2010 ജൂലൈ 11, ജോഹന്നാസ്ബർഗിലെ സോക്കർ സിറ്റി സ്റ്റേഡിയം. അന്ന് ആന്ദ്രേസ് ഇനിയേസ്റ്റയുടെ ആ ഒരൊറ്റ ഗോൾ സ്പെയിനിന് ഒരു ലോകകപ്പ് നേടിക്കൊടുക്കുക മാത്രമല്ല ചെയ്തത്, ഫുട്ബോളിന്റെ ഗതിയെ തന്നെ അത് മാറ്റിമറിക്കുകയായിരുന്നു. അവിടെ സ്പാനിഷ് ഫുട്ബോൾ പൂർണ്ണതയുടെ പര്യായമായി മാറി. എതിരാളികളെ അവരുടെ പിന്നാലെ ഓടാതെ തന്നെ ശ്വാസംമുട്ടിക്കാൻ കഴിയുന്ന ഒരു തന്ത്രത്തിന്റെ പിറവിയായിരുന്നു അത്. സാവി, ഇനിയെസ്റ്റ, ബുസ്‌ക്വെറ്റ്സ് എന്നിവരടങ്ങിയ സ്പാനിഷ് മധ്യനിര ഫുട്ബോൾ മൈതാനത്തെ സമയം തന്നെ നിയന്ത്രിക്കുന്നവരായി മാറി. അവരുടെ ഓരോ പാസുകളും മൈതാനത്ത് കവിത പോലെ ഒഴുകി. ആ ശൈലി പകർത്താൻ പിന്നീട് പലരും ശ്രമിച്ചു, ആർക്കും പക്ഷേ അതിന് സാധിച്ചില്ല.
വർഷങ്ങൾ കടന്നുപോയി. കാലം പഴയ വീരന്മാരെ കാത്തിരിക്കാറില്ല. സ്പെയിനിന്റെ ആ സുവർണ സാമ്രാജ്യം പതിയെ തകർച്ചയിലേക്ക് പോയിത്തുടങ്ങി. 2014 ബ്രസീൽ ലോകകപ്പ്. നെതർലൻഡ്സിനോടും ചിലിയോടും തോറ്റ് സ്പാനിഷ് പട ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായപ്പോൾ ഫുട്ബോൾ ലോകം അദ്ഭുതപ്പെട്ടു. പിന്നാലെ 2016 യൂറോയിൽ ഇറ്റലിയോട് പ്രീക്വാർട്ടറിൽ തോറ്റു. 2018 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ആതിഥേയരായ റഷ്യയ്ക്കു മുന്നിൽ ഷൂട്ടൗട്ടിൽ വീണു. 2022 ഖത്തർ, കൂടുതൽ പന്തടക്കം, കൂടുതൽ പാസുകൾ, പക്ഷേ ലക്ഷ്യമില്ലാത്ത ഫുട്ബോൾ. അവിടെയും നിരാശ. ഒരിക്കൽ ലോകത്തെ ഭയപ്പെടുത്തിയിരുന്ന സ്പെയിൻ വളരെ വേഗം ആർക്കും പ്രവചിക്കാൻ സാധിക്കുന്ന ടീമായി മാറി. സുന്ദരമായ, എന്നാൽ ഒട്ടും അപകടകരമല്ലാത്ത ശൈലി. 'ടിക്കി-ടാക്ക' മരിച്ചോ എന്ന ചോദ്യം ഫുട്ബോൾ ലോകം ചോദിക്കാൻ തുടങ്ങി. സ്പെയിൻ അവരുടെ തന്നെ ഫുട്ബോൾ ഫിലോസഫിയുടെ തടവിലായിപ്പോയി. ആ സ്പെയിൻ പിൽക്കാലത്ത് ആരും ഭയക്കാത്ത ടീമായി മാറി. സ്പെയിനിനെ ഫുട്ബോൾ ലോകം ബഹുമാനിച്ചു, പക്ഷേ ഭയന്നില്ല. ഇപ്പോഴിതാ ഒന്നര പതിറ്റാണ്ടിന് ശേഷം ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വീണ്ടും സ്പാനിഷ് വസന്തം വിരിഞ്ഞിരിക്കുന്നു. ശക്തരായ അർജന്റീനയെ മറികടന്ന് രണ്ടാം ലോകകിരീടം സ്വന്തമാക്കിയിരിക്കുകയാണ് സ്പാനിഷ് പട.
Content Highlights: world cup final spain champions
Published: 20 Jul 2026, 04:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented