ത് വളർത്തുന്ന കിടാക്കൾ. മിൽക്ക് ഫീഡിങ് ബക്കറ്റിൽ കിടാവിന് പാൽ നൽകുമ്പോൾ അകിടിൽ നിന്ന് പാൽ നുണയുന്ന അതേ മാതൃകയിൽ ചെറുതായി ചവച്ച് വലിച്ച് കുടിക്കാവുന്ന (Sucking) രീതിയിൽ നിപ്പിളുകളുള്ള പാത്രങ്ങളിൽ വേണം പാൽ നൽകേണ്ടത്.

അതോടൊപ്പം കഴുത്ത് പൊക്കി പിടിച്ച് ഒരല്പം ചരിച്ച് വലിച്ച് കുടിക്കാവുന്ന പാകത്തിൽ ഏകദേശം അകിടിന്റെ അതേ ഉയരത്തിൽ വേണം മിൽക്ക് ഫീഡിങ് ബക്കറ്റുകൾ തൊഴുത്തിൽ ക്രമീകരിക്കേണ്ടത്. എങ്കിൽ മാത്രമേ കിടാവ് കുടിക്കുന്ന പാൽ അന്നനാളത്തിന്റെ ചലനങ്ങൾ കൃത്യമായി നടന്ന് ദഹനവും ആഗിരണവും നടക്കുന്ന അബോമാസം എന്ന ആമാശയ അറയിൽ നേരിട്ട് എത്തിച്ചേരുകയുള്ളൂ.

അതല്ലെങ്കിൽ പൂർണമായും വികസിക്കാത്ത റുമെൻ എന്ന ആമാശയ അറയിലേക്ക് പാൽ വഴിമാറി ഒഴുകിയെത്തുകയും കെട്ടിക്കിടന്ന് പിന്നീട് വയറിളക്കത്തിന് കാരണമായി തീരുകയും ചെയ്യും. ഇക്കാരണം കൊണ്ട് തന്നെ പരന്ന പാത്രങ്ങളിൽ പാൽ നിറച്ച് തറയിൽ വച്ച് കിടാക്കൾക്ക് നൽകുന്നത് (Pail feeding) ഒഴിവാക്കുന്നതാണ് ഉത്തമം. ഓരോ തവണ പാൽ നൽകുന്നതിനും മുൻപായി മിൽക്ക് ഫീഡിങ് ബക്കറ്റുകളും നിപ്പിളുകളും അണുനാശിനി ഉപയോഗിച്ചോ ചൂടുവെള്ളത്തിലോ കഴുകി വൃത്തിയാക്കാൻ മറക്കരുത്.

7-ാം ദിവസം മുതൽ പോഷകസമൃദ്ധമായ കാഫ് സ്റ്റാർട്ടർ

ജനിച്ചുവീഴുന്ന പശുക്കിടാവും മുതിർന്ന പശുവും തമ്മിൽ ദഹനവ്യവസ്ഥയിൽ വലിയ വ്യത്യാസമുണ്ട്. മുതിർന്ന പശുക്കളിൽ പുല്ലും വൈക്കോലുമെല്ലാം ദഹിപ്പിക്കുന്നത് നാല് അറകളുള്ള വയറ്റിലെ 'റൂമൻ' എന്ന പ്രധാന അറയിലുള്ള ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കളാണ്. എന്നാൽ നവജാത കിടാക്കളിൽ റൂമൻ വളരെ ചെറുതും വളർച്ചയെത്താത്തതുമായതിനാൽ ആദ്യത്തെ ഏതാനും ആഴ്ചകളിൽ അവയ്ക്ക് പച്ചപ്പുല്ലോ വൈക്കോലോ ദഹിപ്പിക്കാനുള്ള ശേഷിയുണ്ടാകില്ല.

ഇവിടെയാണ് 20 % മുതൽ 24%വരെ പ്രോട്ടീൻ അടങ്ങിയതും എളുപ്പത്തിൽ ദഹിക്കുന്നതുമായ 'കാഫ് സ്റ്റാർട്ടർ' എന്ന കുഞ്ഞുതീറ്റയുടെ പ്രാധാന്യം. കിടാവ് ജനിച്ച് 7-ാം ദിവസം മുതൽ പോഷകസമൃദ്ധമായ കാഫ് സ്റ്റാർട്ടർ കൊടുത്തു തുടങ്ങാം. പാൽ കുടിപ്പിച്ച ഉടൻ അല്പം തീറ്റയെടുത്ത് കിടാവിന്റെ നാവിൽ തൊട്ടുകൊടുത്താൽ, അവ രുചിയും മണവും തിരിച്ചറിഞ്ഞ് സ്വയം തിന്നുതുടങ്ങും.

കാഫ് സ്റ്റാർട്ടർ നൽകുമ്പോൾ ആദ്യഘട്ടത്തിൽ 10 ഗ്രാം എന്ന ചെറിയ അളവിൽ തുടങ്ങി ക്രമേണ വർദ്ധിപ്പിച്ച്, 70-ാം ദിവസമെത്തുമ്പോഴേക്കും ദിവസേന 1 കിലോഗ്രാം കാഫ് സ്റ്റാർട്ടർ ലഭിക്കുന്ന രീതിയിൽ ക്രമീകരിക്കണം. കിടാവ് കാഫ് സ്റ്റാർട്ടർ തിന്നുതുടങ്ങുമ്പോൾ അതിലെ അന്നജം ദഹിച്ച് വയറിനുള്ളിൽ ബുട്ടൈറേറ്റ്, പ്രൊപ്പിയോണേറ്റ് തുടങ്ങിയ പ്രകൃതിദത്ത ആസിഡുകൾ ഉണ്ടാകുകയും ഈ ആസിഡുകൾ റൂമൻ അറയുടെ ഭിത്തികളെ ഉത്തേജിപ്പിച്ച് ഉൾച്ചുവരുകളിലെ 'പാപ്പിലകൾ' (Papillae / Villi) വേഗത്തിൽ വികസിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വളർച്ചയെത്തുന്നതോടെ, ഈ കലകളാണ് പശു തിന്നുന്ന പുല്ലിൽ നിന്നും തീറ്റയിൽ നിന്നും പോഷകങ്ങൾ ശരീരത്തിലേക്ക് വലിച്ചെടുക്കാൻ സഹായിക്കുന്നത്. ഇത് കിടാങ്ങളുടെ ദഹനവ്യവസ്ഥയെ കാര്യക്ഷമമാക്കുകയും ആരോഗ്യകരമായ ദ്രുതവളർച്ച ഉറപ്പാക്കുകയും ചെയ്യും. കിടാവ് തുടർച്ചയായി 3 ദിവസം കുറഞ്ഞത് 1 മുതൽ 1.5 കിലോഗ്രാംവരെ കാഫ് സ്റ്റാർട്ടർ കഴിക്കുന്നു എന്ന് ഉറപ്പായാൽ പാൽ കൊടുക്കുന്നത് പൂർണ്ണമായും നിർത്താം. ആദ്യ 3 മാസത്തെ കാലയളവിൽ ഒരു കിടാവിന് ആകെ 50 കിലോഗ്രാംവരെ സ്റ്റാർട്ടർ തീറ്റ ആവശ്യമായി വരും.

കിടാങ്ങൾക്ക് നൽകാൻ അനുയോജ്യമായ നിരവധി കാഫ് സ്റ്റാർട്ടർ തീറ്റകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഊർജവും മാംസ്യവും ഉൾപ്പെടെയുള്ള പോഷകങ്ങൾ സമീകൃതമായി ഉൾപ്പെടുത്തി കർഷകർക്ക് വീട്ടിൽ തന്നെ കാഫ് സ്റ്റാർട്ടർ തയ്യാറാക്കാവുന്നതാണ്. 40 % പൊടിച്ച ചോളം, 35% സോയാബീൻ പിണ്ണാക്ക് അല്ലെങ്കിൽ നിലക്കടല പിണ്ണാക്ക്, 12% ഗോതമ്പ് തവിട്, 10% ശർക്കരപ്പാനി (Molasses), 3% മിനറൽ മിശ്രിതം, ഉപ്പ്, അപ്പക്കാരം എന്നീ ചേരുവകൾ നന്നായി യോജിപ്പിച്ചെടുത്ത് ഒരു മാതൃക കാഫ് സ്റ്റാർട്ടർ തയ്യാറാക്കാം.

കുടിവെള്ളം പ്രധാനം

കിടാക്കൾ കഴിക്കുന്ന കാഫ് സ്റ്റാർട്ടർ ദഹിക്കുന്നതിനും, റൂമൻ അറയിലെ പ്രയോജനകരമായ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്കും വെള്ളം അത്യന്താപേക്ഷിതമാണ്. അതിനാൽ 24 മണിക്കൂറും കിടാവിന് ആവശ്യത്തിന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. മതിയായ അളവിൽ വെള്ളം ലഭിച്ചില്ലെങ്കിൽ കിടാക്കൾ തീറ്റ തിന്നുന്നത് ഗണ്യമായി കുറയ്ക്കുകയും വളർച്ച മന്ദഗതിയിലാവുകയും ചെയ്യും. കിടാവിന്റെ കൈമുട്ടോളം ഉയരത്തിൽ വേണം വെള്ളപ്പാത്രങ്ങൾ ക്രമീകരിക്കേണ്ടത്.

ആദ്യ വിരമരുന്ന് 10 മുതൽ 14 ദിവസംവരെ പ്രായമെത്തുമ്പോൾ

പശുക്കിടാങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് കൃത്യസമയത്തുള്ള വിരനിർമ്മാർജ്ജനം (Deworming) അത്യന്താപേക്ഷിതമാണ്. വിരബാധ കഠിനമായി രോഗലക്ഷണങ്ങൾ പുറത്തുവരുമ്പോഴേക്കും അത് കിടാവിന്റെ ശരീരത്തിന് നികത്താനാകാത്ത ആഘാതം ഉണ്ടാക്കിയിട്ടുണ്ടാകും. കിടാവ് ജനിച്ച് 10 മുതൽ 14 ദിവസത്തിനുള്ളിൽ തന്നെ ആദ്യത്തെ വിരമരുന്ന് നൽകണം.

ജനിച്ച ആദ്യ ദിവസങ്ങളിൽ അമ്മയുടെ പാലിലൂടെ വയറ്റിലെത്തുന്ന ഉരുണ്ടവിരകൾ (Toxocara vitulorum) കിടാവിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മരുന്ന് നൽകുന്നത്. മരുന്ന് നൽകുന്നതിന് തൊട്ടുമുമ്പ് കിടാവിന്റെ ശരീരഭാരം കൃത്യമായി തിട്ടപ്പെടുത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള അളവിൽമാത്രം നൽകാൻ ശ്രദ്ധിക്കുക. ആദ്യ ഡോസ് നൽകി 15 ദിവസത്തിനുശേഷം (അതായത് 25–30 ദിവസം പ്രായത്തിൽ) രണ്ടാമത്തെ ഡോസ് നൽകണം.

തുടർന്ന്, ഫാമിന്റെ സാഹചര്യവും പരിപാലനരീതികളും തീറ്റക്രമവും എല്ലാം പരിഗണിച്ച് കിടാവ് 6 മാസം പ്രായമെത്തുന്നതുവരെ മാസത്തിലൊരിക്കലും, 1 വയസ്സുവരെ 3 മാസത്തിലൊരിക്കലും വിരമരുന്ന് നൽകുന്നത് അഭികാമ്യമാണ്‌. വിരശല്യം കഠിനമായാൽ വയറിളക്കം, വയറു വീർക്കൽ, രോമം എഴുന്നേറ്റു നിൽക്കൽ, ചാണകത്തിൽ രക്തമയമോ കഫമോ കാണപ്പെടൽ, വിളർച്ച, തളർച്ച, കടുത്ത വളർച്ചക്കുറവ് എന്നിവയുണ്ടാകും. മരുന്ന് കൊടുക്കുമ്പോൾ അത് ശ്വാസനാളത്തിൽ കയറി അപകടമുണ്ടാകാതിരിക്കാൻ കിടാവിന്റെ നാക്ക് അമർത്തിപ്പിടിക്കാതെ പതുക്കെ നാവിന്റെ മുകളിലേക്ക് ഒഴിച്ച് നൽകാൻ പ്രത്യേക ശ്രദ്ധ പുലർത്തണം.

സങ്കരയിനം പശുക്കൾക്ക് കൊമ്പ് എന്തിന്?

വിരനിർമ്മാർജ്ജനത്തോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് കൊമ്പുകരിക്കൽ (isbudding). പ്രായമായ ഉരുക്കളുടെ കൊമ്പ് മുറിച്ചുമാറ്റുന്നത് കടുത്ത വേദനയ്ക്കും അമിത രക്തസ്രാവത്തിനും കാരണമാകുമെന്നതിനാൽ, കിടാവ് ജനിച്ച് 10 മുതൽ 15 ദിവസങ്ങൾക്കുള്ളിൽ (പരമാവധി 2 മാസം പൂർത്തിയാകുന്നതിന് മുൻപ്) കൊമ്പ് തലയോട്ടിയിലെ അസ്ഥിയുമായി കൂട്ടിച്ചേരുന്നതിന് മുൻപ് തന്നെ ഇത് ചെയ്യുന്നതാണ് ഏറ്റവും സുരക്ഷിതം. 2 മാസത്തിൽ താഴെ പ്രായമുള്ള കിടാങ്ങളിൽ പ്രത്യേകം ഡീ ഹോർണിങ് പേസ്റ്റ് പുരട്ടിയോ, ഹോട്ട് അയേൺ റോഡ് (Hot iron rod) ഉപയോഗിച്ചോ വളരെ എളുപ്പത്തിൽ കൊമ്പു കരിക്കാം.

കൊമ്പ് കളയുന്നത് വഴി കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഉരുക്കളെ സുരക്ഷിതമായി പാർപ്പിക്കാൻ കഴിയുമെന്നതിനോടൊപ്പം കർഷകർക്കും മറ്റ് ഉരുക്കൾക്കും കൊമ്പുകൊണ്ടുള്ള പരിക്കുകൾ ഏൽക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനും സാധിക്കും. ഫാമിന്റെ സാഹചര്യം കണക്കിലെടുത്ത് വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരംമാത്രം ഏറ്റവും അനുയോജ്യമായ വിരമരുന്നുകളും കൊമ്പുകരിക്കൽ രീതികളും തിരഞ്ഞെടുക്കാൻ കർഷകർ ശ്രദ്ധിക്കണം.

പരുഷാഹാരങ്ങൾ 5-ാം ആഴ്ച മുതൽമാത്രം

ആദ്യത്തെ ഒരു മാസത്തേക്ക് (4 ആഴ്ചവരെ) കിടാവിന് പച്ചപ്പുല്ലോ വൈക്കോലോ പോലെയുള്ള പരുഷാഹാരങ്ങൾ നൽകരുത്. ഈ സമയത്ത് പുല്ലുകൾ ദഹിപ്പിക്കുന്ന ആമാശയത്തിലെ റൂമൻ അറ പൂർണ്ണമായി വികസിച്ചിട്ടില്ലാത്തതിനാൽ, ഇത്തരം നാരുകളുള്ള തീറ്റകൾ ദഹിക്കാതെ കിടാവിന്റെ വയർ വീർത്തു താഴേക്ക് തൂങ്ങിവരാൻ (Pot-bellied appearance) കാരണമാകും.

മാത്രമല്ല, ഇത് റൂമൻ ഭിത്തികളുടെ സ്വാഭാവിക വികാസത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. കിടാവ് ജനിച്ച് 5-ാം ആഴ്ച മുതൽ മാത്രമേ പച്ചപ്പുല്ലും വൈക്കോലും വളരെ ചെറിയ അളവിൽ കൊടുത്തു തുടങ്ങാവൂ. ഉയർന്ന ഗുണനിലവാരമുള്ളതും മൃദുവായതുമായ ഉണക്കപ്പുല്ല് ആദ്യം നൽകിത്തുടങ്ങാം. തുടർന്ന് ക്രമേണ അളവ് വർദ്ധിപ്പിച്ച് നൽകുന്നത് റൂമന്റെ വലിപ്പവും ദഹനശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കും.

രണ്ടുമാസം കൊണ്ട് കിടാവിന്റെ ജനനതൂക്കം ഇരട്ടിയാക്കാം

ശരിയായ പരിപാലനവും ശാസ്ത്രീയ തീറ്റക്രമവും പാലിച്ചാൽ രണ്ടു മാസം കൊണ്ട് (ഏകദേശം 8 ആഴ്ച) കിടാവിന്റെ ജനനസമയത്തെ ഭാരം ഇരട്ടിയാക്കാൻ സാധിക്കും. ഈ ഘട്ടത്തിൽ പ്രതിദിനം 600 മുതൽ 800 ഗ്രാംവരെ തൂക്കവർദ്ധനവ് കൈവരിക്കാനാകും. ജനിച്ച ആദ്യ മണിക്കൂറുകളിൽ നൽകുന്ന കന്നിപ്പാൽ, 70 ദിവസംവരെ നൽകുന്ന പാൽ, 7-ാം ദിവസം ആരംഭിക്കുന്ന കാഫ് സ്റ്റാർട്ടർ, കൃത്യസമയത്തുള്ള വിരനിർമ്മാർജ്ജനം, 24 മണിക്കൂറും ലഭ്യമാക്കുന്ന ശുദ്ധമായ കുടിവെള്ളം, അഞ്ചാം ആഴ്ച മുതലുള്ള പരുഷാഹാരങ്ങൾ എന്നിവ കിടാവിന്റെ തൂക്കവളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്നു. ശാസ്ത്രീയമായ ഇത്തരം പരിപാലന രീതികൾ കിടാവിന്റെ ദഹനവ്യവസ്ഥയുടെ വേഗത്തിലുള്ള വികാസത്തിനും ഭാവിയിൽ ഉയർന്ന ഉൽപ്പാദനശേഷിയുള്ള കറവപ്പശുവായി മാറുന്നതിനും സഹായിക്കും.

പ്രതിരോധ കുത്തിവെപ്പുകൾ 4-ാം മാസം മുതൽ

കിടാങ്ങൾക്ക് 4-ാം മാസം മുതൽ കൃത്യമായ ഇടവേളകളിൽ പ്രതിരോധ കുത്തിവെപ്പുകൾ (Vaccines) നൽകേണ്ടത് അവയുടെ ആരോഗ്യകരമായ വളർച്ചയ്ക്കും മരണനിരക്ക് പൂർണ്ണമായി കുറയ്ക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കിടാവിന് 4-ാം മാസം പൂർത്തിയാകുമ്പോൾ കുളമ്പുരോഗം (Foot and Mouth Disease - FMD) പ്രതിരോധിക്കാനുള്ള ആദ്യ വാക്സിൻ നൽകണം. ആദ്യ ഡോസ് നൽകി 1 മാസത്തിനുശേഷം (21–30 ദിവസത്തിനുള്ളിൽ) ഇതിന്റെ ബൂസ്റ്റർ ഡോസും, തുടർന്ന് ആറു മാസത്തിലൊരിക്കൽ വാർഷിക പ്രതിരോധ കുത്തിവെപ്പുകളും തുടരേണ്ടതാണ്.

നാലാം മാസം പൂർത്തിയാകുമ്പോൾ ചർമമുഴ രോഗം (Lumpy Skin Disease - LSD) തടയാനുള്ള പ്രതിരോധ കുത്തിവെപ്പും നൽകാം. 6-ാം മാസം പൂർത്തിയാകുമ്പോൾ കുരലടപ്പൻ (Haemorrhagic Septicaemia - HS) രോഗത്തിനെതിരെയുള്ള കുത്തിവെപ്പ് നൽകുകയും വർഷത്തിലൊരിക്കൽ അവ ആവർത്തിക്കുകയും വേണം. കൂടാതെ, പെൺകിടാങ്ങൾക്ക് 4 മുതൽ 8 മാസംവരെ പ്രായമുള്ള കാലയളവിൽ ബ്രൂസെല്ലോസിസ് (Brucellosis) രോഗത്തിനെതിരെയുള്ള വാക്സിൻ (Brucella Abortus Strain 19) ആയുസ്സിൽ ഒരൊറ്റ തവണ നിർബന്ധമായും നൽകേണ്ടതാണ്.

വന്ധ്യതയ്ക്കും ഗർഭമലസലിനും കാരണമാകുന്ന ഈ രോഗത്തിനെതിരെയുള്ള കുത്തിവെപ്പ് ഭാവിയിലെ മികച്ച കറവപ്പശുക്കളുടെ സംരക്ഷണത്തിന് വളരെ പ്രധാനമാണ്. കൃത്യമായ ഇടവേളകളിൽ ശരീരഭാരം അളക്കുന്നതും വിരയിളക്കുന്നതും വാക്സിനേഷൻ പൂർത്തിയാക്കുന്നതും രോഗങ്ങൾ പകരുന്നത് തടയാനും കിടാക്കളുടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാനും സഹായിക്കും. പുറത്തുനിന്നുള്ള പുതിയ ഉരുക്കളെ ഫാമിലേക്ക് വാങ്ങുന്നത് ഒഴിവാക്കി, സ്വന്തം ഫാമിലെ കിടാങ്ങളെ ശാസ്ത്രീയമായി വളർത്തിയെടുക്കുന്നതാണ് ഉയർന്ന രോഗപ്രതിരോധശേഷിയുള്ള കറവപ്പശുക്കളെയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.