വെറും രണ്ട് വർഷം...കൃത്യമായി പറഞ്ഞാൽ ഒന്നേമുക്കാൽ വർഷം കൊണ്ടാണ് റോക്കറ്റ് കുതിക്കും പോലെ സ്വർണവില ഡബിളായത്.

To advertise here,

തിങ്കളാഴ്ച 99,840 രൂപയായിരുന്ന പവൻവില ചൊവ്വാഴ്ച ആയപ്പോഴേക്കും ലക്ഷം കടന്നു. 2025 ൽ മാത്രം കൂടിയത് ഏതാണ്ട് 43000 രൂപ.

സ്വർണത്തെ ഇത്രവേഗം ഈ ഉന്നതിയിലേക്ക് നയിച്ചത് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേയുള്ളൂ.. അമേരിക്കൻ പ്രസിഡന്റ് ഡൊണൽഡ് ട്രംപ്. കഴിഞ്ഞ ജനുവരിയിൽ ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോൾ 58720 രൂപയായിരുന്നു സ്വർണവില.

2024 ൽ ജനുവരിയിൽ വില 50200. ആ ഒരു കൊല്ലം കൊണ്ട് കൂടിയത് ഏതാണ്ട് 8500 രൂപ മാത്രം. ആ സ്ഥാനത്താണ് ഒറ്റ വർഷം കൊണ്ട് 44000 ഓളം രൂപ വർദ്ധിച്ചത്. ട്രംപ് വന്നതുമുതൽ ലോക രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും ഇടപെട്ടതിന്റെ ബാക്കിപത്രമാണ് ഈ സ്വർണവിലക്കയറ്റമെന്നാണ് സാമ്പത്തിക രംഗത്തെ വിലയിരുത്തൽ. 

കറൻസിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയതോടെ സുരക്ഷിത നിക്ഷേപമായി വ്യക്തികൾ മുതൽ സർക്കാരുകൾ വരെ സ്വർണത്തെ കണ്ടു തുടങ്ങി. അങ്ങനെ ഈ മഞ്ഞ ലോഹത്തിന് ഡിമാൻഡ് കൂടി. അങ്ങനെ സ്വർണത്തിന് പൊന്നും വിലയായി.

ഇരുപത്തിയഞ്ച് കൊല്ലം മുമ്പ്, 2000 പിറക്കുമ്പോൾ വില പവന് 3212 രൂപയായിരുന്നു. അവിടെ നിന്നും ഒരു ലക്ഷത്തിലെത്താൻ വെറും 25 വർഷം മാത്രം. 2022 ൽ 38200 രൂപ. 2024 ൽ 50200 പിന്നെ 58ായിരം ഒരു ലക്ഷം..

ഒരു നൂറ്റാണ്ടു കാലത്തെ സ്വർണവില ഏതാണ്ട് ഇങ്ങനെയാണ്.

സ്വർണം നമ്മളെ മൊത്തത്തിൽ കൺഫ്യൂഷനാക്കിയ ഒരു വർഷമാണ് കടന്നു പോകുന്നത്. ഒരിടയ്ക്ക് ചെറിയൊരു കുറവ് കണ്ടെങ്കിലും അതേപടി തിരികെക്കയറി. ആഗോളവിപണിയിൽ അത്ഭുതങ്ങൾ സംഭവിച്ചില്ല എന്നുണ്ടെങ്കിൽ ഈ വിലയിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ല എന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. അതായത് മുകളിലേക്കല്ലാതെ എഴുപതിനായിരത്തിലേക്കോ എൺപതിനായിരത്തിലേക്കോ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് സാരം.

വിലകൂടിയെന്ന് കരുതി സ്വർണം പാടേ ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാവില്ല. അതുകൊണ്ടാണല്ലോ അഞ്ച് രാജ്യങ്ങളുടെ മൊത്തം കരുതൽ ശേഖരത്തേക്കാൾ കൂടുതൽ സ്വർണം ഇന്ത്യയിലെ സ്ത്രീകളുടെ കയ്യിലുണ്ടാവുന്നത്.

സ്വർണത്തിലെ പരിശുദ്ധിയുടെ അളവ് സൂചിപ്പിക്കുന്നതാണ് 916. അതായത് 100 ഗ്രാം എന്നുപറയുന്ന സ്വർണത്തിലെ യഥാർഥ സ്വർണത്തിന്റെ അളവ് 91.6 ശതമാനം ആണെന്ന് അർഥം. ഇത് 22 കാരറ്റ് ആണ്. ഇത്തരത്തിൽ 18 കാരറ്റ് സ്വർണത്തിലെ സ്വർണ പരിശുദ്ധി 75 ശതമാനവും 14 കാരറ്റ് സ്വർണത്തിൽ ഇത് 58 ശതമാനവുമാണ്. ബാക്കി മറ്റ് ലോഹങ്ങളായിരിക്കും.

സ്വർണവില കുതിപ്പ് തുടർന്നതോടെയാണ് 18 കാരറ്റ് സ്വർണത്തിന് മാർക്കറ്റേറിയത്. എന്നാൽ ഇവിടെയും വിലക്കയറ്റം ബാധിച്ചതോടെ 14, 9 കാരറ്റ് സ്വർണാഭരണങ്ങൾക്ക് വൻ സ്വീകാര്യതയാണിപ്പോൾ. ആഭരണമായി അണിയാനോ ഗിഫ്റ്റ് കൊടുക്കാനോ ഒക്കെ ഇത് ബെസ്റ്റാണ്. പക്ഷേ 18,22 കാരറ്റ് സ്വർണത്തെ അപേക്ഷിച്ച് സ്വർണത്തിന്റെ സ്വർണത്തിന്റെ അളവ് കുറവായിരിക്കുമെന്നതിനാൽ പണയം വെയ്ക്കുന്നതിനും വിൽക്കുന്നതിനുമൊക്കെ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ എത്ര വില കൂടിയാലും നമ്മളൊന്നും സ്വർണം ഉപേക്ഷിക്കാൻ പോകുന്നില്ല, അതിന്റെ പരിശുദ്ധിയിൽ കോംപർമൈസ് ചെയ്യാൻ തയ്യാറാവും എന്നല്ലാതെ.