എഴുത്ത് മടുത്തിട്ടില്ല പക്ഷേ, പൊരുത്തപ്പെടാന്‍ പ്രയാസം തോന്നാറുണ്ട് | റഫീക്ക് അഹമ്മദ് | ഊരും പേരും
അക്കിക്കാവിലേക്കുള്ള ഈ നാട്ടു വഴിയില്‍ പാട്ടും കവിതയും ഇഴചേര്‍ന്നു കിടക്കുന്നതു കാണാം. കവി റഫീക്ക് അഹമ്മദിന്റെ നാട്. ഈ വഴിയില്‍ ഇടയ്ക്കിടെ കാറുകള്‍ വന്നു പോകുന്നുണ്ട്. സിനിമയിലേക്ക് പാട്ടു തേടി വരുന്നവരാകാം. പുതിയ കാലത്തെ വ്യക്തതയോടെ കാണുകയും, അതാത് സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് റഫീക്ക് അഹമ്മദ്. 'രാഷ്ട്രീയലാഭങ്ങള്‍' നോക്കി അതില്‍ നിന്ന് പിന്‍മാറുകയുമില്ല. അദ്ദേഹത്തിന്റെ നാടായ അക്കിക്കാവിനെ കുറിച്ച്, മാറി വരുന്ന അവിടത്തെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.
'ഞാന്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നയാളാണ്. എനിക്കൊരു പ്രവാസ ജീവിതം ഉണ്ടായിട്ടില്ല. എന്റെ കൂട്ടുകാരും ബന്ധുക്കളും ഇവിടെത്തന്നെയാണുള്ളത്. അതുകൊണ്ട് തീര്‍ച്ചയായും ഈ നാട് എന്റെ ജീവീതത്തിലും എഴുത്തിലും സ്വാധീനിച്ചിട്ടുണ്ടാവും. കവിത എപ്പോള്‍ വന്നു എന്നൊന്നും കൃത്യമായി പറയാനാവില്ല. പക്ഷേ, പതിയെപ്പതിയെ ഉള്ളില്‍ വന്നു തുടങ്ങിയിരുന്നു. സ്‌കൂളിലേക്ക് പോകുന്ന വഴി നിറയെ കാഴ്ചകളുണ്ടായിരുന്നു. കൂട്ടുകാരൊടൊപ്പം നടന്നു പോകുമ്പോള്‍ അതെല്ലാം അനുഭവിക്കും. കേരളത്തിലെ മിക്ക സ്ഥലങ്ങളുമെന്ന പോലെ ഈ നാടും ഗ്രാമീണ അന്തരീക്ഷമുള്ളതായിരുന്നു. ഇപ്പോള്‍ എല്ലാ സ്ഥലവും നഗരമായിക്കൊണ്ടിരിക്കുന്നതിന്റ ഭാഗമായി ഈ നാടും മാറിയിട്ടുണ്ട്. ധാരാളം പാടങ്ങളും കവുങ്ങ് കൃഷിയും ഉണ്ടായിരുന്നു' - അദ്ദേഹം നടത്തത്തിനിടേ പറഞ്ഞു
'ആളുകള്‍ക്ക് സ്ഥലം വെറുതേ കിടക്കുന്നത് ഒരു മോശം കാര്യമാണ്. മുറ്റം കാണുമ്പോള്‍ ചോദിക്കും ടൈലിട്ടൂടേയെന്ന്. തേക്കിന്‍കാട് മൈതാനമൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങള്‍ സര്‍വജീവജാലങ്ങള്‍ക്കും ആവശ്യമാണ്. ഞങ്ങളുടെ തൊട്ടടുത്ത് കുറച്ച് സ്ഥലം വെറുതേ കിടക്കുന്നുണ്ടായിരുന്നു. സമീപത്ത് കാവുള്ളത് കൊണ്ട് ആരും വാങ്ങുന്നില്ല. അവസാനം ഒരു ഭൂമാഫിയ ആ സ്ഥലം വാങ്ങുന്നതായി ഞങ്ങള്‍ക്ക് വിവരംകിട്ടി. അത് തടയാന്‍ ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്ന് പൈസ പിരിച്ച് ഞങ്ങള്‍ ആസ്ഥലം വാങ്ങി. സാറടീച്ചറൊക്കെ ഉണ്ടെന്നാണ് എന്റെ ഓര്‍മ. ആ സ്ഥലം എന്ത് ചെയ്യണമെന്ന ചര്‍ച്ചയില്‍ ഒന്നും ചെയ്യാതെ അങ്ങനെ ഇടാമെന്ന് തീരുമാനിച്ചു. പൊന്മാന് വന്നിരിക്കാനും ചെമ്പോത്തിന് മുട്ടയിടാനും കീരിക്ക് വന്നൊളിച്ചിരിക്കാനും സ്ഥലം വേണമല്ലോ. അതിപ്പോള്‍ അങ്ങനെ കിടക്കുന്നുണ്ട്. ആരെങ്കിലും എപ്പോഴെങ്കിലും ഒന്ന് പോയി നോക്കും. ഒരു സ്വാഭാവിക കാടായി മാറിയിട്ടുണ്ട്. എല്ലായിടത്തും ഒരു അഞ്ച് സെന്റെങ്കിലും അങ്ങനെ വേണം. മൃഗശാല സങ്കല്‍പത്തിനോട് എനിക്ക് യോജിക്കാനാവില്ല. അതിലും നല്ലതല്ലേ ഇത്'
