പെരുവനം ഇല്ലെങ്കില് കുട്ടൻ മാരാരില്ല; ആ പേര് ചേർത്തപ്പോള് കൂടിയത് എന്റെ ഖ്യാതി - കുട്ടൻ മാരാർ
എം.ശങ്കരനാരായണനെ കേരളത്തിനറിയില്ല. ചേർപ്പ് സി.എൻ.എൻ.സ്കൂളിൽ ക്ലാർക്ക് ആയിരുന്നു ശങ്കരനാരായണൻ. പെരുവനം കുട്ടൻമാരാർ എന്നു പറഞ്ഞാൽ മറ്റൊരു വിശദീകരണവും വേണ്ടാ. 71 വയസ്സ് പിന്നിട്ട കുട്ടൻമാരാർ 10-ാം വയസ്സിൽ മേളത്തിന് തുടക്കം കുറിച്ചു. പ്രസിദ്ധ പൂരങ്ങൾക്ക് മേളപ്രമാണിയായ അദ്ദേഹം നാടിന്റെ പേരിനെ ഒപ്പം കൂട്ടിയപ്പോൾ തലപ്പൊക്കം കൂടിയിട്ടേയുള്ളു; നാടിനും മേളക്കാരനും. പത്മശ്രീ നൽകി രാജ്യം ഈ പ്രതിഭയെ ആദരിക്കുകയും ചെയ്തു. വീരശ്രംഖല നൽകി പെരുവനവും ആദരിച്ചു. പെരുവനത്തേക്കുറിച്ചാണ്, പെരുവനം എന്ന ഗ്രാമവും കുട്ടൻമാരാർ എന്ന കലാകാരനും തമ്മിലുള്ള ഇഴയടുപ്പമാണ് ഊരും പേരും ആദ്യ ലക്കത്തിന്റെ ഉള്ളടക്കം.
കുട്ടൻ കൊട്ടാൻ തുടങ്ങും മുമ്പേ പെരുവനം പ്രസിദ്ധമാണ്. ചരിത്രത്തിൽ പറയും 64 ഗ്രാമങ്ങളിൽ ഒന്ന് എന്ന്. കിഴക്ക് കുതിരാൻ ശാസ്താക്ഷേത്രവും പടിഞ്ഞാറ് തൃപ്രയാർ എടത്തിരുത്തി, വടക്ക് വടക്കാഞ്ചേരി അകമല, തെക്ക് കൊടുങ്ങല്ലൂർ ഊഴത്ത് ശാസ്താ ക്ഷേത്രങ്ങളും അതിരുകൾ. അത് പഴയ കാര്യം. ഇന്ന് ഈ ഗ്രാമം പെരുവനം ക്ഷേത്രത്തിന്റെ ചുറ്റു പ്രദേശം മാത്രം. കൃത്യമായി പറഞ്ഞാൽ ചേർപ്പ് പഞ്ചായത്തിൻറെ ഒമ്പതാം വാർഡ്. 452 വീടുകളിലായി 1598 പേർ താമസിക്കുന്ന വാർഡ്. അപ്പോഴും പെരുവനം പൂരവും കുട്ടൻമാരാരും ഈ ഗ്രാമത്തെ അടയാളപ്പെടുത്തുന്നു.
ചരിത്രപരമായ മറ്റൊരു വിശേഷം കൂടിയുണ്ട് ഈ ഗ്രാമത്തിന്. ഇവിടെയാണ് 90 കൊല്ലം മുമ്പ് മഹാത്മാഗാന്ധി വന്നത്. കേരളത്തിലെ ആദ്യകാല ഗ്രാമങ്ങളുടെ രൂപവും ഭാവവും ഈ ഗ്രാമത്തിന് ഇപ്പോഴും ഉണ്ട്. ഇടവഴികൾക്കരികെ തണൽ വിരിക്കുന്ന വൻമരങ്ങൾ. വാഹനശബ്ദങ്ങൾ ശല്യപ്പെടുത്താനില്ലാത്തതിനാൽ നിറയെ പക്ഷികൾ.
പെരുവനം ക്ഷേത്രത്തിൻറെ കിഴക്കേ നടവഴി
ഈ നടവഴിയിൽ 42 കൊല്ലം മുമ്പാണ് കുട്ടൻമാരാർ മേളത്തിന് പ്രമാണം വഹിക്കാൻ തുടങ്ങിയത്. അതിലും മുമ്പ് 1968ൽ അച്ഛന്റെ കൂടെ മേളം കൊട്ടാൻ തുടങ്ങിയിരുന്നു. പഞ്ചാരി പിറന്ന നടവഴിയെന്ന് അറിയപ്പെടുന്നു. അതായത് പഞ്ചാരി മേളം രൂപപ്പെട്ടത് ഇവിടെയത്രെ. പെരുവനം പൂരത്തിന് ആറാട്ടുപുഴ ശാസ്താവും ചാത്തക്കുടം ശാസ്താവും മുഖാമുഖം നിൽക്കുന്നത് ഇവിടെയാണ്. പൂരത്തിന്റെ സന്ധ്യക്ക് ആറാട്ടുപുഴക്കു വേണ്ടി പാണ്ടി, പുലർച്ചെ ചേർപ്പിനു വേണ്ടി പഞ്ചാരി- അതാണ് കുട്ടന്റെ റോൾ.
മേളത്തഴമ്പു വീണ കുറേ കൈകൾ ഈ നടവഴിയിൽ മേളപ്പെരുക്കത്തിന് വഴിവെട്ടിയിട്ടുണ്ട്. പെരുവനം നാരായണമാരാർ, കുറുപ്പത്ത് നാണുമാരാർ, പരിയാരത്ത് കുഞ്ഞൻമാരാർ, കുറുപ്പത്ത് ഈച്ചരമാരാർ, കാരേക്കാട്ട് ഈച്ചരമാരാർ, പരിയാരത്ത് കുഞ്ചു മാരാർ, കുമരപുരം നാരായണമാരാർ, കുമരപുരം അപ്പുമാരാർ, ചക്കംകുളം അപ്പുമാരാർ, തൃപ്പേക്കുളം അച്യുതമാരാർ, തൃപ്പേക്കുളം ഗോവിന്ദമാരാർ, പെരുവനം അപ്പുമാരാർ, ചക്കംകുളം ശങ്കുണ്ണിമാരാർ, മാക്കോത്ത് നാണുമാരാർ, ചെമ്പോലിപ്പുറത്ത് മാരാത്ത് ചക്രപാണിമാരാർ തുടങ്ങിയവരെല്ലാം പെരുവനത്തിന്റെ മേളസംസ്കാരം സമ്പന്നമായതിന്റെ അടയാളങ്ങൾ.
കിഴക്കേ നടവഴിയുടെ പടിഞ്ഞാറെ അറ്റത്ത് കാണുന്ന വീട്ടിൽ ഒരു മഹാപണ്ഡിതനുണ്ടായിരുന്നു. ഭാഗവതം മലയാളത്തിലേക്ക് വൃത്താനുവൃത്തം തർജ്ജമ ചെയ്ത പെരുവനം കൃഷ്ണയ്യർ. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും വള്ളത്തോളും മഹാകാവ്യങ്ങൾ തർജ്ജമ ചെയ്ത കാലത്തു തന്നെയായിരുന്നു ഇദ്ദേഹത്തിന്റേയും രചന.
നടവഴിക്ക് കിഴക്ക് തൊടുകുളം
ഈ കുളത്തിൽ തന്നെ തീർഥക്കുളവും കുളപ്പുരയും കാണാം. ഇവിടെയാണ് പൂരത്തിന്റെ ആറാട്ടു നടക്കുക. ഇതിനായി മേൽപ്പുരയുള്ള പൂജാ മണ്ഡപവും ഉണ്ട്. കുളത്തിനു മുന്നിലെ പാടം കഴിഞ്ഞ് കാണുന്നത് നറുകുളങ്ങര ബലരാമ ക്ഷേത്രം. ക്ഷേത്രത്തിന്റെ തെക്കേ നടവഴി ഇറങ്ങിയെത്തുന്നത് അന്തരിച്ച കെ.പി.സി.മാഷ് എന്ന കെ.പി.സി.ഭട്ടതിരിപ്പാടിൻറെ വീടിനടുത്തേക്കാണ്. മാഷുടെ വീട് അക്ഷരശ്ലോകത്തിൻരെ കളരി കൂടിയായിരുന്നു. പെരുവനത്തിനടുത്ത് ഊരകത്ത് ജീവിച്ച കവി കുണ്ടൂർ നാരായണമേനോന്റെ പേരിലായിരുന്നു അക്ഷരശ്ലോക സദസ്സ്.
പെരുവനം ക്ഷേത്രം
വാസ്തുകലയുടെ അതുല്യമാതൃകയാണ് ഈ ക്ഷേത്രം. കിഴക്ക് ഒഴികേ മൂന്ന് ഗോപുരങ്ങൾ. കിഴക്ക് ഗോപുരത്തറ മാത്രം. തീപ്പിടിത്തത്തിൽ നശിച്ചതാകാം. ഇരട്ടയപ്പനാണ് ഉപാസനാമൂർത്തി.ശിവന്റെ ദ്വൈതഭാവം. പീഠത്തില് വലിയ ശിവലിംഗം. അടുത്ത് ചെറിയതും. നാലുദിക്കും കാണാനാവുന്ന വിധം മാടത്തിലപ്പന്റെ ശ്രീകോവിൽ ഉയർന്നു നിൽക്കുന്നു. ക്ഷേത്ര വളപ്പിൽ വടക്ക് കിഴക്ക് ഗോശാലകൃഷ്ണൻ. ഉയരം കൂടിയ വെട്ടുകൽ ചുറ്റുമതിൽ. ഏഴ് ഏക്കർ ക്ഷേത്രവളപ്പ്. ക്ഷേത്ര സംരക്ഷണം ഇപ്പോൾ പുരാവസ്തുവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ക്ഷേത്രവളപ്പിൽ പുറം ചുമരില്ലാത്ത കൂത്തമ്പലം. അംഗുലിയാങ്കം, മന്ത്രാങ്കം കൂത്തുകൾ നടക്കാറുണ്ടിവിടെ. പടിഞ്ഞാറെ നടവഴി ഇറങ്ങുന്നത് മേക്കാവ് ക്ഷേത്രത്തിലേക്കാണ്. അവിടെ നൂറ്റാണ്ട് കവിഞ്ഞ പൂവൻ വൃക്ഷം. മുന്നോട്ടു നടന്നാൽ ചീറ്റൂർ മന റോഡ്. റോഡിന് ഇരുവശവും ശിൽപകലയിൽ നിപുണരായവരുടെ വീടുകളാണ്. അവരുടെ തലമുറകൾ ഇപ്പോഴും ശിൽപകലയിൽ സജീവമാണ്.
പെരുവനം കൊട്ടാരം
ആനക്കാൽ തൂണുകൾ നിരന്ന ഇടനാഴിയുള്ള ഇരുനിലകെട്ടിടം. അനുഷ്ഠാന വാദ്യകലാ പീഠമായിരുന്നു ഇത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഈ കേന്ദ്രത്തിൽ മിഴാവും കൂത്തും സോപാന സംഗീതവും പഠിപ്പിച്ചിരുന്നു. ഇപ്പോൾ ജീർണാവസ്ഥയിലുള്ള കൊട്ടാരത്തെ രക്ഷിക്കണമന്ന് ആവശ്യമുയരുന്നുണ്ട്.
പേരില്ലാ മരം
ക്ഷേത്രവളപ്പിലെ പേരറിയാ മരമാണ് പേരില്ലാ മരമെന്ന് അറിയപ്പെടുന്നത്. ഒരിനം ആൽ തന്നെയാണിത്. എന്നാൽ പെരുവനം കൊട്ടാര മതിലിനോട് ചേർന്ന് മറ്റൊരു ‘പേരില്ലാ മരം’ കൂടിയേ ഉള്ളൂ. പരിസരത്തൊന്നും ഇത്തരത്തിൽ വേറൊരു മരമില്ല.
മഹാത്മാ മൈതാനം
മഹാത്മാഗാന്ധി വന്നത് ഇവിടെയാണ്. പെരുവനം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടവഴിയോട് ചേർന്നാണ് ഇതിന്റെ സ്മാരകം. ഈ ഭാഗം മഹാത്മാ മൈതാനവുമായി. ഗാന്ധിജിയുടെ സ്വാധീനം ഏറെ പ്രതിഫലിച്ച നാടാണ് പെരുവനം ഉൾപ്പെടുന്ന ചേർപ്പ് പഞ്ചായത്ത്. ചിറ്റൂർ കുഞ്ഞൻ നമ്പൂതിരിപ്പാട്, മഹർഷി വിരൂപാക്ഷൻ നമ്പൂതിരിപ്പാട്, വി.ആർ.കൃഷ്ണനെഴുത്തച്ഛൻ തുടങ്ങിയവർ സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം പകർന്നു. പരിസരങ്ങളിൽ വായനശാലകളും കൈത്തറി കേന്ദ്രങ്ങളും നൂൽ നൂൽപ്പും തേനീച്ച വളർത്തലുമെല്ലാം വികസിച്ചു.
Concept & Presentation - M K Krishnakumar
Producer - Nandu Sekhar
Camera - Shaheer C H , Jaiwin T Xavier
Tittle graphics - Sujeesh M
Edit - Anandrag K
Content Highlights: peruvanam kuttan marar talks about his place and proffession oorum perum
Published: 10 Mar 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented