
ക്വിറ്റ് ഇന്ത്യാ ദിനം സമാഗതമാകുകയാണ്. ഈ മാസം എട്ടിന് രാഷ്ട്രം, മഹാത്മാഗാന്ധി നയിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഓർമ്മപുതുക്കും. 'ഇന്ത്യ വിടുക' (ക്വിറ്റ് ഇന്ത്യ) എന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തോടും 'പോരാടുക അല്ലെങ്കിൽ മരിക്കുക' എന്ന് ഇന്ത്യക്കാരോടും ഗാന്ധിജി ആഹ്വാനംചെയ്തതിന്റെ എൺപത്തിനാലാംവാർഷികം. ആ ദിനത്തിലേക്ക് നടന്നടുക്കുമ്പോൾ, ഒരു സമൂഹമെന്നനിലയിൽ നാം 'ക്വിറ്റ്' എന്നു നിലപാടെടുക്കേണ്ടതായ ചില കാര്യങ്ങൾ കണ്ടെടുക്കുന്ന ലേഖനപരമ്പര ഇന്നുമുതൽ. രാജ്യത്തെ ഇപ്പോഴത്തെ ചൂടുള്ള ചർച്ചാവിഷയമായ പരീക്ഷാക്രമക്കേടുകളിൽനിന്നുള്ള മോചനത്തിന്റെ സാധ്യതയാണ് ഇന്ന് അന്വേഷിക്കുന്നത്...
ദ്രോഹബുദ്ധികൾ
വിട്ടുപോകുക
മികവുപരീക്ഷകളിൽ മായംകലർത്തുന്നവർ നമ്മുടെ സംവിധാനങ്ങളിൽനിന്നു പുറത്തുപോകണം
ഡോ. കെ.എൻ. രാഘവൻ
സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ ആറുദശകങ്ങളിൽ ഇന്ത്യ ഗണനീയപുരോഗതി കൈവരിച്ച മേഖലകളിലൊന്നാണ് ഉന്നതവിദ്യാഭ്യാസം. ഉജ്ജ്വലമായ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ സ്ഥാപിക്കുകയും അവയിലേക്ക് മികവിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിന് സംവിധാനം രൂപപ്പെടുത്തുകയുംചെയ്തു. ഈ സ്ഥാപനങ്ങൾ ലോകത്തിന് ആവശ്യമുള്ള, ആഗോളനിലവാരമുള്ള ബിരുദധാരികളെ സൃഷ്ടിച്ചു. ദേശീയസ്ഥാപനങ്ങൾക്കുപുറമേ, സംസ്ഥാനങ്ങളിലും ഗംഭീരമായ ഉന്നതപഠനകേന്ദ്രങ്ങളുണ്ടായി. ഈ സ്ഥാപനങ്ങളിലൂടെ, എളിയനിലയിൽനിന്ന് പഠിച്ചുയർന്ന് ജീവിതത്തിൽ വളർന്ന എത്രയോ വിദ്യാർഥികളെക്കുറിച്ച് രാജ്യത്തെ ഓരോ സംസ്ഥാനത്തിനും ഊറ്റംകൊള്ളാനുണ്ടാകും.
കൂടാതെ, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർക്കാരുകൾ മാതൃകാതൊഴിൽദാതാക്കളായി സ്വയം അവതരിപ്പിക്കാനും സന്നദ്ധരായിരുന്നു. അർഹതയുള്ള ഉദ്യോഗാർഥികളെ കണ്ടെത്താനുള്ള ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പബ്ലിക് സർവീസ് കമ്മിഷനുകളെ ഏൽപ്പിക്കുകയും ഈ സ്ഥാപനങ്ങൾ സ്വതന്ത്രവും സത്യസന്ധവുമായ പ്രക്രിയകളിലൂടെ ഈ ഉത്തരവാദിത്വം സ്തുത്യർഹമായി നിർവഹിക്കുകയുംചെയ്തു. ഇങ്ങനെ ഉദ്യോഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും മികച്ച അക്കാദമികനിലവാരം പുലർത്തിയവരും സമൂഹത്തോട് അളവറ്റ പ്രതിജ്ഞാബദ്ധതയുള്ളവരുമായിരുന്നു.
പക്ഷേ, ഈ സംവിധാനത്തിന് കഴിഞ്ഞ രണ്ടുദശാബ്ദങ്ങളിലായി തിരിച്ചടിയേറ്റിട്ടുണ്ട്. മികച്ച ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് പ്രവേശനം വാഗ്ദാനംചെയ്യുന്ന സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ ഉദയമായിരുന്നു തകർച്ചയുടെ ആദ്യലക്ഷണം. ഇത്തരം സെന്ററുകളിൽ ചേരാനുള്ള സാമ്പത്തികസ്ഥിതിയുംമറ്റുമുള്ളവർക്കുമാത്രം ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിൽ പ്രവേശനംലഭിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഇതിനുള്ള പ്രവേശനപ്പരീക്ഷകളിൽ ക്രമക്കേട് നടക്കുന്നതായുള്ള വാർത്തകൾ അടുത്തകാലത്തായി പുറത്തുവരുന്നു. പരീക്ഷകളുടെ വിശ്വാസ്യത മൂക്കുകുത്തിവീഴുകയാണ്.
സംസ്ഥാന പി.എസ്.സി.കളിലെ സ്ഥിതി അതിലും കഷ്ടമാണ്. പി.എസ്.സി. അംഗങ്ങളായി അക്കാദമികനിലവാരംകുറഞ്ഞ വ്യക്തികളെ നിയമിക്കുന്നതാണ് ഒരു പ്രശ്‌നം. നിയമനപ്രക്രിയയിൽ ക്രമക്കേടുകളും സ്വജനപക്ഷപാതവും നടമാടുന്നതായുള്ള ആരോപണം ഈ സ്ഥാപനങ്ങളുടെ പഴയ വിശ്വാസ്യത കെടുത്തിക്കളഞ്ഞിരിക്കുന്നു.
സർവകലാശാലകളടക്കമുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലേക്കും കേന്ദ്ര-സംസ്ഥാന തസ്തികകളിലേക്കുമുള്ള തിരഞ്ഞെടുപ്പുപ്രക്രിയ പുനഃസംഘടിപ്പിക്കാനുള്ള നീക്കമുണ്ടാകണം. മികവുള്ളവർമാത്രം തിരഞ്ഞെടുക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനാകണം. കർശനനടപടിയിലൂടെ, സ്വകാര്യ ട്യൂഷൻ സെന്ററുകളും പരീക്ഷകൾ നടത്തുന്ന ഏജൻസികളുംതമ്മിലുള്ള അവിശുദ്ധബന്ധം വിച്ഛേദിക്കണം.
ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ സത്യസന്ധവും സുതാര്യവും നീതിപൂർവവുമായ പരീക്ഷാസമ്പ്രദായം നടപ്പാക്കിയെങ്കിൽമാത്രമേ രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ മനസ്സിലൂറിക്കൂടിയിട്ടുള്ള നൈരാശ്യം നീക്കാനാകൂ. പ്രക്രിയകളുടെ പവിത്രത നശിപ്പിക്കുന്ന ദ്രോഹബുദ്ധികളുടെ വിടുതലുറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏകമനസ്സോടെ പ്രവർത്തിക്കണം.
(ഇന്ത്യൻ റവന്യൂ സർവീസിലെ മുൻ ഉദ്യോഗസ്ഥനായ ലേഖകൻ വിദേശനയവിദഗ്ധനും മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറുമാണ്)
അശാസ്ത്രീയ
പരീക്ഷാവീക്ഷണങ്ങൾ
ഡോ. അച്ചുത് ശങ്കർ
പരീക്ഷാനടത്തിപ്പിന് രഹസ്യസ്വഭാവം നിബന്ധന ചെയ്തിരിക്കുന്നത് പരീക്ഷകൾ നീതിപൂർവമായി നടപ്പാക്കാനാണ്, അതേ രഹസ്യസ്വഭാവം അഴിമതിക്കുള്ള മറയായും മാറും.
ഡൽഹിയിൽ വിജയം ആഘോഷിച്ച് കൊടിയിറങ്ങിയ പാറ്റാസമരംമുതൽ കേരളത്തിൽ കൊടിയുയരുന്ന പി.എസ്.സി. നിയമനവിവാദംവരെ, യുവതയുടെ സ്വപ്നജാലകങ്ങളിൽ അനീതിയുടെ കരിനിഴൽ വീണപ്പോൾ ഉണ്ടായവയാണ്. ഉന്നതവിദ്യാഭ്യാസവും തൊഴിലും തേടുന്ന അവർക്ക് സുതാര്യവും നീതിപൂർവവുമായ സമ്പ്രദായങ്ങൾ ഉറപ്പുവരുത്തുക എന്നത് ഭരണസംവിധാനത്തിന്റെ സുപ്രധാന കർത്തവ്യങ്ങളിലൊന്നാണ്. ഈ രംഗത്തെ അഴിമതിയും പാളിച്ചയും പൊറുക്കാനാവുന്നവയല്ല. നീറ്റ് പരീക്ഷ ചെറുപ്പക്കാരുടെ ജീവനെടുത്തപ്പോൾ, നമ്മുടെ നാട്ടിലെ പി.എസ്.സി. വിവാദങ്ങൾ യുവതീയുവാക്കളുടെ സ്വപ്നങ്ങളെ തച്ചുടയ്ക്കുന്നവയാണ്.
കത്തിക്കുത്തു കേസിലെ പ്രതി കോൺസ്റ്റബിൾ പരീക്ഷയിൽ കോപ്പിയടിച്ച് റാങ്കുനേടിയ സംഭവം തകർത്തുകളഞ്ഞ പി.എസ്.സി.യുടെ വിശ്വാസ്യത, വീണ്ടെടുത്തുകൊണ്ടിരുന്നതിനെയാണ് ഇപ്പോൾ ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവിവാദം തിരിച്ചടിക്കുന്നത്. ഒരു നിയമനത്തിൽ മാത്രമാണ് വിവാദമെങ്കിലും അത് സംവിധാനത്തിന്റെ വിശ്വസനീയതയെ മൊത്തത്തിൽ ബാധിക്കുമെന്നതാണ് ഗുരുതരമായ പ്രത്യാഘാതം. പരീക്ഷാനടത്തിപ്പിന് രഹസ്യസ്വഭാവം നിബന്ധന ചെയ്തിരിക്കുന്നത് പരീക്ഷകൾ നീതിപൂർവമായി നടപ്പാക്കാനാണ്, അതേ രഹസ്യസ്വഭാവത്തിന് അഴിമതിക്കുള്ള മറയായി മാറാനും കഴിയും എന്നാണ് മനസ്സിലാക്കേണ്ടത്.
പരീക്ഷകൾ ജീവിതത്തിലെ എണിപ്പടികളാണ്. ഭരണസംവിധാനങ്ങൾ അവ നീതിപൂർവമായി നടപ്പാക്കുന്നതിൽ പരാജയപ്പെടുമ്പോൾ യുവതയും പൊതുസമൂഹവും പ്രതിഷേധിക്കുന്നുണ്ടെങ്കിലും അവർ പലപ്പോഴും പരീക്ഷകളെ അശാസ്ത്രീയമായാണ് നോക്കിക്കാണുന്നതെന്നാണ് വിചിത്രം.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യംതന്നെ പലർക്കും മാർക്കുനേടലാണ്. ഗ്രേഡിങ്ങിനെയും നോർമലൈസേഷനെയും സംബന്ധിച്ച് പൊതുസമൂഹത്തിൽ പ്രചരിച്ചിരിക്കുന്ന ധാരണകളിൽ പലതും അശാസ്ത്രീയവും സ്വാർഥതാപരവുമാണ്. മാർക്കുകൾക്കുപിന്നിൽ ഒരു ശാസ്ത്രമുണ്ടെന്നും മാർക്കുകൾ വ്യതിയാനസ്വഭാവമുള്ള അളവുകൾ ആണെന്നും (സ്റ്റാറ്റിസ്റ്റിക്കൽ വേരിയബിളുകൾ) പൊതുവേ തിരിച്ചറിയപ്പെടുന്നില്ല. ഹാർപ്പർ എന്ന വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞൻ അസമിൽ നടത്തിയ പ്രശസ്തമായ ഒരു പരീക്ഷണമുണ്ട്. ഒരേ ഉത്തരക്കടലാസിന്റെ പകർപ്പ് നൂറോളം അധ്യാപകരെക്കൊണ്ട് മൂല്യനിർണയം നടത്തിച്ചപ്പോൾ, വിവിധ അധ്യാപകർ നൽകിയ മാർക്ക് മുപ്പതുമുതൽ എഴുപതുവരെ വ്യത്യാസപ്പെട്ടു. 'കൃത്യ'മായി മാർക്ക് നൽകാൻ 'നല്ല' അധ്യാപകർക്കു കഴിയും എന്ന നിഷ്‌കളങ്കമായ ധാരണ മാറ്റാൻ ഈ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ പഠിച്ചാൽമതിയാകും. മാർക്ക് നൽകുന്നതിലെ ഈ വ്യതിയാനസാധ്യതയെ മറികടക്കുന്നതിന് എസ്.എസ്.എൽ.സി. പരീക്ഷയിൽ സബ്ജക്ടിവിറ്റി കറക്ഷൻ ഫാക്ടർ നടപ്പാക്കിയിരിക്കുന്നു. എന്നാൽ, സർവകലാശാലകളിൽ ഇതേ ആശയം 'മോഡറേഷൻ' എന്ന പേരിൽ നടപ്പാക്കുമ്പോൾ, അതിന്റെ ശാസ്ത്രീയ അടിത്തറ പലപ്പോഴും അവഗണിക്കപ്പെടുകയും അത് കുട്ടികളെ ജയപ്പിക്കാനായി നടത്തുന്ന 'മാർക്ക് ദാനം' ആണെന്ന തെറ്റായ വ്യാഖ്യാനം പ്രചരിക്കുകയും ചെയ്യുന്നു.
മറ്റൊരു അശാസ്ത്രീയ സമ്പ്രദായമാണ് റാങ്കുകൾ. എസ്.എസ്.എൽ.സി. പരീക്ഷകളിൽ കാൽനൂറ്റാണ്ടിനു മുൻപുതന്നെ ഉപേക്ഷിക്കപ്പെട്ട റാങ്കിങ് സംവിധാനം, ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്നും തുടരുകയാണ്. റാങ്കുകൾ നിലവിലില്ലെന്ന് ചട്ടങ്ങളിൽ വ്യക്തമായി പറയുന്ന ചില സർവകലാശാലകൾപോലും വിദ്യാർഥികൾക്ക് 'പൊസിഷൻ സർട്ടിഫിക്കറ്റ്' എന്ന പേരിൽ പ്രായോഗികമായി റാങ്ക് സർട്ടിഫിക്കറ്റുകൾ നൽകുന്ന വിചിത്രമായ അവസ്ഥ നിലനിൽക്കുന്നു. അവയെ പത്രമാധ്യമങ്ങൾ റാങ്കുകളെന്ന പേരിൽത്തന്നെ പ്രസിദ്ധീകരിക്കുന്നതും പതിവാണ്. പരീക്ഷകളെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം അല്ലെങ്കിൽ പരീക്ഷാസാക്ഷരത സമൂഹത്തിന് ആവശ്യമാണെന്ന് നിസ്സംശയം പറയാം.
വാൽക്കഷണം: ഹെൽമെറ്റ് വെക്കുന്നത് പോലീസ് പിടിക്കാതിരിക്കാനാണെങ്കിൽ, പഠിക്കുന്നത് മാർക്ക് വാങ്ങാൻതന്നെയാണ്.
(ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാണ് ലേഖകൻ)
Content Highlights: The article highlights the urgent need to eliminate corruption, coaching-center collusion, and political favoritism from national and state exam systems while calling for scientific literacy in public evaluations.
Published: 01 Aug 2026, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented