VIDEO | അന്ന് മാങ്കൂട്ടത്തിൽ, ഇന്ന് ഒറ്റ രാത്രികൊണ്ട് രാഷ്ട്രീയ ഭാവി മാറിയ അൻവർ
അവധി ദിവസം ഒരു സർക്കാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്. പൂട്ടുപൊളിച്ച് അകത്തുകയറി പ്രതിഷേധക്കാർ ഓഫീസ് അടിച്ചുതകർക്കുന്നു. പിന്നാലെ കേസ്, അതിവേഗത്തിൽ പോലീസ് നടപടി. രാത്രിക്ക് രാത്രി വീട് വളഞ്ഞ് വൻ പോലീസ് സന്നാഹത്തോടെ പി.വി അൻവറിന്റ അറസ്റ്റ്. 24 മണിക്കൂറിനകം ജാമ്യം. പുറത്തിറങ്ങിയ അൻവറിന് കിട്ടിയതാകട്ടെ താരപരിവേഷം. അടുത്ത കാലത്ത് ചില സന്ദർഭങ്ങളിലെങ്കിലും വല്ലാതെ സിനിമാറ്റിക്കാവുന്നുണ്ട് രാഷ്ട്രീയം. സസ്പെൻസുകൾ നിരവധിയുള്ള ഒരു ത്രില്ലർ സീരീസ് ഏതാണ്ട് ആളുകൾ മറന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. മാസ് ഡയലോഗുകളും, അനീതിക്കെതിരെയുള്ള മുദ്രാവാക്യങ്ങളും അതിന്റെ സോഷ്യൽ മീഡിയ പ്രമോഷനുമൊക്കെയായി അൻവർ സമീപകാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഇടക്ക് വന്ന ഒരു ചെറിയ ഗ്യാപ്പ്... അതിന് ശേഷമുള്ള മാസ് എൻട്രിയായിരുന്നോ ഈ നാടകം?
അറസ്റ്റ് അൻവറിനടിച്ച ബംപർ...
ഒറ്റ രാത്രികൊണ്ട് അൻവറിന്റെ രാഷ്ട്രീയ ഭാവി തന്നെ മാറ്റിമറിച്ച ഒന്നാണ് ഈ അറസ്റ്റെന്ന കാര്യത്തിൽ തർക്കമില്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് വീട് വളഞ്ഞ് അറസ്റ്റിലൂടെ പോലീസ് താരമാക്കിയത് യൂത്ത് കോൺഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിലിനെയായിരുന്നു. ആ അറസ്റ്റിനുശേഷം രാഷ്ട്രീയത്തിൽ രാഹുലിന്റെ ചിത്രമേ മാറിപ്പോയി. അതിനുസമാനമായ രാഷ്ട്രീയ നേട്ടമാണിപ്പോൾ അറസ്റ്റിലൂടെ അൻവറിനും കിട്ടിയിത്. ഈ നേട്ടം മുൻകൂട്ടി കണ്ടാണ് അറസ്റ്റ് ചെയ്ത് ഉടൻ ജാമ്യത്തിന് പോലും ശ്രമിക്കാതെ അൻവർ ഒരു രാത്രി ജയിലിൽ കഴിച്ചുകൂട്ടിയതും.

മാസങ്ങൾക്ക് മുമ്പ് വരെ ഇടതിനൊപ്പം നിന്ന ഒരു എം.എൽ.എ, അതും ഇപ്പോൾ കണ്ണിലെ കരടായതിനാൽ അൻവറിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടേയും ആഭ്യന്തര വകുപ്പിന്റേയും അറിവേടെയാണെന്ന കാര്യത്തിൽ സംശയമില്ല. സമീപകാലത്ത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ അടുപ്പക്കാർക്കുമെതിരേ തിരിഞ്ഞ അൻവറിന്റെ വായടപ്പിക്കുക എന്നത് സർക്കാരിന്റേയും സിപിഎമ്മിന്റെയും പരമപ്രധാനമായ ലക്ഷ്യമായിരുന്നു. കിട്ടിയ അവസരം സർക്കാർ ഉപയോഗപ്പെടുത്തിയെങ്കിലും അതിന് തിരഞ്ഞെടുത്ത വഴിയും സമയവും തെറ്റിപ്പോയെന്നാണ് പലയിടത്തുനിന്നും ഉയർന്ന അഭിപ്രായം. രാഷ്ട്രീയത്തിൽ അൻവറിന്റെ പ്രസക്തിയും നിലനിൽപ്പും ചോദ്യ ചിഹ്നമായിനിന്ന സമയത്ത് അൻവറിനടിച്ച ബംബർ ലോട്ടറിയാണ് ഈ അറസ്റ്റ്.

