അമ്പലവയലിലെ പച്ചപ്പൊന്ന്: വയനാട്ടിൽ വെണ്ണപ്പഴത്തിന്റെ നാട്ടിൽ | Avocado Farming
അവക്കാഡോയുടെ ജന്മദേശമായ മെക്സിക്കോയിലെ നിവാസികൾക്ക് ഈ വെണ്ണപ്പഴം പച്ചപ്പൊന്നാണ്. മെക്സിക്കൻ സമ്പദ് വ്യവസ്ഥയിലേക്ക് ശതകോടിയുടെ ലാഭമൊഴുക്കുന്ന, പോഷകഗുണവും ആരോഗ്യഗുണങ്ങളുമേറെയുള്ള ഈ അമൂല്യവിളയെ പച്ചപൊന്നെന്നല്ലാതെ പിന്നെ എന്താണ് വിളിക്കുക. ഈ പച്ചപ്പൊന്ന് അങ്ങ് മെക്സിക്കോയിൽ മാത്രമല്ല ഇവിടെ കേരളത്തിൽ, വയനാട്ടിലെ അമ്പലവയലിൽ വലിയ കാർഷിക നേട്ടങ്ങൾക്കും വിപ്ലവത്തിനും തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ തനത് വിളകൾക്കപ്പുറം മറ്റു വിളകളും ഫലവൃക്ഷങ്ങളും കൃഷിക്ക് അനുയോജ്യമാണെന്ന് മനസിലാക്കിയതും പുത്തൻ വിളകൾ പരീക്ഷിക്കുന്നതിന് തുടക്കം കുറിച്ചതും ബ്രീട്ടിഷുകാർ തന്നെയാണ്. ബ്രിട്ടീഷ് അധിനിവേശക്കാലത്ത് കാർഷിക മേഖലയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. മലയാളനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായി പുതിയവിളകൾ ഇടംപിടിച്ചു. വയനാടും അമ്പലവയലും ഫലവൃക്ഷ കൃഷിക്ക് അനുയോജ്യമാണെന്ന് മനസിലാക്കിയ ബ്രിട്ടീഷുകാർ അന്ന് അമ്പലവയലിന്റെ മണ്ണിൽ ആദ്യമായി അവക്കാഡോ നട്ടു. വർഷങ്ങൾക്കിപ്പുറം അമ്പലവയൽ ഇപ്പോൾ അവക്കാഡോ നഗരമായി മാറിയിരിക്കുകയാണ്.
അവക്കാഡോ കൃഷിയും വിപണനവും ഏറ്റവും കൂടുതലുള്ളതിനാലാണ് ഈ ബഹുമതി അമ്പലവയലിനെ തേടിയെത്തിയത്. അവക്കാഡോ കൃഷി മേഖലയിലെ കർഷകർക്കും വ്യാപാരികൾക്കും നല്ല പ്രതീക്ഷയാണ് നൽകുന്നത്. വർഷാവർഷം ടൺ കണക്കിന് അവക്കാഡോ കയറ്റുമതി ചെയ്യുന്നത് അമ്പലവയലിലെ വിപണിയിൽനിന്നാണ്. പ്രധാനവിളകൾക്ക് പ്രതീക്ഷിച്ച വിളവോ വിപണിവിലയോ നൽകാതെ വന്ന നാളുകളിൽ വലിയ മുതൽമുടക്കില്ലെന്ന കാരണത്താൽ അവക്കാഡോ കൃഷിയിലേക്ക് തിരിഞ്ഞ കർഷകർക്കും ഇടവിളയായി കൃഷിയൊരുക്കിയ കർഷകർക്കും ഈ പച്ചപ്പൊന്ന് ഒരു പിടിവള്ളിയായി മാറി. ശാസ്ത്രീയമായ രീതിയിൽ കൃഷിചെയ്താൽ ഒരു ചെടിയിൽനിന്ന് 5000 മുതൽ 50,000 രൂപവരെ ആദായം ലഭിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. കഴിഞ്ഞ കുറച്ചുവർഷമായി ജൂൺ, ജൂലായ് മാസങ്ങളിൽ ടൺ കണക്കിന് വെണ്ണപ്പഴമാണ് അമ്പലവയലിൽനിന്ന് കയറ്റുമതി ചെയ്യുന്നത്.
വയനാടൻ അവക്കാഡോ ബ്രാൻഡ് ഉത്പന്നമാക്കി മാറ്റുന്നതിനുള്ള പദ്ധതിയിലേക്കാണ് അമ്പലവയൽ പ്രാദേശിക കാർഷികഗവേഷണ കേന്ദ്രം (ആർഎആർഎസ്) ലക്ഷ്യമിടുന്നത്. നിരവധി വകഭേദങ്ങൾ ഉള്ളതിനാൽ ഇവയെല്ലാം കൃത്യമായി സംരക്ഷിക്കാനും പരീക്ഷണനിരീക്ഷണങ്ങൾക്ക് ശേഷം ഒരു മികച്ച ഭേദം വയനാടൻ അവക്കാഡോ എന്ന പേരിൽ വിപണിയിലെത്തിക്കാനുമുള്ള ഒരുക്കത്തിലാണ് ആർഎആർഎസ്. കൃഷി വ്യാപിപ്പിക്കാനും കൂടുതൽ വരുമാനം കണ്ടെത്താനും പുത്തൻവഴികൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമുണ്ട്.
അമ്പലവയലിലും ജില്ലയിലും എത്രമാത്രം അവക്കാഡോ കൃഷിചെയ്യുന്നുവെന്ന് കൃത്യമായ കണക്കുകൾ ശേഖരിക്കുകയാണ് പ്രാഥമിക ലക്ഷ്യം. ശാസ്ത്രീയമായി കൃഷിചെയ്യുന്നതിന് പ്രായോഗിക പരിശീലനവും മുന്നിലുണ്ട്. രാസകീടനാശിനികൾ ഒന്നും ഉപയോഗിക്കാതെ കൃഷിചെയ്യുന്നതിനാൽ ഓർഗാനിക് അവക്കാഡോയാണ് അമ്പലവയലിൽ ഉത്പാദിപ്പിക്കപ്പെടുന്നതെന്നും വരും നാളുകളിൽ ഇതിന് വലിയ ഡിമാൻഡ് വിപണിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർഎആർഎസ് മേധാവി ഡോ. സി.കെ. യാമിനി വർമ പറഞ്ഞു. ആർഎആർഎസിൽ തന്നെ പലവകഭേദങ്ങളുണ്ടെന്നും 500-ഓളം അവക്കാഡോ മരങ്ങൾ സംരക്ഷിച്ചുവരുന്നുണ്ടെന്നും അവർ പറയുന്നു.
വിത്ത് മുളപ്പിച്ചോ ഗ്രാഫ്റ്റ് ചെയ്തോ തൈകൾ ഉത്പാദിപ്പിക്കാം. വിത്ത് മുളപ്പിച്ച് തൈകൾ ഉത്പാദിപ്പിക്കുമ്പോൾ കായഫലം ഉണ്ടാവാൻ ആറുവർഷം വരെ എടുത്തേക്കാം. അതേസമയം, ഗ്രാഫ്റ്റ് ചെയ്ത തൈകളിൽ മൂന്ന് മുതൽ നാലുവർഷത്തിനുള്ളിൽ ഫലം ഉണ്ടാകും.
നല്ല മഴയ്ക്ക് മുന്നേ ചെടികൾ നടുന്നതാണ് അനുയോജ്യമെന്ന് ഹോൾട്ടികൾച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീരേഖ എം.വി. പറയുന്നു. നട്ടയുടൻ കടഭാഗത്ത് വെള്ളംകെട്ടി നിൽക്കുന്നത് ചെടി അഴുകാൻ കാരണമായേക്കും. 60 സെമീ നീളം, വീതി, താഴ്ചയുള്ള കുഴികളിൽ തൈകൾ നടാവുന്നതാണ്. മഴയുള്ള സമയത്താണ് നടുന്നതെങ്കിൽ നീർവാഴ്ച ഉറപ്പുവരുത്തണം. അമ്പലവയലിലെ താപനിലയും മഴയും അവക്കാഡോ കൃഷിക്ക് അനുയോജ്യമാണെന്ന് കാർഷിക കാലാവസ്ഥ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷജീഷ് ജാൻ പറയുന്നു. ശരാശരി വാർഷിക വർഷപാതം 1000 മില്ലിമീറ്റർ മുതൽ 2000 മില്ലിമീറ്റർ വരെയാണെന്നും അന്തരീഷ താപനില 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണെന്നും അദ്ദേഹം പറയുന്നു. ചെടികളിൽ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ച് കൃത്യമായ പരിചരണം നൽകേണ്ടതുണ്ടെന്ന് രോഗശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിഷ്മ എൻ.പി.യും വ്യക്തമാക്കി.
വെസ്റ്റ് ഇന്ത്യൻ, ഗ്വാട്ടിമാലൻ, മെക്സിക്കൻ ഹോർട്ടികൾച്ചറൽ ഇനങ്ങൾ എന്നിങ്ങനെ മൂന്ന് സസ്യ ഇനങ്ങളായി അവക്കാഡോകളെ തരംതിരിച്ചിരിക്കുന്നു. വെസ്റ്റ് ഇന്ത്യൻ വംശവും ഗ്വാട്ടിമാലൻ വംശജവും അതിന്റെ സങ്കരയിനങ്ങളുമാണ് ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങൾക്കും ഏറ്റവും അനുയോജ്യമായത്.
അവക്കാഡോയെ ഗ്രൂപ്പ് എ ഗ്രൂപ്പ് ബി കാറ്റഗറികളായി തരംതിരിച്ചിരിക്കുന്നതായി ആർഎആർഎസ് പ്ലാന്റ് ബ്രീഡിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അമർനാഥ് റെഡ്‌ഡി പറയുന്നു. അനുകൂല സാഹചര്യങ്ങളിൽ അവക്കാഡോ മരത്തിലെ പൂങ്കുലയിലെ ഓരോ പൂവും 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ വിരിയുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് പൂക്കളെ എ ടൈപ്പ്, ബി ടൈപ്പ് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്.
ഗ്രൂപ്പ് എയിൽ ആദ്യത്തെ (പെൺ) വിരിയൽ രാവിലെ ആരംഭിച്ച് ഉച്ചയ്ക്ക് മുമ്പ് അവസാനിക്കുന്നു. രണ്ടാമത്തെ (ആൺ) വിരിയൽ അടുത്ത ദിവസം ഉച്ചകഴിഞ്ഞ് സംഭവിക്കുന്നു. പൂവിന്റെ വിരിയൽ ചക്രം 30–36 മണിക്കൂർ നീണ്ടുനിൽക്കും. ഗ്രൂപ്പ് ബിയിൽ വിപരീത പാറ്റേൺ നിരീക്ഷിക്കപ്പെടുന്നുണ്ട്. പെൺ വിരിയൽ ഉച്ചകഴിഞ്ഞും ആൺ വിരിയൽ പിറ്റേന്ന് രാവിലെയുമാണ് സംഭവിക്കുന്നത്. ബി ടൈപ്പിൽ പൂവിന്റെ വിരിയൽ ചക്രം 20–24 മണിക്കൂർ നീണ്ടുനിൽക്കും.
ഹാസ്, പിങ്കെർട്ടൺ, റീഡ്, മെക്സിക്കോള, എറ്റിംഗർ, അർക്ക സുപ്രീം മുതലായവ എ ടൈപ്പ് കൃഷിയിനങ്ങളാണ്. ബേക്കൺ, ഷാർവിൽ, സുട്ടാനോ, മിഗുവൽ, അർക്ക കൂർഗ് രവി എന്നിവ ബി തരങ്ങളാണ്. മെച്ചപ്പെട്ട കായ്കൾ ശേഖരിക്കുന്നതിനായി എ ടൈപ്പ്, ബി ടൈപ്പ് കൃഷിയിനങ്ങൾ ഒരുമിച്ച് വളർത്തേണ്ടത് പ്രധാനമാണ്.
രാത്രിയിലെ കുറഞ്ഞ താപനില 12°C-ൽ കൂടുതലും ഗ്രൂപ്പ് എ ഇനങ്ങളിൽ പരമാവധി പകൽ താപനില 22°C-ൽ കൂടുതലോ ഗ്രൂപ്പ് ബി ഇനങ്ങളിൽ 26°C-ൽ കൂടുതലോ ആയിരിക്കുമ്പോൾ പൂവിടൽ സ്വഭാവം സാധാരണ രീതിയിലാണ് സംഭവിക്കുന്നത്. രാത്രിയും പകലും താപനില കുറയുമ്പോൾ, പെൺ, ആൺ പൂക്കൾ വിരിയുന്നത് വൈകും. ഈ കാലതാമസം ആൺ, പെൺ പൂക്കൾ ഒരുമിച്ച് വിരിയുന്നതിലേക്ക് നയിക്കുന്നു, ഇത് ഒരേ ഇനത്തിൽപ്പെട്ട ഇനങ്ങളിൽ അടുത്ത പരാഗണത്തിനും ഒരേ പൂച്ചെടികളുടെ ഗ്രൂപ്പിലെ ഇനങ്ങളിൽ ക്രോസ്-പരാഗണത്തിനും കാരണമാകുന്നു. നിലവിൽ, അമ്പലവയലിലെ ആർ.എ.ആർ.എസ്., സസ്യ പ്രജനനത്തിലൂടെയും ബയോടെക്നോളജിയിലൂടെയും മറ്റ് രീതികളിലൂടെയും 400-ലധികം അവക്കാഡോ മരങ്ങളുടെ വിലയിരുത്തൽ ഏറ്റെടുത്തുവരികയാണെന്നും അമർനാഥ് റെഡ്‌ഡി വ്യക്തമാക്കി.
അമ്പലവയലിലെ കർഷകർക്ക് പുതിയ പ്രതീക്ഷകൾ പകരുന്നതാണ് പുതിയ പ്രഖ്യാപനം. മെക്സിക്കോയെ സമൃദ്ധമാക്കിയ, ലോകശ്രദ്ധയിലെത്തിച്ചതുപോലെ അമ്പലവയലിനെയും കേരളത്തെയും ഈ പച്ചപ്പൊന്ന് ഉയരങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷ. മുമ്പിൽ കടമ്പകളേറെയാണെന്നും വലിയൊരു ഉദ്യമമായി ഇതിനെ കണ്ടുകൊണ്ട് വരും വർഷങ്ങളിൽ വലിയനേട്ടങ്ങളിലേക്ക് ചുവടുറപ്പിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ് അമ്പലവയൽ.
Content Highlights: Ambalavayal transforms into India`s avocado capital, boosting farmers` income
Published: 28 Aug 2025, 05:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented