ജൂഹുവിൽ ഞായറാഴ്ചയുണ്ടായ വധശ്രമത്തിൽ നിന്ന് രക്ഷപെട്ട ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. തോളിനും നെഞ്ചിനും കെട്ടുകളും, വലതുകൈയിൽ ബാൻഡേജുമിട്ട് അദ്ദേഹം വീട്ടിലിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രാത്രി വൈകി അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ചു. അദ്ദേഹത്തേയും വീഡിയോയിൽ കാണാം. ആക്രമണത്തിൽ ടൈഗറിന് വെടിയേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന പരിക്കുകളുടെ സ്വഭാവം എന്താണെന്ന് വ്യക്തമായിട്ടില്ല.

To advertise here,

ടൈഗർ ഷ്റോഫിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഏക്നാഥ് ഷിൻഡെ, ഈ സംഭവത്തെ അപലപിച്ചു. മുംബൈയിൽ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. "ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം നടന്ന കാലഘട്ടത്തിന് മുംബൈ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കർശന നടപടിയിലൂടെ പൊലീസ് ആ സാഹചര്യം നിയന്ത്രണത്തിലാക്കി. ആ കാലഘട്ടം തിരികെ കൊണ്ടുവരാനോ നഗരത്തിന്റെ സമാധാനം തകർക്കാനോ ഞങ്ങൾ ആരെയും അനുവദിക്കില്ല," അദ്ദേഹം പറഞ്ഞു.

ടൈഗറിനോടും അദ്ദേഹത്തിന്റെ പിതാവും മുതിർന്ന നടനുമായ ജാക്കി ഷ്റോഫിനോടും സംസാരിച്ചതായും, സർക്കാരും മുംബൈ പൊലീസും കുടുംബത്തിനൊപ്പം ഉണ്ടെന്നും അവരുടെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുമെന്നും ഷിൻഡെ ഉറപ്പ് നൽകി. അക്രമികൾ അഞ്ചുതവണ വെടിയുതിർത്തതായും ഡ്രൈവർക്ക് പരിക്കേറ്റതായും നടൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമാണെന്നതരത്തിലുള്ള റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഏത് സംഘമാണ് ഇതിന് പിന്നിൽ എന്നത് വിഷയമല്ലെന്നും, ആളുകളെ ഭയപ്പെടുത്താനോ ഉള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും ഷിൻഡെ വ്യക്തമാക്കി. ഭീഷണി മുഴക്കിക്കൊണ്ടുള്ള കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ സെലിബ്രിറ്റികളും മറ്റുള്ളവരും ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

"സെലിബ്രിറ്റിയായാലും വ്യവസായിയായാലും സാധാരണ പൗരനായാലും എല്ലാവരുടെയും സുരക്ഷ പ്രധാനപ്പെട്ടതാണ്. മുംബൈയിൽ യാതൊരുവിധ ഭയവുമില്ലാതെ പ്രവർത്തിക്കാൻ ഒരു ഗുണ്ടാസംഘത്തെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കാൻ ആരെയും സർക്കാർ അനുവദിക്കില്ല," ഷിൻഡെ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ ജുഹുവിലെ പുഷ്പ നർസി പാർക്കിന് സമീപമാണ് വെടിവെപ്പ് നടന്നത്. ടൈഗർ ഷ്റോഫ് എല്ലാ ഞായറാഴ്ചയും ഇവിടെ ഫുട്ബോൾ കളിക്കാനെത്താറുണ്ടെന്നാണ് വിവരം. അക്രമികൾ സ്ഥലത്ത് നിരീക്ഷണം നടത്തിയിരുന്നതായും അദ്ദേഹത്തിന്റെ ദിനചര്യകളെക്കുറിച്ച് മനസിലാക്കിയിരുന്നുവെന്നും പോലീസ് സംശയിക്കുന്നു. പ്രതികൾ നടനെ പിന്തുടരുകയും അദ്ദേഹം എത്തുന്നതുവരെ പാർക്ക് ഗേറ്റിന് പുറത്ത് കാത്തുനിൽക്കുകയും ചെയ്തിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അഞ്ച് തവണ വെടിയുതിർത്തതായി പോലീസ് പറഞ്ഞു. താരത്തിന്റെ ഡ്രൈവർ ഫിർദോഷിന്റെ ഇടത് കൈയ്ക്ക് വെടിയേറ്റു. നടന്റെ കാറിന് സമീപം നിന്നിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ മോട്ടോർ സൈക്കിളിൽ എസ്.വി. റോഡിലേക്ക് രക്ഷപ്പെടുകയും, തുടർന്ന് അന്ധേരി (വെസ്റ്റ്) റെയിൽവേ സ്റ്റേഷന് പുറത്ത് ബൈക്ക് ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനായി പതിനഞ്ച് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്, ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത.