പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയെന്ന പരാതിയും അതുസംബന്ധിച്ചുള്ള വിവാദങ്ങളും കത്തിനില്‍ക്കുകയാണ്. പി.എസ്.സി അംഗമാക്കാമെന്ന് പറഞ്ഞ് 60 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്നും ഇതില്‍ 22 ലക്ഷം കോഴിക്കോട്ടെ സിപിഎം നേതാവിന് കൈമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇത്ര വലിയ തുക കോഴപ്പണം നല്‍കി നിയമനം നേടാന്‍ മാത്രം ഗ്ലാമറസാണോ പി.എസ്.സി അംഗത്വം? എന്തൊക്കെ ആനുകൂല്യങ്ങളും നേട്ടങ്ങളുമാണ് പി.എസ്.സി അംഗങ്ങള്‍ക്ക് ലഭിക്കുന്നത്?

To advertise here,

സര്‍ക്കാര്‍ തസ്തിക എന്നത് മാത്രമല്ല, ഉയര്‍ന്ന ശമ്പളം മാസംതോറും പോക്കറ്റിലാക്കാമെന്നതാണ് പ്രധാന ഹൈലൈറ്റ്. അംഗത്തിന്റെ അടിസ്ഥാന ശമ്പളം തന്നെ വരും 70,290 രൂപ. ഇതിനൊപ്പം കേന്ദ്രനിരക്കില്‍ 223 ശതമാനം ഡി.എ. എച്ച്.ആര്‍.എ 10,000 രൂപ. യാത്രാബത്തയായി 5000 രൂപ. ഇതെല്ലാം ചേര്‍ത്ത് ഒരു പിഎസ്.സി അംഗത്തിന് ആകെ കിട്ടുന്ന ശമ്പളം 2,42,036 രൂപ. ഇതിനുപുറമേ പെന്‍ഷനും. മറ്റ് ആനുകൂല്യങ്ങളുടെ നീണ്ടനിര വേറെയുമുണ്ട്. 

സ്വന്തം വാഹനത്തിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് 15 രൂപ നിരക്കില്‍ യാത്രാബത്തയുണ്ട്. ഇനി സ്വന്തം വാഹനമില്ലെന്നിരിക്കട്ടെ, പുതിയ വാഹനം വാങ്ങാന്‍ പലിശരഹിത വായ്പയും കിട്ടും. ഡ്രൈവറെ വെക്കണമെങ്കില്‍ അതുമാകാം. ഡ്രൈവര്‍ക്കുള്ള ശമ്പളത്തിനും സ്വന്തം പോക്കറ്റില്‍നിന്ന് കാശ് ചെലവാക്കണ്ട. അതും സര്‍ക്കാര്‍ നല്‍കും. അംഗത്തിന്റെയും പങ്കാളിയുടെയും ചികിത്സച്ചെലവും സര്‍ക്കാരിന്റെ ബാധ്യതയാണ്. അതും ആജീവനാന്ത ആരോഗ്യ പരിരക്ഷ. അതുകൊണ്ട് പി.എസ്.സി അംഗത്വം ലഭിച്ചാല്‍ പിന്നെ, ഭാരിച്ച ചികിത്സാ ചെലവിനെക്കുറിച്ചും വേവലാതി വേണ്ട.

ആറുവര്‍ഷമാണ് പി.എസ്.സി. അംഗത്വം അനുവദിക്കുന്നത്. അല്ലെങ്കില്‍ പരമാവധി 62 വയസ്സുവരെ. മുന്‍പ് അംഗമായിരുന്നാലും ചെയര്‍മാന്‍ പദവിയില്‍ വീണ്ടും ആറ് വര്‍ഷംവരെ അംഗത്വം തുടരാമെന്നും വ്യവസ്ഥയുണ്ട്. പി.എസ്.സി. അംഗത്വം രണ്ട് തരത്തിലുണ്ട്. ചെയര്‍മാന്‍ ഒഴികെയുള്ള 20 അംഗങ്ങളില്‍ 10 പേര്‍ സര്‍വീസ് മേഖലയില്‍നിന്നും ബാക്കി 10 പേര്‍ പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്നുമുള്ളവരാകണം. സര്‍വീസ് മേഖലയിലുള്ളവര്‍ക്ക് സര്‍വീസ് കാലവും പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കും. പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്നുള്ളവര്‍ക്ക്, എത്രകാലം അംഗത്വം വഹിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍. ആറ് വര്‍ഷം അംഗത്വം ലഭിച്ചവര്‍ക്ക് ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കും. ഈ നിലയിലുള്ള ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളുമാണ് പി.എസ്.സി അംഗത്വത്തെ ആകര്‍ഷകമാക്കുന്നതെന്ന് ചുരുക്കം.