പോഷകസമൃദ്ധമായ അവാക്കാഡോ ഇപ്പോള്‍ പലരുടേയും ഡയറ്റിലെ പ്രധാന ഘടകമാണ്. പഴുത്ത അവക്കാഡോ ജ്യൂസായും സാലഡായുമെല്ലാം കഴിക്കുന്നവരുണ്ട്. എന്നാല്‍ അവക്കാഡോ വേവിച്ച് കഴിക്കുന്നതിനെ കുറിച്ച് അറിയാമോ? ടോസ്റ്റ്, സാലഡ്, സ്മൂത്തി, ചട്ണി, പറാത്ത എന്നിവയെല്ലാം അവക്കാഡോ ഉപയോഗിച്ച് തയ്യാറാക്കാറുണ്ട്. 

To advertise here,

വഴറ്റിയും ബേക്ക് ചെയ്തും കറികളില്‍ ചേര്‍ത്തും അവക്കാഡോ വിവിധ ഭക്ഷണങ്ങളുടെ ഭാഗമായിരിക്കുകയാണ്. ഫൈബറും ആരോഗ്യകരമായ കൊഴുപ്പുകളുമടങ്ങിയ അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. 

അവക്കാഡോ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

അവക്കാഡോ ചട്ണി
പഴുത്ത അവക്കാഡോ, ചിരകിയ തേങ്ങ അരക്കപ്പ്, രണ്ട് പച്ചമുളക്, കറിവേപ്പില, നാരങ്ങാ നീര്, ഉപ്പ്, കടുക്, ഉഴുന്ന് പരിപ്പ് എന്നിവയാണ് ഇതിന് ആവശ്യമായ സാധനങ്ങള്‍. 

അവക്കാഡോ, തേങ്ങ, പച്ചമുളക്, കറിവേപ്പില, നാരങ്ങാ നീര് എന്നിവ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് കടുക്, ഉഴുന്ന് പരിപ്പ് എന്നിവ ചേര്‍ത്തശേഷം അത് ചട്ണിക്ക് മുകളിലൊഴിക്കുക. ഇത് ആവശ്യാനുസരണം പലഹാരങ്ങള്‍ക്കൊപ്പം കഴിക്കാം. 

അവക്കാഡോ റോട്ടി റാപ്പ്
ഇതുണ്ടാക്കാനായി പഴുത്ത് പാകമായ ഒരു അവക്കാഡോ, ഒരു ചെറിയ ഉള്ളി അരിഞ്ഞത്, മല്ലിയില, നാരങ്ങാനീര്, ചാട്ട് മസാല, ഗോതമ്പ് റോട്ടി എന്നിവ ആവശ്യമാണ്. 

കുഴച്ച അവക്കാഡോ എടുത്ത് ഉള്ളി, മല്ലിയില, നാരങ്ങാനീര്, ചാട്ട് മസാല, എന്നിവ എന്നിവയുമായി ചേര്‍ക്കുക. ഇത് ചൂടാക്കിയ റോട്ടിയില്‍ പരത്തി റോള്‍ ആക്കി ടോസ്റ്റ് ചെയ്ത് കഴിക്കാം. 

അവക്കാഡോ-മാങ്ങാ സാലഡ് 
ഈ സാലഡിനായി ഒരു മാങ്ങ, ഒരു അവക്കാഡോ, ചുവന്ന ഉള്ളി, പുതിനയില, നാരങ്ങാ നീര്, ആവശ്യമെങ്കില്‍ തേന്‍ എന്നിവ ആവശ്യമാണ്. 

മാങ്ങയും അവക്കാഡോയും ചെറുതായി മുറിക്കുക. അരിഞ്ഞ ഉള്ളി, പുതിനയില, നാരങ്ങാനീര്, ഒരു തുള്ളി തേന്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് തണുപ്പിച്ച് കഴിക്കാം. മാങ്ങയ്ക്ക് പകരം പപ്പായ, കൈതച്ചക്ക എന്നിവയ്‌ക്കൊപ്പവും അവക്കാഡോ ചേര്‍ത്ത് സാലഡ് കഴിക്കാം. 

അവക്കാഡോ പറാത്ത 
ഏവരുടേയും ഇഷ്ടവിഭവമായ പറാത്ത അവക്കാഡോ ചേര്‍ത്ത് കഴിക്കാം. ഇത് തയ്യാറാക്കാനായി ഒരു പഴുത്ത അവക്കാഡോ, ഒന്നരക്കപ്പ് ഗോതമ്പ് പൊടി, ഉപ്പ്, അയമോദകം, ആവശ്യമെങ്കില്‍ പച്ചമുളക് എന്നിവ ആവശ്യമാണ്. 

കുഴച്ചെടുത്ത അവക്കാഡോ ഗോതമ്പ് പൊടി, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയിലേക്ക് ഇട്ട് മിക്‌സ് ചെയ്യുക. മൃദുവാകുന്നതുവരെ കുഴച്ച് പൊറോട്ടയ്ക്കായി ഉരുട്ടിയെടുത്ത് പരത്തി വേവിക്കാം. ഈ മാവെടുത്ത് ചെറിയ ടിക്കികളും തയ്യാറാക്കാം.

അവക്കാഡോയുടെ ഗുണങ്ങള്‍ 
ഫൈബര്‍, നല്ല കൊഴുപ്പ് എന്നിവയ്ക്ക് പുറമെ പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ തുടങ്ങിയവയും അടങ്ങിയ പഴമാണ് അവക്കാഡോ. ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഈ പഴം കഴിക്കുന്നതു വഴി സാധ്യമാകും. ചര്‍മത്തിനും ഇത് കഴിക്കുന്നത് നല്ലതാണ്. 

നല്ല ദഹനത്തിനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇവ കഴിക്കാം. അവക്കാഡോയില്‍ അടങ്ങിയ ഫൈബറാണ് ഇതിന് സഹായിക്കുന്നത്. ഗ്ലൈസിക് സൂചിക കുറവുള്ള പഴം കൂടിയാണിത്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)