രാവിലെ കഴിക്കാവുന്ന പോഷകസമ്പന്നമായ ഒരു സാലഡ് ആണ് പേരയ്ക്ക പനീർ അവക്കാഡോ സാലഡ്. ഇതിൽ 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

To advertise here,

നീണ്ടനേരത്തേക്ക് ഊർജം നിലനിൽക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാകാനും ഈ സാലഡ് കഴിക്കുന്നത് നല്ലതാണ്.

പേരയ്ക്ക, അവക്കാഡോ, പ്രോട്ടീൻ സമ്പുഷ്ടമായ പനീർ എന്നിവയടങ്ങിയ ഈ സാലഡ്, പേശികളുടെ ആരോഗ്യത്തിനും അമിതമായ വിശപ്പ് നിയന്ത്രിക്കാനും ഉച്ചവരെ വയറുനിറഞ്ഞിരിക്കാനും സഹായിക്കുന്നു.

പ്രോട്ടീൻ മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മറ്റ് സൂക്ഷ്മ പോഷകങ്ങൾ എന്നിവയെല്ലാം പേരയ്ക്ക-പനീർ-അവക്കാഡോ സാലഡിൽ അടങ്ങിയിട്ടുണ്ട്.

പേരയ്ക്ക-പനീർ-അവക്കാഡോ സാലഡ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

  • പനീർ (ചെറുതായി അരിഞ്ഞത്) - 100 ഗ്രാം
  • ഒരു പഴുത്ത പേരയ്ക്ക (ചെറുതായി അരിഞ്ഞത്)
  • പാകമായ അവക്കാഡോ (ചെറുതായി അരിഞ്ഞത്) - 1/2
  • ചെറിയ കക്കരി (ചെറുതായി അരിഞ്ഞത്) - 1
  • ചെറിയ ചുവന്ന കാപ്സിക്കം (ചെറുതായി അരിഞ്ഞത്) - 1
  • മല്ലിയില (അരിഞ്ഞത്) - 1 ടേബിൾസ്പൂൺ
  • നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
  • ഒലിവ് ഓയിൽ - 1 ടീസ്പൂൺ
  • ചില്ലി ഫ്ളേക്സ് (ഉണക്കമുളക് ചതച്ചത്)- 1/2 ടീസ്പൂൺ
  • ഉപ്പും കുരുമുളകുപൊടിയും - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
പനീർ വഴറ്റുക (ആവശ്യമെങ്കിൽ മാത്രം)

ഒരു നോൺ-സ്റ്റിക്ക് പാനിൽ ഏതാനും തുള്ളി ഒലിവ് ഓയിൽ ഒഴിച്ച് പനീർ കഷ്ണങ്ങൾ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ചെറുതായി വഴറ്റുക. ഇത് സാലഡിന് നല്ല ഘടനയും കൂടുതൽ രുചിയും നൽകും.

പഴങ്ങളും പച്ചക്കറികളും തയ്യാറാക്കുക
പേരയ്ക്ക, അവക്കാഡോ, വെള്ളരി, ചുവന്ന കാപ്സിക്കം എന്നിവയെല്ലാം ഒരേ വലുപ്പത്തിൽ അരിയുക. ശേഷം ഇവയെല്ലാം പനീറിനൊപ്പം ഒരു പാത്രത്തിലിട്ട് യോജിപ്പിക്കുക.

സാലഡിൽ ഡ്രസ്സിങ് ചേർക്കുക
നാരങ്ങാനീര്, ഒലിവ് ഓയിൽ, ഉപ്പ്, കുരുമുളകുപൊടി, ചില്ലി ഫ്ളേക്സ് എന്നിവ ചേർക്കുക. ഇത് പതുക്കെ ഇളക്കി യോജിപ്പിക്കുക. ശേഷം ചെറുതായി അലങ്കരിച്ച് മല്ലിയില വിതറി ഉടൻ തന്നെ വിളമ്പാം.

ഇവ ചേർക്കാം
ഈ സാലഡ് രുചികരമാക്കാൻ വറുത്ത നിലക്കടലയോ മത്തൻകുരുവോ ചേർക്കാവുന്നതാണ്. ആവശ്യമെങ്കിൽ രുചിക്കായി പീനട്ട് ബട്ടറും നാരങ്ങാനീരും ചേർത്ത ഡ്രസ്സിങ് ഉപയോഗിക്കാം. കൂടുതൽ ആന്റിഓക്‌സിഡന്റുകൾക്കായി ചെറി തക്കാളിയോ മാതളനാരങ്ങയുടെ അല്ലികളോ ഉൾപ്പെടുത്താം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)