തന്റെ 10 വയസ്സുള്ള മകൻ വൈഭവിന്റെ ക്രിക്കറ്റ് അഭിലാഷങ്ങൾക്കായി സഞ്ജീവ് സൂര്യവംശി തന്റെ കൃഷിഭൂമി വിറ്റപ്പോൾ, മൂന്ന് വർഷത്തിനുള്ളിൽ ആ കുട്ടി ചരിത്രം രചിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ മെഗാലേലത്തിന്റെ രണ്ടാംദിനത്തിലെ ശ്രദ്ധേയൻ ഈ 13-കാരൻ പയ്യനായിരുന്നു. 

To advertise here,

30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ബിഹാറുകാരൻ വൈഭവിനെ, ഡൽഹിയുമായുള്ള ലേല യുദ്ധത്തിനൊടുവിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് ഒരു കോടി പത്ത് ലക്ഷം രൂപയ്ക്ക്. ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ വിളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ഇതോടെ വൈഭവ് മാറി.  

2011-ൽ ബിഹാറിലെ താജ്പുർ ഗ്രാമത്തിൽ ജനിച്ച വൈഭവ് തനിക്ക് നാലു വയസ്സുള്ളപ്പോൾ തന്നെ ക്രിക്കറ്റ് കഴിവുകൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു. ഒമ്പത് വയസ്സ് തികഞ്ഞപ്പോൾ അവനെ അടുത്തുള്ള പട്ടണമായ സമസ്തിപൂരിലെ ഒരു ക്രിക്കറ്റ് അക്കാദമിയിൽ ചേർത്തു. മകന്റെ സ്വപ്നങ്ങൾ വിരിയിക്കാനായി ഇതിനിടെ അദ്ദേഹം മോതിപുറിലുള്ള തന്റെ കൃഷി സ്ഥലം വിറ്റു.

രണ്ടര വർഷം ക്രിക്കറ്റ് അക്കാദമിയിൽ പരിശീലിച്ച ശേഷം വിജയ് മർച്ചന്റ് ട്രോഫി അണ്ടർ 16 ട്രയൽസിലെത്തി വൈഭവ്. എന്നാൽ പ്രായം കാരണം അന്ന് കളിക്കാൻ അവസരം ലഭിച്ചില്ല. പിന്നീട് മുൻ രഞ്ജി താരമായിരുന്ന മനീഷ് ഓജയുടെ കീഴിൽ ഞാൻ പരിശീലനം ആരംഭിച്ചു. ഇന്ന് താൻ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ മനീഷ് ഓജയാണെന്നും വൈഭവ് പറയുന്നു. 

12 വയസ്സുള്ള വൈഭവ്, ബിഹാറിനുവേണ്ടി വിനു മങ്കാദ് ട്രോഫിയിൽ കളിച്ചു, വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് അന്ന് 400 റൺസ് നേടി വൈഭവ് ദേശീയ ശ്രദ്ധയാകർഷിച്ചു.

2023-ൽ നടന്ന അണ്ടർ-19  പരമ്പരയ്ക്കുള്ള ഇന്ത്യ ബി അണ്ടർ-19 ടീമിലേക്ക് വൈഭവ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ എ സ്‌ക്വാഡും ബംഗ്ലാദേശ്, ഇംഗ്ലണ്ട് അണ്ടർ 19 ടീമുകളും ഉൾപ്പെടുന്ന ഈ ടൂർണമെന്റ് 2024 ലെ ഐസിസി അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു പരീക്ഷണമായിരുന്നു. 

എന്നാൽ അന്ന് കാര്യമായ പ്രകടനം കാഴ്ചവെയ്ക്കാൻ അവനായില്ല. എന്നാൽ വൈഭവ് ഉടൻ തന്നെ തിരിച്ചുവരവ് നടത്തി. അണ്ടർ 23 സെലക്ഷൻ ക്യാമ്പിൽ ശ്രദ്ധേയ പ്രകടനത്തോടെ ബിഹാർ രഞ്ജി ട്രോഫി ടീമിൽ ഇടം നേടി. 

ഈ വർഷം ജനുവരിയിൽ മുംബൈയ്ക്കെതിരെ വൈഭവ് തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. അന്ന് 12 വയസ്സും 284 ദിവസവുമായിരുന്നു അവന്റെ പ്രായം. 1986ന് ശേഷം ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി മാറി ഇതോടെ വൈഭവ്. 

സെപ്റ്റംബറിൽ, ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ യൂത്ത് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ അണ്ടർ-19 അരങ്ങേറ്റം കുറിച്ചപ്പോൾ വൈഭവ് ചരിത്രത്തിന്റെ മറ്റൊരു സ്‌ക്രിപ്റ്റ് കൂടി എഴുതി. 58 പന്തിൽ സെഞ്ചുറി തികച്ചു. യൂത്ത് ടെസ്റ്റിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും ആഗോളതലത്തിൽ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമായി ഇത് മാറി. 62 പന്തിൽ 104 റൺസെടുത്ത ഈ ബിഹാർ യുവതാരം മത്സരത്തിൽ റണ്ണൗട്ടാകുകയായിരുന്നു.

യുഎഇയിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും വൈഭവ് സ്ഥാനംപിടിച്ചു. വിൻഡീസ് താരം ബ്രയാൻ ലാറയാണ് വൈഭവിന്റെ ഇഷ്ടതാരം. ഇതിനിടെ വൈഭവിന്റെ പ്രായം സംബന്ധിച്ച് ചില വിവാദങ്ങൾ ഉയർന്നു. എന്നാൽ മകന് എട്ടര വയസ്സുള്ളപ്പോൾ ബിസിസിഐയുടെ അസ്ഥി പരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്നും വീണ്ടും പ്രായപരിശോധനയ്ക്ക് വിധേയനാകാൻ തയ്യാറാണെന്നുമാണ് പിതാവ് സഞ്ജീവിന്റെ പ്രതികരണം.

വൈഭവിനെ പ്രായം നോക്കി മാത്രം വിളിച്ചെടുത്തതല്ല രാജസ്ഥാൻ. വാസ്തവത്തിൽ, ഐപിഎൽ ലേലത്തിന് മുമ്പ്, രാജസ്ഥാൻ റോയൽസ് വൈഭവിനെ നാഗ്പൂരിൽ ട്രയൽസിന് വിളിച്ചിരുന്നു, അവിടെ അവൻ മികവ് പുലർത്തുകയും ചെയ്തിരുന്നു. അടുത്ത വർഷത്തെ തന്റെ കന്നി ഐപിഎല്ലിൽ സഞ്ജു സാംസണിന് കീഴിൽ വൈഭവ് അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.

13-ാം വയസ്സിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? വൈഭവ് സൂര്യവംശി എന്ന 13-കാരൻ പയ്യനെ സ്വന്തമാക്കിയ ശേഷം രാജസ്ഥാൻ റോയൽസിന്റെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതാണ് ഈ ചോദ്യം.

 Inshort | Vaibhav Suryavanshi, a 13-year-old cricket prodigy from Bihar, made headlines at the IPL Mega Auction in Jeddah, becoming the youngest player ever to be selected. Rajasthan Royals secured him for ₹1.1 crore after intense bidding. Born in 2011 in Bihar’s Tajpur village, Vaibhav displayed cricketing talent from the age of four. His father, Sanjeev, sold farmland to support his son’s dreams, enrolling him in a cricket academy at nine. Vaibhav’s rapid rise included national attention during the Vinoo Mankad Trophy and a record-breaking debut in youth Test cricket.