തിരുവനന്തപുരം: പി.എസ്.സി.ക്കുനേരേ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സെക്രട്ടറിയുടെ വിശദീകരണക്കുറിപ്പ്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുടെ മൂല്യനിർണയത്തിലുണ്ടായ പിഴവിന്റെ പേരിൽ അടിസ്ഥാനരഹിതമായ ആരോപണം നിരന്തരം ഉന്നയിച്ച് പി.എസ്.സി.യുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നതായി കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് റിസർച്ച് ഓഫീസറുടെ സിലബസ് പരീക്ഷയ്ക്ക് രണ്ടുമാസംമുൻപ് പരിഷ്‌കരിക്കുകയും വെബ്‌സൈറ്റിൽ നൽകുകയുംചെയ്തിരുന്നു. പി.എസ്.സി. നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗീകരിച്ചതാണ്. ഈ പരീക്ഷയുടെ ഉത്തരങ്ങളിൽ കൂടുതലും ബി ഓപ്ഷനിൽവന്നത് സ്വാഭാവികമാണ്.
ആസൂത്രണ ബോർഡ് ചീഫ് (സോഷ്യൽ സർവീസസ്) തസ്തികയ്ക്കായി 2019-ൽ പ്രസിദ്ധീകരിച്ച റാങ്ക്‌പട്ടികയിൽ അഭിമുഖത്തിന് കുറഞ്ഞ മാർക്ക് ലഭിച്ച പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ, ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിൽ ചോദ്യംചെയ്യുകയും തീർപ്പാക്കുകയും ചെയ്തതാണ്. ഈ പരാതിയാണ് വീണ്ടും ആരോപണമായി ഉന്നയിക്കുന്നത്.
ഫിഷറീസ് എക്‌സ്റ്റെൻഷൻ ഓഫീസർ തസ്തികയ്ക്ക് അപേക്ഷിച്ചവരിൽ കൂടുതലും കൊച്ചി ഫിഷറീസ് സർവകലാശാലയിൽനിന്ന് യോഗ്യത നേടിയവരായിരുന്നു. അതുകൊണ്ടാണ് റാങ്ക്‌പട്ടികയിലും അവിടെനിന്നുള്ളവർ കൂടുതലായി ഉൾപ്പെട്ടത്. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയ്ക്ക് നൽകിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിശ്ചിത മാതൃകയിലല്ലാത്തതിനാൽ ന്യൂനത പരിഹരിച്ച് പുതിയത് നൽകാൻ എല്ലാവർക്കും അവസരം നൽകിയിരുന്നു.
പോലീസ് ഡിവൈ.എസ്.പി. തിരഞ്ഞെടുപ്പിനും റവന്യൂ അധികാരികൾ നൽകിയ സമുദായ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. നിയമനത്തിന് ശുപാർശചെയ്ത രണ്ടുപേരുടെ സമുദായ സർട്ടിഫിക്കറ്റിൽ പരാതിവന്നതിനാൽ റവന്യൂ അധികാരികളിൽനിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡയറ്റ് ലക്ചറർ തസ്തികയ്ക്ക് കാലിക്കറ്റ് സർവകലാശാലയിൽനിന്നുള്ള അധ്യാപകരാണ് ചോദ്യകർത്താക്കൾ എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹോട്ടൽ മാനേജ്‌മെന്റ്) വിജ്ഞാപനപ്രകാരമുള്ള യോഗ്യത അപേക്ഷകരിൽ ഒരാൾക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് അദ്ദേഹത്തെമാത്രം ഉൾപ്പെടുത്തി റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ചത്.
കയർഫെഡ് പേഴ്‌സണൽ മാനേജർ പരീക്ഷാ ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിച്ചയാൾക്ക് അദ്ദേഹത്തിന്റെ ഉത്തരക്കടലാസ് തന്നെയാണ് നൽകിയത്. കെ.എ.എസ്. ആദ്യബാച്ച് റാങ്ക്‌പട്ടികയിലുൾപ്പെട്ടവർക്ക് സ്വാഭാവികരീതിയിലാണ് അഭിമുഖമാർക്ക് അനുവദിച്ചത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ താരതമ്യം ചെയ്യാനാവില്ല. സർവകലാശാലകളിലെ പ്രൊഫഷണൽ അസിസ്റ്റന്റുമാരുടെ പരീക്ഷയ്ക്ക് ഒരേ ചോദ്യപ്പേപ്പർ ഉപയോഗിച്ചാണ് രണ്ടു ബച്ചുകളായി പരീക്ഷ നടത്തിയത്. ഇരുബാച്ചുകാർക്കും തമ്മിൽ കാണാനാകാത്തവിധമാണ് പരീക്ഷാനടപടി ക്രമീകരിക്കുന്നത്. റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ച് ആറുമാസത്തിനുള്ളിൽ മറ്റു കേസുകളോ ആക്ഷേപങ്ങളോ ഇല്ലാത്ത ഉത്തരക്കടലാസുകൾ നശിപ്പിക്കാറുണ്ട്.
കയർഫെഡ് മാർക്കറ്റിങ് മാനേജർ തസ്തികയ്ക്കൊപ്പം പൊതുപരീക്ഷ നടത്തിയ മിൽമയിലെ സീനിയർ മാനേജർ (മാർക്കറ്റിങ്) തസ്തികയുടെ റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. അത് പ്രസിദ്ധീകരിക്കുന്നതോടെ രണ്ടിന്റെ റാങ്ക്‌പട്ടികയിൽ മാർക്കുകൾ ചേർത്ത് പരിഷ്‌കരിക്കും. അപേക്ഷകരുടെ എണ്ണം കുറവാണെങ്കിൽ ചില തസ്തികകൾക്ക് അഭിമുഖം മാത്രം നടത്തി റാങ്ക്‌പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. അതാണ് ഖാദിബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ തസ്തികയ്ക്ക് സംഭവിച്ചത്. വിജ്ഞാപനപ്രകാരമുള്ള യോഗ്യത തെളിയിച്ച ഒരാളേ ഉണ്ടായിരുന്നുള്ളൂ.
Content Highlights: Kerala PSC releases an official statement refuting allegations regarding exam irregularities and rank list discrepancies.
Published: 08 Aug 2026, 09:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented