2013-ൽ 19 വയസിൽ താഴെ മാത്രം പ്രായമുള്ളപ്പോഴാണ് സഞ്ജു ഐപിഎല്ലിൽ രാഹുൽ ദ്രാവിഡിന് കീഴിൽ അരങ്ങേറുന്നത്. അന്ന് തൊട്ട് ഇന്ന് വരെ ഓരോ ഇന്നിങ്സുകൾ കഴിയുമ്പോഴും സഞ്ജു വാർത്തകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും ആരാധകർ ടീം സെലക്ഷനെ വിമർശിച്ചത് സഞ്ജുവിനെ ടീമിലെടുക്കാത്തതിന്റെ പേരിലായിരുന്നു.

To advertise here,

ഐപിഎല്ലിൽ അരങ്ങേറി ഈ ഒമ്പത് വർഷത്തിനിടെ സഞ്ജുവിലെ ബാറ്റർ ഉണ്ടാക്കിയെടുത്ത ഇംപാക്റ്റ് അത്തരത്തിലുള്ളതായിരുന്നു. കരിയറിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യൻ ടീമിൽ സഞ്ജു നേരിടുന്ന അവഗണനകളുടെ പട്ടികയിൽ ചേർത്തുനിർത്താൻ മറ്റൊന്നു കൂടിയാണിത്. 2013-ലെ ഐപിഎല്ലിലെ അരങ്ങേറ്റ സീസണിൽ തന്നെ 11 കളികളിൽ നിന്ന് ഒരു അർധ സെഞ്ചുറിയടക്കം 206 റൺസെടുത്ത സഞ്ജു, 'ഈ പയ്യൻ അടിപൊളിയാണല്ലോ' എന്ന് ആരാധകരെ കൊണ്ട് പറയിച്ചു.