പോലീസ് നടപടി സർക്കാരിന്റെ പകപോക്കലോ?
പൊതുമുതൽ നശിപ്പിക്കുന്നത് ആരായാലും ഏത് വലിയ നേതാവായാലും അവരെ അറസ്റ്റ് ചെയ്ത് നഷ്ടം ഈടാക്കി ശിക്ഷ നൽകണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അതിനെന്തിനായിരുന്നു ഇത്ര ധൃതിയും ഇത്ര വലിയ പോലീസ് സന്നാഹങ്ങളുമെന്നാണ് അറിയേണ്ടത്. സമരത്തിന്റെ പേരിൽ രാഷ്ട്രീയക്കാർ പൊതുമുതൽ നശിപ്പിക്കുന്നതെല്ലാം മിക്ക കേസുകളിലും പതിവായി കാണുന്നതാണ്. എന്നാൽ അത്തരമൊരു കേസിൽ വീട് വളഞ്ഞ് നൂറുകണക്കിന് പോലീസുകാരെ ഇറക്കി ഒരു എംഎൽഎയെ ഇതുപോലെ അറസ്റ്റ് ചെയ്യുന്നത് മുമ്പൊന്നും കണ്ടിട്ടിട്ടില്ല.

പൊതുമുതൽ നശിപ്പിച്ച കേസുകളിൽ പ്രതിയായ പലരും മന്ത്രി സഭയിൽ വരെയുള്ളപ്പോഴാണ് ഇത്ര ധൃതിപ്പെട്ട് അൻവറിന്റെ അറസ്റ്റ്. ഏകദേശം 35000 രൂപയുടെ നഷ്ടം അൻവറിന്റെ പാർട്ടിക്കാർ ഫോറസ്റ്റ് ഓഫീസിലുണ്ടാക്കിയെന്നാണ് കണക്ക്. നിയമസഭയിൽ ഇപ്പോൾ ഭരണത്തിലിരിക്കുന്നവർ ഉണ്ടാക്കിയ രണ്ടര ലക്ഷം നഷ്ടവുമായി തട്ടിച്ചു നോക്കുമ്പോൾ, ഇത് വെറും 35000. അവിടെ ഒരു എംഎൽഎ പോലും അറസ്റ്റ് ചെയ്യപ്പെടാതിരിക്കുമ്പോഴാണ് ഇവിടെ അൻവറിന്റെ അറസ്റ്റെന്ന് ആരെങ്കിലും പരിഹസിച്ചാൽ അവരെ കുറ്റം പറയാനാകില്ല. തിടുക്കപ്പട്ടെ അറസ്റ്റിലൂടെ സർക്കാർ അൻവറിനോടുള്ള പക വീട്ടുകയായിരുന്നോ എന്ന ചോദ്യം ഉയരുന്നതും അതുകൊണ്ടാണ്.
സി.പി.എമ്മിനെ തിരിഞ്ഞുകുത്തിയ അറസ്റ്റ്
കലാപക്കൊടി ഉയർത്തി നേരത്തെ എൽഡിഎഫ് വിട്ട അൻവർ പ്രതിപക്ഷത്തൊരു സ്ഥാനം പ്രതീക്ഷിച്ചെങ്കിലും യുഡിഎഫ് അടുപ്പിച്ചിരുന്നില്ല. ഇന്ത്യാ മുന്നണിയിലെ ഏതെങ്കിലും പാർട്ടിയുടെ കേരള ഘടകമായി മാറി യു.ഡി.എഫിലേക്ക് ഒരു ലാറ്ററൽ എൻട്രിക്കും അൻവർ ശ്രമിച്ചിരുന്നു. ഇതൊന്നും നടക്കാതെ വന്നതോടെയാണ് സ്വന്തമായി പാർട്ടിയുണ്ടാക്കി ഉപതിരഞ്ഞെടുപ്പിൽ വരെ ഭാഗ്യം പരീക്ഷിച്ചത്. എന്നാൽ അതൊന്നും വേണ്ടവിധം ഫലംകണ്ടില്ല. എഡിജിപി എംആർ അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരേയുമുള്ള ആരോപണ ശരങ്ങളുടെ സീസൺ അവസാനിച്ചതോടെ പതിയെ പ്രസക്തി നഷ്ടപ്പെട്ടുവന്ന അൻവറിനാണിപ്പോൾ മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന പോലീസിലൂടെ പുതുജീവൻ കിട്ടിയത്. അൻവറിനെ പതിയെ അവഗണിച്ച് വിവാദങ്ങൾ ഒരുപരിധി വരെ പിടിച്ചുനിർത്തിയ സിപിഎമ്മിനേ നേരേ തിരിഞ്ഞുകുത്തിയ ഒന്നായിമാറി ഇപ്പോഴത്തെ അറസ്റ്റ്.

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പോരാട്ടത്തിൽ ഇതുവരേയും പ്രതിപക്ഷത്തിന്റെ പരസ്യ പിന്തുണ അൻവറിനുണ്ടായിരുന്നില്ല. ആ അവഗണനയിൽ നിന്നും യുഡിഎഫിന്റെ ധാർമിക പിന്തുണ കിട്ടുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയത് ഒറ്റ അറസ്റ്റു കൊണ്ടാണ്. കെസിപിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം അറസ്റ്റിനെ അപലപിച്ചു. ലീഗ് നേതാക്കളും അൻവറിനെ പിന്തുണച്ച് രംഗത്തെത്തി. പത്രസമ്മേളനം വരെ വിളിച്ച് മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ചപ്പോഴൊന്നും അൻവറിന് സാധ്യമാകാതിരുന്ന പ്രതിപക്ഷ പിന്തുണയാണ് ഒറ്റ രാത്രികൊണ്ട് പോലീസ് സാധ്യമാക്കിയത്. കേരള രാഷ്ട്രീയത്തിൽ അൻവർ തീർത്തും ഒറ്റപ്പെട്ട് പോകുമെന്ന അവസ്ഥയിലാണ് സർക്കാർ തന്നെ ഇങ്ങനെയൊരു തിരിച്ചുവരവിന് അൻവറിന് അവസരമൊരുക്കി കൊടുക്കുന്നത്.
യു.ഡി.എഫിലേക്കടുത്ത് അൻവർ...
ജയിലിൽനിന്നിറങ്ങിയ ശേഷം തനിക്ക് പിന്തുണ നൽകിയ യുഡിഎഫ് നേതാക്കളുടെ പേരെടുത്ത് നന്ദി പറയാനും അൻവർ മടിച്ചിരുന്നില്ല. പിണറായിസത്തെ തകർക്കാൻ യുഡിഎഫുമായി കൈകോർക്കുമെന്ന പ്രതികരണവും അൻവറിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കുന്നത്. എന്നാൽ ഇതുകൊണ്ട് മാത്രം മുന്നണി പ്രവേശനം സാധ്യമാകുമോ എന്നതും കണ്ടറിയണം. അറസ്റ്റിൽ പിന്തുണ കൊടുത്തെങ്കിലും അൻവറിന് മുന്നണിയിലേക്കുള്ള വാതിൽ തുറന്നിടേണ്ടെന്ന അഭിപ്രായമുള്ള നേതാക്കളും കോൺഗ്രസിലുണ്ട്.

ചെന്നിത്തലയും സുധാകരനും അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് അനുകൂലമാണെങ്കിലും സതീശന് എതിർപ്പുണ്ട്. ലീഗിനും അൻവറിനോട് മൃദുസമീപനമാണ്. അൻവറിന്റെ കാര്യത്തിൽ അടുത്ത യു.ഡി.എഫ്. യോഗത്തിൽ ചർച്ചയുണ്ടാകുമെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പക്ഷേ, കുഞ്ഞാലിക്കുട്ടിയുടെ പ്രഖ്യാപനം വന്ന് ഒട്ടും വൈകാതെ വി.ഡി. സതീശൻ എതിർപ്പറിയിച്ചു. യു.ഡി.എഫ്. ചെയർമാനായ താൻ ഇക്കാര്യമൊന്നും അറിഞ്ഞിട്ടില്ല എന്നാണ് സതീശൻ തുറന്നിടിച്ചത്. അതിനാൽ സതീശന്റെ നിലപാടായിരിക്കും അൻവറിന്റെ മുന്നണി പ്രവേശനത്തിൽ നിർണായകമാവുക എന്നാണ് വിലയിരുത്തൽ.

മൈലേജ് കൂട്ടിയ അൻവറിന്റെ അടവ്
വനനിയമം ആയുധമാക്കിയാണ് ജയിൽമോചിതനായ അൻവർ പോരാട്ടത്തിന്റെ അടുത്ത ഘട്ടം തുടങ്ങുന്നത്. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ ഉന്നയിക്കുന്ന വിഷയമാണ് അൻവർ ഏറ്റെടുക്കുന്നത്. ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള നീക്കം മുഖ്യമന്ത്രി വഴങ്ങാത്തതിനെ തുടർന്ന് എൻസിപി ഉപേക്ഷിച്ച ഘട്ടത്തിൽ അതിലേക്കും അൻവർ നിറയൊഴിച്ചു. ശശീന്ദ്രനെ മാറ്റാത്തത് വനനിയമം നടപ്പാക്കാനുള്ള നീക്കത്തിനാണെന്നും ക്രിസ്ത്യാനിയായ തോമസ് കെ തോമസ് വന്നാൽ വനനിയമം നടപ്പാക്കില്ല എന്ന് കണ്ടാണ് പിണറായി അത് തടഞ്ഞതെന്ന അൻവറിന്റെ പ്രയോഗം പലമാനങ്ങളുള്ളതാണ്. പോരാട്ടത്തിലും നിലമ്പൂരിലെ വോട്ട് ബെയ്‌സ് സുരക്ഷിതമാക്കാൻ ക്രിസ്ത്യൻ വോട്ട് കൂടി അടുപ്പിക്കാനുള്ള കുശാഗ്രബുദ്ധി
അറസ്റ്റ് വരിച്ചത് ജനകീയപ്രശ്നം ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായാണ് എന്നതും അൻവറിന്റെ മൈലേജ് കൂട്ടുന്ന കാര്യമാണ്. സ്വന്തം മണ്ഡലത്തിലെ ഒരു യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചുള്ള സമരത്തിന് തന്നെ അഴിക്കുള്ളിലാക്കിയതെന്ന ഇമേജാണ് സത്യത്തിൽ അൻവർ സൃഷ്ടിച്ചത്. വരുംദിവസങ്ങളിൽ ഇക്കാര്യം ഉയർത്തിക്കാട്ടി പ്രതിച്ഛായ കൂട്ടാൻ അൻവർ ശ്രമിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്തായാലും ജയിലിൽനിന്ന് പുറത്തിറങ്ങിയ അൻവർ പൂർവ്വാധികം ശക്തനാണ്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും അൻവർ ഇഫക്ട് സിപിഎമ്മിനെ എങ്ങനെ ബാധിക്കുമെന്നാണ് ഇനിയറിയേണ്ടത്.
In Short | PV Anwar's recent dramatic arrest during a protest has sparked heated debates in Kerala politics. From a mass entry post-bail to newfound political mileage, this incident has reshaped his career trajectory. Allegations of vendetta politics, CPM's role, and UDF's response make this a gripping tale. What's next for Anwar? Watch now for an in-depth breakdown of this political thriller!
Content Highlights: pv anvar arrest and its impact on kerala politics
Published: 07 Jan 2025, 06:21 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented