ഭാനുമതി ടീച്ചര്‍ക്കിന്ന് നൂറ്റിയമ്പതിലേറെ കുട്ടികളുണ്ട്. അവരുടെ കടലോളം സ്നേഹം അത് തന്നോട് മാത്രമാണെന്ന്  തൃശ്ശൂരിലെ അമ്മയിലെത്തിയാല്‍ ടീച്ചര്‍ ഓരോ നിമിഷവും കാണിച്ചുതരും. അവിടെ സമൂഹം ഭ്രാന്തരെന്നും ബുദ്ധിയില്ലാത്തവരെന്നും പേരിട്ട് എഴുതിത്തള്ളിയവരെ, വഴിയുലുപേക്ഷിച്ചവരെ ചേര്‍ത്ത് നിര്‍ത്തുകയാണ്. അവരുടെ ഒപ്പം നടക്കുകയാണ്.

To advertise here,

തന്റെ മൂന്ന് സഹോദരങ്ങള്‍ ഓട്ടിസം ബാധിതരായി ഭൂമിയില്‍ ജനിച്ച് വീണത് മുതല്‍ സ്വന്തം അമ്മയ്ക്കൊപ്പം മറ്റൊരമ്മയായി തുടങ്ങിയതാണ് ഭാനുമതി ടീച്ചറുടെ വിസ്മയ ജീവിതം. അമ്മയുടെ കാലശേഷം അവരെ നോക്കാനായി സ്വന്തമായി കുട്ടികള്‍ വേണ്ട എന്ന് പോലും തീരുമാനിച്ച് സഹോദരങ്ങളുടെ പരിചരണം ഏറ്റെടുത്ത് തുടങ്ങിയ ആ അമ്മ ജീവിതം ഇന്ന് 65 ാം വയസ്സിലും തുടരുകയാണ്. തൃശ്ശൂര്‍ തൈക്കാട്ടശ്ശേരിയില്‍ മുപ്പത് വര്‍ഷം  മുമ്പ് സ്ഥാപിച്ച അമ്മ(അസോസിയേഷന്‍ ഫോര്‍ മെന്റലി ഹാന്‍ഡികാപ്പ്ഡ് അഡല്‍റ്റ്സ്) എന്ന സ്ഥാപനത്തിന്റെ മൂന്ന് ശാഖകളിലായി നൂറ്റിയമ്പതിലധികം  വരുന്ന അന്തേവാസികളാണ് ഇന്ന് ഭാനുമതിയുടെ ജീവിതം. അതില്‍ തന്റെ മൂന്ന് സഹോദരങ്ങളില്‍ രണ്ടുപേരുമുണ്ട്. ഒരാള്‍ മരണപ്പെട്ടു.

placeholder
ഡോ.ഭാനുമതി| ഫോട്ടോ: ഷഹീര്‍ സി.എച്ച്‌

കണ്ണുതുറപ്പിച്ച സ്വന്തം അമ്മയുടെ ജീവിതം

പാലക്കാട്ടെ സമ്പന്ന കുടുംബത്തിലായിരുന്നു ഭാനുമതിയുടെ ജനനവും പഠനവുമെല്ലാം. പക്ഷെ മൂന്ന്  സഹോദരങ്ങള്‍ ഓട്ടിസ ബാധിതരായി ജനിച്ചതോടെ അവരുടെ ജീവിതവും അപ്പാടെ മാറുകെയായിരുന്നു. തന്റെ  അമ്മയുടെ മരണം വരെ അവര്‍ ഒരു കല്ല്യാണത്തിനോ അല്ലെങ്കില്‍ മൂന്നുപേര്‍ കൂടുന്ന മറ്റെന്തെങ്കിലും ചടങ്ങിനോ എന്തിന് അമ്പലത്തില്‍ പോലും പോവുന്നത് താന്‍ കണ്ടിട്ടില്ലെന്ന് ഇപ്പോഴും ടീച്ചര്‍ ഓര്‍ക്കുന്നുണ്ട്. ഓട്ടിസം ബാധിതരായ ഒരു കുട്ടി വീട്ടിലുണ്ടെങ്കില്‍ പോലും ആ വീട്ടിലെ സ്ത്രീകള്‍ പ്രത്യേകിച്ച് അമ്മമാരാണ് അതിന്റെ എല്ലാ വേദനയും അനുഭവിക്കുന്നത്. അങ്ങനെയുള്ളയിടത്ത് അത്തരം അവസ്ഥയില്‍ മൂന്നുപേരുണ്ടെങ്കില്‍ എന്തായിരിക്കും ജീവിതമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. സഹോരങ്ങളുടെ പ്രാഥമിക കാര്യങ്ങളെല്ലാം അമ്മ തന്നെ ചെയ്ത് കൊടുക്കണം. പിന്നീട് അമ്മയോടൊപ്പം തനിക്കും കൂടേണ്ടി വന്നു. അന്നുമുതല്‍ അറഞ്ഞുതുടങ്ങിയതാണ് ഓട്ടിസം ബാധിതരുടെ ദുരിതാവസ്തയെന്നും ടീച്ചര്‍ പറയുന്നു. സ്വന്തമായി വരുമാനമുണ്ടാകുന്ന മുറയ്ക്ക് ഇത്തരക്കാരെ സംരക്ഷിക്കാന്‍ ഒരു സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹത്തില്‍ നിന്നാണ് തൃശ്ശൂരിലെ അമ്മയുടെ സ്ഥാപന രൂപവത്കരണത്തിലേക്കെത്തുന്നത്. അതിനിന്ന് മൂന്ന് ശാഖകളുമുണ്ട്. 

അമ്മയുടെ കാലശേഷം സഹോദരങ്ങളെ ഏറ്റെടുക്കേണ്ടി വരുമെന്ന് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ഭാനുമതി ടീച്ചര്‍ പറയുന്നു. പഠനവും കേരളവര്‍മ കോളേജിലെ അധ്യാപക ജോലിയും വിദേശ സ്‌കോളര്‍ഷിപ്പുമെല്ലാം ലഭിച്ചെങ്കിലും അമ്മ മരിച്ചതോടെ പൂര്‍ണമായും ഇവരെ സംരക്ഷിക്കുന്ന ചുമതലയേറ്റെടുത്തു. വിവാഹം കഴിഞ്ഞെങ്കിലും സ്വന്തമായി കുട്ടികള്‍ വേണ്ടെന്ന് പോലും തീരുമാനമെടുത്തു. സ്വന്തമായി കുട്ടികളുണ്ടായാല്‍ സഹോദരങ്ങളിലേക്കും താന്‍ സംരക്ഷിക്കുന്ന മറ്റ് ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കും  വേണ്ടി പൂര്‍ണ ശ്രദ്ധ നല്‍കാനാവില്ലെന്ന തിരിച്ചറിവിലായിരുന്നു അങ്ങനെയൊരു തീരുമാനം. അതിന് ഭര്‍ത്താവ് സലീഷ് പൂര്‍ണ പിന്തുണ നല്‍കിയെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു.  

തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ റിട്ട. പ്രൊഫസറായ പി. ഭാനുമതിയെ കാണുമ്പോള്‍ തന്നെ  'അമ്മ'യിലെ കുട്ടികളും സന്തോഷം കൊണ്ട് എല്ലാം മറക്കും. ആര് പറഞ്ഞാല്‍ കേട്ടില്ലെങ്കിലും ഭാനുതി ടീച്ചര്‍ ഓരോരുത്തരുടേയും പേര് വിളിച്ച് അടുത്തുചെല്ലുമ്പോള്‍ അവര്‍ നല്ല കുട്ടികളാവും.

ഒറ്റമുറിയില്‍ തുടങ്ങി ഇന്ന് 167 കുട്ടികള്‍

29 വര്‍ഷം മുമ്പ് 1996-ലാണ് 'അമ്മ' (AHMA-Association for Mentally Handicapped Adults  ) എന്ന സ്ഥാപനം തുടങ്ങുന്നത്. അന്ന് സ്ഥലം വാടകയ്ക്ക് തരാന്‍ പോലും ആരും തയ്യാറായില്ല. ഒടുവില്‍ അയ്യന്തോള്‍ ചാത്തംകുടം എല്‍.പി. സ്‌കൂളിലെ ഒരു ക്ലാസ് മുറി അന്നത്തെ അയ്യന്തോള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ അഡ്വ. രാമന്‍കുട്ടി ഏര്‍പ്പാടാക്കിത്തന്നു. തന്റെ വിദ്യാര്‍ഥിയുടെ അമ്മാവനായിരുന്നു അദ്ദേഹം. മറ്റു കുട്ടികള്‍ക്കൊപ്പം ഇവരെയും ഇരുത്തിയാല്‍ ശരിയാവില്ലെന്ന് എതിര്‍പ്പുകള്‍ വന്നു. പിന്നീട് പലയിടത്തായി കുട്ടികളേയും കൊണ്ട് മാറി. ഇന്ന് കാര്യാട്ടുകരയിലെ 54 സെന്റ് സ്ഥലത്താണ് 'അമ്മ'യെന്ന സ്ഥാപനം.അവിടെയിപ്പോള്‍ 18 മുതല്‍ 70 വയസ് വരെയുള്ള മുതിര്‍ന്ന 65 പേരുണ്ട്. ഇവിടെത്തന്നെയാണ് താനും താമസിക്കുന്നതെന്ന് ഭാനുമതി ടീച്ചര്‍ പറയുന്നു.

ഓട്ടിസം ബാധിച്ച രണ്ടു മുതല്‍ പത്തു വയസ് വരെയുള്ള കുട്ടികള്‍ക്ക് തെറാപ്പി ചെയ്യുന്നതിനായി ഒളരി അമ്പാടിക്കുളത്തിന് സമീപം ഓട്ടിസം തെറാപ്പി സെന്ററുമുണ്ട്,  ഇവിടെയിന്ന് 82 കുട്ടികളുണ്ട്. മറ്റൊരു ന്യൂറോ റിഹാബ് സെന്റര്‍ തൃശ്ശൂര്‍ തൈക്കാട്ടശ്ശേരിയിലുമുണ്ട്. ഇവിടെ നിലവില്‍ 20 കുട്ടികളുണ്ട്. ഇതിന്റെ  ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് നടക്കും. സെന്റസറി പാര്‍ക്ക്, ക്ലാസ്റൂം, അക്വ തെറാപ്പി, വെര്‍ച്വല്‍ റിയാലിറ്റി എന്നിവയെല്ലാം ചേര്‍ന്നതാണ് പുതിയ സെന്റര്‍.  

കോളേജില്‍നിന്ന് വിരമിച്ചതിന് ശേഷം ഇപ്പോള്‍ ജീവിതം മുഴുവന്‍ കുട്ടികള്‍ക്കൊപ്പമാണ് ഭാനുമതി ടീച്ചര്‍. സര്‍ക്കാരിന്റെ ധനസഹായമില്ലെങ്കിലും പ്രിയപ്പെട്ടവരുടെ സഹായമാണ് വരുമാനം. എന്നാലും സൗജന്യമായിട്ടാണ് കുട്ടികള്‍ക്ക് ഇവിടെയുള്ള എല്ലാ പ്രവര്‍ത്തനവും. ഭക്ഷണമായും പച്ചക്കറികളായും അരിയായും പലചരക്കായും മുടങ്ങാതെ 'അമ്മ'യില്‍ പലരുമെത്തിക്കും. ശക്തന്‍ പച്ചക്കറിച്ചന്തയിലെ വിശാഖ് എന്നയാള്‍ ആവശ്യത്തിന് പച്ചക്കറി സൗജന്യമായി തരും. ജീവനക്കാര്‍ക്കും മറ്റുമെല്ലാമുള്ള ശമ്പളമടക്കം പലരുടേയും സഹായത്തില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പില്‍ നിന്നുമാണ്.

മടിയില്‍ കിടന്ന് മരിച്ച സഹോദരന്റെ ഓര്‍മ

ഓട്ടിസം ബാധിച്ച മൂന്ന് സഹോദരന്‍മാരില്‍ ഒരാള്‍ നേരത്തെ മരണപ്പെട്ടതാണ്. തന്റെ മടിയില്‍ കിടന്നാണ് സഹോദരന്‍ മരിച്ചതെന്നും അത് മറക്കാനാവാത്ത അവസ്ഥയായിരുന്നുവെന്നും ഭാനുമതിടീച്ചര്‍ പറയുന്നു. അന്ന് കോളേജിലായിരുന്നു ടീച്ചറുണ്ടായിരുന്നത്. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കുട്ടികളെ നോക്കുന്ന കെയര്‍ടേക്കര്‍ കുട്ടി ഭക്ഷണം കഴിക്കുന്നില്ലെന്ന് പറഞ്ഞത്. ഭക്ഷണം ഇറക്കാന്‍ കഴിയാത്തതായിരുന്നു പ്രധാന പ്രശ്നം. ചോറും തൈരും കൂട്ടി മിക്സിയിലടിച്ചിട്ട് കൊടുത്തിട്ട് പോലും ഇറക്കാനാവുന്നില്ല.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു ആന്റിബയോട്ടിക് മാത്രം നല്‍കി പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. സഹോദരനെ ഒന്ന് തൊട്ട് നോക്കാന്‍ പോലും തയ്യാറാവാതെയായിരുന്നു മരുന്നെഴുത്ത്. വീട്ടില്‍ തിരിച്ചെത്തി അന്ന് രാത്രിയാണ് തന്റെ മടിയില്‍ കിടന്ന് അവന്‍ മരിച്ചത്. ഡോക്ടറുടെ പൂര്‍ണ അശ്രദ്ധയായിരുന്നു ആ മരണകാരണം. ഇത്തരത്തിലുള്ള കുട്ടികള്‍ ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്ന മൂന്‍കൂര്‍ ധാരണയോടെയാണ് ഡോക്ടര്‍മാര്‍  പോലും നോക്കുന്നത്. ഇന്ന് ബാക്കിയുള്ള രണ്ട് സഹോദരന്‍മാരും ഭാനുമതി ടീച്ചര്‍ക്കൊപ്പമാണ്. ഓട്ടിസത്തിനൊപ്പം മറ്റ് ചില ആരോഗ്യ പ്രശ്നങ്ങളും അവര്‍ക്കുള്ളതിനാല്‍ സ്ഥാപനത്തിനോട് ചേര്‍ന്ന് താമസ സ്ഥലത്ത് തന്നെയാണ് അവരുള്ളത്.

അവര്‍ ഭ്രാന്തന്‍മാരല്ല, ചേര്‍ത്ത് നിര്‍ത്തണം

ഓട്ടിസമെന്നത് ഇന്ന് സര്‍വസാധാരണയായ കാര്യമായി മാറിയെങ്കിലും ഇത്തരം കുട്ടികളെ ഭ്രാന്തന്മാരെന്ന തരത്തിലാണ് സമൂഹം ഇപ്പോഴും നോക്കിക്കാണുന്നത്. പലരും തെരുവിലുപേക്ഷിക്കപ്പെടുന്നു. അത്തരത്തില്‍ തിരിച്ചറിയപ്പെടാത്ത കുട്ടികളും അമ്മയിലെ അന്തേവാസികളായിട്ടുണ്ട്. ചിലര്‍ക്ക് ഒന്നോ രണ്ടോ വാക്കല്ലാതേ മറ്റൊന്നുമറിയില്ല. സ്വന്തം പേരോ നാടോ ഒന്നുമറിയില്ല. ഇവിടെയുള്ള താമസക്കാരിലുള്ള ഒരു കുട്ടിയെ കിട്ടിയത് നാട്ടുകാര്‍ പിടിച്ചുകെട്ടിയെ അവസ്ഥയില്‍ പോലീസെത്തി മോചിപ്പിച്ച ശേഷമാണ്. അമ്മയിലെ  കൃത്യമായ പരിചരണം ലഭിക്കുന്നതോടെ അവരുടെ സ്വഭാവത്തിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നും ടീച്ചര്‍ പറയുന്നു. ഓട്ടിസം എന്നത് ഭ്രാന്തല്ലെന്ന തിരിച്ചറിവാണ് സമൂഹത്തിനുണ്ടാവേണ്ടത്. ഭ്രാന്ത് ചികിത്സിച്ച് ഭേദമാക്കാം. എന്നാല്‍ ഓട്ടിസം രോഗമല്ലാത്തതിനാല്‍ ചികിത്സയില്ല. പകരം അവരെ പരമാവധി ചേര്‍ത്ത് നിര്‍ത്തി അതിന്റെ രൂക്ഷത കുറച്ചുകൊണ്ടുവരിക മാത്രമാണ് ചെയ്യാന്‍ പറ്റുക. അതിന് സമൂഹത്തിന്റെ പിന്തുണയാവശ്യമുണ്ട്.

അമ്മയിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ സ്വന്തമായി ബസ്സുണ്ട്. അതില്‍ കുട്ടികളെ രാവിലെ കൂട്ടിക്കൊണ്ട് വരികയും തിരിച്ചയക്കുകയും ചെയ്യും. ചിലര്‍ ഇവിടെ സ്ഥിരം അന്തേവാസികളുമാണ്. അതില്‍ 15 പേർ പൂർണമായും അനാഥരുമാണ്. ഇത്തരം കുട്ടികളുടെ നൂറ് ശതമാനം ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്ക് തന്നെയാണ്. അതുകൊണ്ടു തന്നെ ഇവിടെ സ്ഥിരമായി നില്‍ക്കുന്നവരെ പോലും ഇടവേളകളില്‍ വീട്ടിലേക്ക് വിടും. തിരിച്ചുകൊണ്ടു വരികയും ചെയ്യും. അത് വീട്ടുകാരുടെ ഉത്തരവാദിത്വം ഓര്‍മിപ്പിക്കാന്‍ കൂടിയാണ്. 

സാധാരണ വ്യക്തികള്‍ക്കുള്ള എല്ലാ ഇമോഷന്‍സുകളും ഫീലിംഗ്സുകളുമുള്ളവരാണ് ഈ കുട്ടികള്‍. ആര്‍ത്തവ സമയമൊക്കെ കൈകാര്യം ചെയ്യാന്‍ പെണ്‍കുട്ടിളെ പരിശീലിപ്പിക്കുക തന്നെ വേണം. എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് അറിയാത്തവരാണ് ആ കുട്ടികള്‍. മാനസിക വളര്‍ച്ച കുറയുന്നുവെന്നതല്ലാതെ ശരീര വളര്‍ച്ചയ്ക്ക് ഒരു തടസ്സമില്ലാത്തവര്‍. അതുകൊണ്ടു തന്നെ കൗമാരക്കാരായ കുട്ടികളെയൊക്കെ മാനേജ് ചെയ്യുകയെന്നത് വലിയ പണി തന്നെയാണെന്നും ടീച്ചര്‍ പറയുന്നു.

അമ്മയിലെ പരിശീലനത്തിലൂടെ പാഡ് വെക്കാനൊക്കെ പെണ്‍കുട്ടികള്‍ പഠിച്ചിട്ടുണ്ട്. സമാന അവസ്ഥയാണ് ആണ്‍ കുട്ടികളുടേതും. ഹോര്‍മോണ്‍മാറ്റം മൂലം മറ്റ് ആണ്‍കുട്ടികള്‍ക്കുണ്ടാവുന്ന എല്ലാ കാര്യവും ഇവര്‍ക്കുമുണ്ടാവും. പലപ്പോഴും പൊതുയിടത്ത് നിന്ന് തന്നെ സ്വകാര്യമായി ചെയ്യേണ്ടതെല്ലാം ചെയ്യും. അതിനെയൊന്നും അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അപ്പോള്‍ പകരം സംവിധാനം ചെയ്ത് കൊടുക്കുക മാത്രമാണ് ഏക വഴി.

യോഗ, പ്രാര്‍ഥന, നൈപുണ്യ പരിശീലനം

സദാ വിറയ്ക്കുന്നതും വളഞ്ഞതുമായ കൈവിരലുമാണെങ്കിലും അവര്‍ സസൂക്ഷ്മം സൂചിയുടെ വിടവില്‍ നൂല്‍ കോര്‍ക്കും. എത്ര പരാജയപ്പെട്ടാലും നൂല് കോര്‍ക്കുന്നതില്‍ നിന്നും പിന്നോട്ടുപോവില്ല. പിന്നെ മെല്ലെ മെല്ലെ  തയ്ക്കാന്‍ തുടങ്ങും. മെഷീന്‍ സ്റ്റെപ്പില്‍ കാല്‍വെച്ച് ചലിപ്പിച്ച് പരിശീലക നല്‍കിയ തുണി വളയാതെ തൈച്ച് കൊടുക്കും. അങ്ങനെ അവരതൊരു തുണിസഞ്ചിയാക്കും. വെറും സംരക്ഷണ കേന്ദ്രമെന്നതിനപ്പുറം തൊഴിലിടം പോലെയാണ് അമ്മയെ ഇവിടെയുള്ള അന്തേവാസികള്‍ കാണുന്നതെന്നും ഭാനുമതി ടീച്ചര്‍ പറയുന്നു. 

രാവിലെ പ്രാര്‍ഥന നടത്തി തുടങ്ങുന്നതാണ് അമ്മയിലെ അന്തേവാസികളുടെ ഒരു ദിവസം. യോഗ പരിശീലനവും പ്രാര്‍ഥനയും എല്ലാമുണ്ട്. യോഗയ്ക്കായി പ്രത്യേക പരിശീലികയുമെത്തും. ഇതിന് ശേഷം നൈപ്യുണ പരിശീലനമാണ്. തുണി സഞ്ചികള്‍, ബാഗുകള്‍, സോപ്പ്, സോപ്പ് പൊടി, കുട, ഫിനോയില്‍ എന്നിവെയെല്ലാം പരിശീലകരുടെ സഹായത്തോടെ അന്തേവാസികളുണ്ടാക്കും. 

തയ്യല്‍ മെഷീന്‍ ചവിട്ടുന്നതും സഞ്ചിയില്‍ ചിത്രം വരക്കുന്നതുമെല്ലാം അങ്ങനെയവര്‍ സ്വായത്തമാക്കി. ഉണ്ടാക്കുന്ന സാധനങ്ങളെല്ലാം വില്‍പ്പന നടത്തി അതിന്റെ പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യും. അത് കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും വലിയ ആത്മാഭിമാനമാണ് ഉണ്ടാക്കുന്നത്. തന്റെ  കുട്ടിയെകൊണ്ടും ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമെന്നും ഒന്നിനും വേണ്ടാത്തവരല്ലെന്നുമുള്ള ചിന്ത രക്ഷിതാക്കളിലുണ്ടാക്കാന്‍ സാധിക്കുമെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടുന്നു.

Inshort: Bhanumathi Teacher from Thrissur, Kerala, dedicated her life to caring for mentally challenged adults after growing up with three autistic siblings. Choosing not to have children of her own, she founded "AMMA" (Association for Mentally Handicapped Adults) nearly 30 years ago. Today, the organization has three centers supporting over 160 residents, offering therapy, vocational training, and unconditional love—filling a gap where society often turns away.