ഒരു കുട്ടി ആദ്യമായി "അമ്മ" അല്ലെങ്കിൽ "അച്ഛൻ" എന്ന് വിളിക്കുന്ന നിമിഷംമുതൽ അവന്റെ വളർച്ചയിലെ ഓരോ ഘട്ടവും മാതാപിതാക്കൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ, ചില കുട്ടികൾ സംസാരിക്കാൻ വൈകുമ്പോഴും കണ്ണിൽ നോക്കി പ്രതികരിക്കാതിരിക്കുമ്പോഴും മറ്റു കുട്ടികളുമായി ഇടപഴകുന്നതിൽ താൽപര്യം കാണിക്കാതിരിക്കുമ്പോഴും മാതാപിതാക്കളുടെ മനസ്സിൽ ആശങ്കകൾ ഉയരുന്നത് സ്വാഭാവികമാണ്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിലൂടെയാണ് ഓട്ടിസത്തെക്കുറിച്ചുള്ള ആദ്യ സംശയങ്ങൾ ആരംഭിക്കുന്നത്.

To advertise here,

ജൂൺ 18-ന് ആചരിക്കുന്ന ഓട്ടിസ്റ്റിക് പ്രൈഡ് ഡേ നമ്മെ ഓർമ്മപ്പെടുത്തുന്നത് ഒരു പ്രധാന സന്ദേശമാണ് ഓട്ടിസം ഒരു കുറവല്ല, മറിച്ച് ലോകത്തെ വ്യത്യസ്തമായി അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു രീതിയാണ്. അതിനാൽ ഓട്ടിസമുള്ള കുട്ടികളുടെ മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത് കുട്ടിയെ മാറ്റാൻ ശ്രമിക്കുന്നതിനുപകരം അവനെ മനസ്സിലാക്കുക എന്നതാണ്.

"ഞങ്ങളുടെ വളർത്തലിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചോ?"

ഓട്ടിസം തിരിച്ചറിയുന്ന പല മാതാപിതാക്കളുടെയും ആദ്യ ചോദ്യം ഇതാണ്. എന്നാൽ, ഓട്ടിസം മാതാപിതാക്കളുടെ തെറ്റായ വളർത്തലിന്റെ ഫലമല്ല. ഇത് ഒരു ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥയാണ്. അതിനാൽ കുറ്റബോധം, സ്വയം കുറ്റപ്പെടുത്തൽ, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഭയക്കൽ എന്നിവ ഉപേക്ഷിക്കുകയാണ് ആദ്യം വേണ്ടത്. കുട്ടിക്ക് ഏറ്റവും ആവശ്യമുള്ളത് ആത്മവിശ്വാസമുള്ള മാതാപിതാക്കളെയാണ്; ആശങ്കയിൽ മുങ്ങിയ മാതാപിതാക്കളെയല്ല.

താരതമ്യങ്ങൾ കുട്ടിയെ പിന്നോട്ടടിക്കും

‘അയൽവീട്ടിലെ കുട്ടി ഈ പ്രായത്തിൽ സംസാരിച്ചിരുന്നു’, ‘അവൻ എല്ലാം സ്വയം ചെയ്യുന്നുണ്ട’ തുടങ്ങിയ താരതമ്യങ്ങൾ പല കുടുംബങ്ങളിലും കേൾക്കാറുണ്ട്. എന്നാൽ, ഓരോ കുട്ടിയുടെയും വളർച്ചായാത്ര വ്യത്യസ്തമാണ്. ഓട്ടിസമുള്ള കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനു പകരം ഇന്നത്തെ പുരോഗതിയെ ഇന്നലെയുമായി താരതമ്യം ചെയ്യുക. ചെറിയ മുന്നേറ്റങ്ങൾ പോലും വലിയ വിജയങ്ങളാണ്.

ആശയവിനിമയം സംസാരത്തിലൂടെ മാത്രമല്ല

പല മാതാപിതാക്കളും സംസാരിക്കാൻ വൈകുന്നതിലാണ് കൂടുതൽ ആശങ്കപ്പെടുന്നത്. എന്നാൽ, കുട്ടി സംസാരിക്കുന്നുണ്ടോ എന്നതിലുപരി, ആശയവിനിമയം നടത്തുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ടത്. കണ്ണോട്ടം, കൈചൂണ്ടൽ, ചിത്രങ്ങൾ, ആംഗ്യങ്ങൾ, ടെക്നോളജി സഹായങ്ങൾ എന്നിവയിലൂടെ പോലും കുട്ടികൾ അവരുടെ ആവശ്യങ്ങൾ പ്രകടിപ്പിക്കാം. മാതാപിതാക്കൾ ഈ ആശയവിനിമയ രീതികളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

കുട്ടിയുടെ ലോകത്തേക്ക് കടന്നുചെല്ലുക

ഓട്ടിസമുള്ള കുട്ടികൾക്ക് ചില പ്രത്യേക താൽപര്യങ്ങൾ ഉണ്ടായിരിക്കും. ചിലർക്ക് വാഹനങ്ങളോടായിരിക്കും ഇഷ്ടം, ചിലർക്ക് സംഗീതത്തോടോ അക്കങ്ങളോടോ ആയിരിക്കും താൽപര്യം. ആ താൽപര്യങ്ങളെ തടയുന്നതിനുപകരം അവയെ ആശയവിനിമയത്തിന്റെയും പഠനത്തിന്റെയും വഴികളാക്കി മാറ്റാൻ മാതാപിതാക്കൾക്ക് സാധിക്കും. കുട്ടിയുടെ ലോകത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് അവനെ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നത്.

സമൂഹത്തിന്റെ ചോദ്യങ്ങളെ നേരിടാൻ പഠിക്കുക

പൊതുസ്ഥലങ്ങളിൽ കുട്ടി വ്യത്യസ്തമായി പെരുമാറുമ്പോൾ പല മാതാപിതാക്കളും അസ്വസ്ഥരാകാറുണ്ട്. ചിലരുടെ നോട്ടങ്ങളും അഭിപ്രായങ്ങളും കൂടുതൽ വിഷമമുണ്ടാക്കും. ഓർക്കുക, നിങ്ങളുടെ കുട്ടിക്ക് നിങ്ങളുടെ പിന്തുണയാണ് ഏറ്റവും പ്രധാനപ്പെട്ടത്. മറ്റുള്ളവരെ ബോധവൽക്കരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്; കുട്ടിയെ മറച്ചുവെക്കേണ്ടത് മാതാപിതാക്കളുടെ കടമയല്ല.

സഹോദരങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തുക

ഓട്ടിസമുള്ള കുട്ടിയുടെ വളർച്ചയിൽ മാതാപിതാക്കൾ മാത്രമല്ല സഹോദരങ്ങൾ, മുത്തശ്ശൻമാർ, മുത്തശ്ശിമാർ എന്നിവരും പ്രധാന പങ്ക് വഹിക്കുന്നു. കുടുംബം മുഴുവൻ കുട്ടിയെ മനസ്സിലാക്കുമ്പോൾ അവന്റെ ആത്മവിശ്വാസവും സാമൂഹിക കഴിവുകളും മെച്ചപ്പെടും.

മാതാപിതാക്കൾ സ്വയം ശ്രദ്ധിക്കണം

ഓട്ടിസമുള്ള കുട്ടിയെ പരിപാലിക്കുന്നത് സന്തോഷം നൽകുന്നതോടൊപ്പം ചിലപ്പോൾ മാനസികവും ശാരീരികവുമായ ക്ഷീണവും ഉണ്ടാക്കാം. അതിനാൽ മാതാപിതാക്കൾ സ്വന്തം ആരോഗ്യവും മാനസികാവസ്ഥയും ശ്രദ്ധിക്കണം. സഹായം തേടുന്നതും അനുഭവങ്ങൾ പങ്കുവെക്കുന്നതും മറ്റ് മാതാപിതാക്കളുമായി ബന്ധപ്പെടുന്നതും ഈ യാത്ര കൂടുതൽ സുഗമമാക്കും.

വിജയത്തിന്റെ നിർവചനം മാറ്റേണ്ട സമയമാണിത്

ഓട്ടിസമുള്ള കുട്ടിയുടെ വിജയം പരീക്ഷയിലെ മാർക്കുകളിലോ അക്കാദമിക് നേട്ടങ്ങളിലോ മാത്രം അളക്കാൻ കഴിയില്ല. സ്വയം ഭക്ഷണം കഴിക്കുക, ഒരു സുഹൃത്തിനെ ഉണ്ടാക്കുക, പുതിയൊരു വാക്ക് ഉപയോഗിക്കുക, സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കുക തുടങ്ങിയവയും വലിയ നേട്ടങ്ങളാണ്. ഓരോ കുട്ടിക്കും സ്വന്തമായ ഒരു വേഗതയും കഴിവും ജീവിതയാത്രയുമുണ്ട്.

ഓട്ടിസ്റ്റിക് പ്രൈഡ് ഡേയുടെ ഭാഗമായി എല്ലാ മാതാപിതാക്കളും ഓർക്കേണ്ട ഒരു കാര്യമുണ്ട് – നിങ്ങളുടെ കുട്ടിക്ക് നിങ്ങളിൽ നിന്ന് വേണ്ടത് പൂർണതയല്ല, അംഗീകാരമാണ്. അവൻ ആരാണോ അതുപോലെ സ്വീകരിക്കപ്പെടുമ്പോഴാണ് അവന്റെ യഥാർത്ഥ കഴിവുകൾ വിരിയുന്നത്.

കുട്ടിയെ സമൂഹത്തിന്റെ ചട്ടക്കൂടിലേക്ക് നിർബന്ധിച്ച് ഒതുക്കാൻ ശ്രമിക്കുന്നതിനുപകരം, അവന് അനുയോജ്യമായ ഒരു ലോകം സൃഷ്ടിക്കാൻ നമുക്ക് ശ്രമിക്കാം. കാരണം ഓരോ കുട്ടിയും വ്യത്യസ്തരാണ്; ആ വ്യത്യസ്തത തന്നെയാണ് അവരുടെ ഏറ്റവും വലിയ ശക്തി.

(കോഴിക്കോട് ആസ്റ്റർ മിംസിൽ പീഡിയാട്രിക്സ് വിഭാഗം സ്പെഷലിസ്റ്റാണ് ലേഖിക)