'സമുദായം - ജാതി -മതം എന്നൊരു ചിന്തയേ ഞങ്ങള്‍ക്കുണ്ടായിട്ടില്ല. വളരേയധികം സൗഹാര്‍ദ്ദമുണ്ടായിരുന്ന സ്ഥലമാണ്. ഇപ്പോള്‍ ഇത് വലിയ വിഷയമായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയക്ക് ഇതില്‍ വലിയ പങ്കുണ്ട്. വളരേ അടുത്ത സുഹൃത്തുക്കള്‍ പോലും അതിനെക്കുറിച്ച് സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും. കുറച്ചുനാള്‍ മുമ്പ് ബാലചന്ദ്രന്‍ ചുള്ളിക്കാടും മമ്മൂക്കായും പറഞ്ഞ പ്രശസ്തമായ കാര്യമുണ്ട്, പണ്ട് ഞാന്‍ നിന്റെ വീട്ടില്‍ വരുമ്പോള്‍ ഒരു സുഹൃത്തിനെ കാണാന്‍ വരുന്നു എന്നായിരുന്നു അര്‍ഥം. ഇപ്പോള്‍ അതൊരു മതസൗഹാര്‍ദ്ദത്തിന്റെ അടയാളമായി മാറുന്നു.അതത്ര സന്തോഷകരമായ കാര്യമല്ല; പക്ഷേ പറയാതിരിക്കാന്‍ നിവൃത്തിയില്ല.വര്‍ഗീയത വളര്‍ന്നു വരുന്നതു കൊണ്ട്, ജാതി മത ചിന്ത വളര്‍ന്നു വരുന്നതു കൊണ്ട് സമൂഹത്തിന് യാതൊരു നേട്ടവുമില്ല. രാഷ്ട്രീയക്കാര്‍ക്കാണ് അതിന്റെ നേട്ടം. അവരാണ് അത് വളര്‍ത്താന്‍ പരിശ്രമിക്കുന്നത്'
ജോലി ചെയ്തുകൊണ്ടിരിക്കേയാണ് കവിത എഴുതിക്കൊണ്ടിരുന്നത്. നമുക്ക് ഇഷ്ടമുള്ളപ്പോള്‍, സൗകര്യമുള്ളപ്പോള്‍ എഴുതിയാല്‍ മതി. ജോലിക്ക് അതൊരു തടസ്സമായിരുന്നില്ല. എന്നാല്‍, പാട്ടെഴുതുമ്പോള്‍ അത് പറ്റില്ല. പലരുടേയും സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് എഴുതേണ്ടി വരും. അവരുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് എഴുതേണ്ടിവരും. വേണമെങ്കില്‍ നമുക്ക് പറ്റില്ലെന്ന് പറയാം. അങ്ങിനെ പറഞ്ഞിട്ടുമുണ്ട്. അല്ലാതെ സ്വന്തം താല്‍പര്യത്തിനനുസരിച്ചേ എഴുതൂ എന്നു പറയാന്‍ പറ്റില്ല. അപ്പോള്‍ പല സന്ദര്‍ഭങ്ങളിലും ഇരുന്ന് എഴുതേണ്ടി വരും. അതിന് ജോലി തടസ്സമാകുമെന്നു വന്നപ്പോഴാണ് ഇ.എസ്.ഐ.കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചത്. കവിത എഴുതുന്നത് നിര്‍ത്തി പാട്ടെഴുതാന്‍ തുടങ്ങുകയല്ല ഉണ്ടായത്
45 കൊല്ലത്തിലധികമായി കവിതകളെഴുതുന്നു. 26 കൊല്ലമായി പാട്ടെഴുതുന്നു. 600ലധികം പാട്ടുകളെഴുതി. ധാരാളം പുരസ്‌കാരങ്ങള്‍ കിട്ടി. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കവിതകള്‍ ആനുകാലികങ്ങളില്‍ പതിവായി അച്ചടിച്ച് വരുന്നു. നോവല്‍ (അഴുക്കില്ലം) എഴുതി. സിനിമയിലെ വിലപിടിപ്പുള്ള എഴുത്തുകാരനാണെന്ന് പറയാം.. മതിയായി എന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് തന്നെയായിരുന്നു ഉത്തരം.
'മടുത്തിട്ടില്ല. പക്ഷേ, ഇപ്പോഴത്തെ പല ആവശ്യങ്ങളോടും പൊരുത്തപ്പെടാന്‍ പ്രയാസം തോന്നാറുണ്ട്'
Inshort | Discover the life and work of Rafeek Ahmed, a renowned Malayalam poet and lyricist, his connection to his village, Akikavu, and his views on society.
Content Highlights: oorum perum : Rafeek Ahmed: Poet, Lyricist, Activist
Published: 24 Mar 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented