അപ്രതീക്ഷിതമായി വാഹനം കേടായി ദുബായിലെ മരുഭൂമിയില്‍പ്പെട്ടുപോയ യുവതി ഊബര്‍ ആപ്പ് വഴി ഒട്ടകസവാരി ബുക്ക് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിനോദസഞ്ചാരത്തിനെത്തിയ യുവതിയും സുഹൃത്തും യാത്രയ്ക്കിടെ വാഹനം കേടായി ദുബായിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുകയും വാഹനങ്ങള്‍ ഒന്നും ലഭിക്കാതെ ബുദ്ധിമുട്ടിലാണെന്ന് പറയുന്നതുമാണ് വീഡിയോ. 

To advertise here,

തുടര്‍ന്ന് ഇവര്‍ ഊബര്‍ ആപ്പ് ഓപ്പണ്‍ ചെയ്ത് വാഹനങ്ങള്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുമ്പോഴാണ് ഊബര്‍ ആപ്പില്‍ ഒട്ടകസവാരിയുടെ ഓപ്ഷന്‍ കാണുന്നത്. ഒട്ടകസവാരിക്ക് 1,163 രൂപ (50.61 ദിര്‍ഹം) ആയിരുന്നു ചാര്‍ജ്. യുവതി ഇത് ബുക്ക് ചെയ്യുകയും അധികം വൈകാതെ ഒരാള്‍ ഒട്ടകവുമായി എത്തുന്നതുമാണ് വീഡിയോയിലുള്ളത്. 

ജെറ്റ്സെറ്റ് ദുബായ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രചരിച്ച ഈ വീഡിയോ വൈറലായതോടെ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തുകയും ചെയ്തു. ഊബര്‍ വഴിയുള്ള ഒട്ടകസവാരി എന്ന കൗതുകം നിരവധി പേരെ ഈ വീഡിയോയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.

ഊബര്‍ ആപ്പിന്റെ ഇന്റര്‍ഫേസില്‍ കൃത്യമായി ഒട്ടകസവാരി മാര്‍ക്ക് ചെയ്തിരിക്കുന്നതും യുവതി വീഡിയോയില്‍ കാണിക്കുന്നുണ്ട്. ദുബായ്-ഹത്ത റോഡിലെ അല്‍ ബദായറില്‍ വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ വൈറലായതോടെ ഇവരെ അഭിനന്ദിച്ചും വീഡിയോ വ്യാജമാണെന്ന് പറഞ്ഞും നിരവധി കമന്റുകളാണ് വരുന്നത്.