പുല്പള്ളി: വയനാട് ചേകാടി ഗവ. എല്‍പി സ്‌കൂളിലെത്തിയ കാട്ടാനക്കുട്ടി കൗതുകവും ഒപ്പം ആശങ്കയും വിതച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ആനക്കുട്ടി സ്‌കൂളിലെത്തിയത്. അപ്രതീക്ഷിതമായി ഓടിക്കയറിവന്ന അതിഥിയെകണ്ട് അധ്യാപകരും വിദ്യാര്‍ഥികളും ആദ്യമൊന്ന് അമ്പരന്നു. ആനക്കുട്ടിയെ കണ്ട് കുട്ടികള്‍ ആര്‍ത്തുവിളിക്കുമ്പോള്‍, കുഞ്ഞിനെ തേടി പിന്നാലെ കാട്ടാനക്കൂട്ടം വരുമോയെന്ന ആശങ്കയിലായിരുന്നു അധ്യാപകരും നാട്ടുകാരും. 

To advertise here,

ആനക്കുട്ടി വരുന്ന വിവരം സമീപത്തെ ഉന്നതിനിവാസികള്‍ അറിയിച്ചതിനാല്‍ അധ്യാപകര്‍ ചേര്‍ന്ന് കുട്ടികളെ നേരത്തെ ക്ലാസ് മുറികളില്‍കയറ്റി സുരക്ഷിതരാക്കിയിരുന്നു. ആരെയും കൂസാതെ സ്‌കൂള്‍ വരാന്തയിലൂടെ ഓടിനടക്കുന്ന കാട്ടാനക്കുട്ടിയുടെ വീഡിയോയും പുറത്തുവന്നു. നേരത്തെ വെളുകൊല്ലിയിലെ കിടങ്ങില്‍ വീണ ആനക്കുട്ടിയെ വനം വകുപ്പ് കാട്ടിലേക്ക് അയച്ചിരുന്നു. ഉച്ചയോടെ കാടിറങ്ങിയ ആനക്കുട്ടി സ്‌കൂളിലെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ ചേര്‍ന്ന് ആനക്കുട്ടിയെ പിടികൂടി ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി.