കേട്ടാല്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസപ്പെടും. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമി വെള്ളപ്പൊക്കമെന്ന അത്യപൂര്‍വ പ്രതിഭാസത്തിന് സാക്ഷിയായിരിക്കുകയാണ്. തെക്കുകിഴക്കന്‍ മൊറോക്കോയില്‍ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയാണ് സഹാറയെ മുക്കിയത്. അര നൂറ്റാണ്ടിലേറെയായി വറ്റി വരണ്ടുകിടന്നിരുന്ന ഈ പ്രദേശത്തെ ഇറിക്വി തടാകം കനത്ത മഴയില്‍ നിറഞ്ഞുകവിഞ്ഞു.

To advertise here,

സഹാറ മേഖലയില്‍ പ്രതിവര്‍ഷ ശരാശരിയെക്കാള്‍ ഉയര്‍ന്ന മഴ ലഭിച്ചതാണ് ഈ അപൂര്‍വ പ്രതിഭാസത്തിന് കാരണമായത്. മൊറോക്കോ തലസ്ഥാനമായ റബാറ്റില്‍ നിന്ന് 450 കിലോമീറ്റര്‍ മാറിയുള്ള ടാഗൗണൈറ്റ് എന്ന പ്രദേശത്ത് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് 100 മില്ലീ മീറ്ററിലധികം മഴയാണ്.

എക്‌സ്ട്രാ ട്രോപ്പിക്കല്‍ സ്റ്റോം എന്നാണ് മരുഭൂമിയിലുണ്ടായ ഈ പ്രതിഭാസത്തെ വിദഗ്ധര്‍ വിശേഷിപ്പിച്ചത്. ഇത് ഈ പ്രദേശത്തെ കാലാവസ്ഥയെ ഭാവിയില്‍ തകിടം മറിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വരും വര്‍ഷങ്ങളിലും മരുഭൂമിയില്‍ ഈ പ്രതിഭാസം മഴ പെയ്യിക്കാന്‍ സാധ്യതയുണ്ട്.

ഒമ്പത് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നതാണ് സഹാറ മരുഭൂമി. ആഗോളതാപനത്തിന്റെ ഫലമായി വലിയ കാലാവസ്ഥ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല.